മഹാരാജാസ് കോളജില്‍ ഇസ്ലാമിക മതമൗലികവാദ സംഘത്തിന്റെ ആക്രമണത്തില്‍ അഭിമന്യു കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം. കൊവിഡ് കാലത്ത് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ മുഖ്യപ്രതി സഹലിനെ പൊലീസ് പിടികൂടിയിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ നിറയെ അഭിമന്യു അനുസ്മരങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. മഹാരാജാസിന്റെ മതിലില്‍ അഭിമന്യു എഴുതിയ 'വര്‍ഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സഹപാഠികള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥി നേതാവിനെ ഓര്‍ത്തെടുക്കുന്നത്.
ഇസ്ലാമിക തീവ്രവാദികള്‍ ഇല്ലാതാക്കിയ നന്മ നിറഞ്ഞ ഈ ചിരി ഒരിക്കലും മായില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എഴുതി.
അഭിമന്യു ... ഇസ്ലാമിക തീവ്രവാദികള്‍ ഇല്ലാതാക്കിയതാണ്... നന്മ നിറഞ്ഞ ഈ ചിരി പക്ഷേ, ഒരിക്കലും മായില്ല... അഭിമന്യു കോറിയിട്ട മുദ്രാവാക്യവും... ' വര്‍ഗീയത തുലയട്ടെ
കടകംപള്ളി 'സുരേന്ദ്രന്‍
നാടിൻ്റെ ഓർമകളിൽ അഭിമന്യു. തീക്ഷണവും സ്നേഹാർദ്രവും ത്യാഗ നിർഭരവുമായ ജീവിതത്തെ മത തീവ്രവാദികൾ ഇല്ലാതാക്കിയിട്ട് രണ്ടു വർഷം... വർഗീയത തുലയട്ടെ എന്ന അഭിമന്യുവിൻ്റെ അവസാന മുദ്രാവാക്യം ഏറ്റെടുക്കുകയാണ് ഇന്നിൻ്റെ അനുസ്മരണ ഉത്തരവാദിത്തം
പി രാജീവ്
ഇ പി ജയരാജന്‍ എഴുതിയത്
സഹജീവി സ്നേഹത്തിന്റെ പ്രതീകമായ അഭിമന്യുവിന്റെ രക്തസാക്ഷിത്വം കേരള സമൂഹത്തെ ആകെ വേദനയിലാഴ്ത്തിയ സംഭവമാണ്. മൂന്നാറിലെ വട്ടവടയില്‍ നിന്ന് എറണാകുളം മഹാരാജാസില്‍ പഠിക്കാനായി എത്തി ക്യാമ്പസിലാകെ നിറഞ്ഞുനിന്ന അഭിമന്യു ഏവരുടെയും സ്‌നേഹപാത്രമായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായിരുന്ന സഖാവിനെ വര്‍ഗീയതയുടെ കറുത്ത ശക്തികള്‍ ഇരുളിന്റെ മറവില്‍ ഇല്ലാതാക്കിയിട്ട് നാളെ രണ്ടുവര്‍ഷം തികയുകയാണ്. സഖാവ് ചുമരിലെഴുതിയ 'വര്‍ഗീയത തുലയട്ടെ' എന്ന മദ്രാവാക്യം ഏവരും ഹൃദയത്തിലെഴുതി. പേരിനൊപ്പം മഹാരാജാസ് എന്ന പട്ടം നല്‍കി കേരളം ആ പോരാളിയെ നെഞ്ചിലേറ്റി. അഭിമന്യുവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാനും കുടുംബത്തെ സംരക്ഷിക്കാനും ഏവരും കൈ കോര്‍ത്തു. മതഭീകരതക്കെതിരെയും വര്‍ഗീയതക്കെതിരെയുമുള്ള പോരാട്ടത്തില്‍ കേരളം ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചു. അഭിമന്യുവിന്റെ മുദ്രാവാക്യം കുറെ കൂടി ശക്തമായി ഏറ്റെടുക്കേണ്ട കാലമാണിത്. വര്‍ഗീയതക്കെതിരെയുമുള്ള പോരാട്ടത്തിന് അഭിമന്യുവിന്റെ ഓര്‍മ്മകള്‍ കരുത്ത് പകരും. സഖാവിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളജ് ക്യാമ്പസില്‍ വച്ച് അഭിമന്യു കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും പുറത്ത് നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലനം നേടിയ കൊലയാളികളുമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസ് നിഗമനം. സഹല്‍ ഹംസ, മുഹമ്മദ് ഷഹീം എന്നീ പ്രതികളെ രണ്ട് വര്‍ഷമായിട്ടും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. 2020 ജൂണ്‍ 18നനാണ് സഹല്‍ ഹംസ കീഴടങ്ങിയത്. പ്രതി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടകയില്‍ കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് കേരളത്തിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.