പാവം ജോര്‍ജിന് പ്രായം വളരെ കൂടുതലാണ് പോലും; പി.സി. ജോര്‍ജിന്റെ ജാമ്യത്തില്‍ അബ്ദുള്‍ നാസര്‍ മഅ്ദനി

പാവം ജോര്‍ജിന് പ്രായം വളരെ കൂടുതലാണ് പോലും; പി.സി. ജോര്‍ജിന്റെ ജാമ്യത്തില്‍ അബ്ദുള്‍ നാസര്‍ മഅ്ദനി
Published on

വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച പി.സി. ജോര്‍ജിനെ പരിഹസിച്ച് ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനി. പാവം ജോര്‍ജിന് പ്രായം വളരെ കൂടുതലും ആരോഗ്യം വളരെ കുറവുമാണ് പോലും എന്നാണ് അബ്ദുള്‍ നാസര്‍ മഅ്ദനി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പി.സി. ജോര്‍ജിന്റെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത് കൊണ്ടാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഅ്ദനിയുടെ പ്രതികരണം.

തിരുവനന്തപുരത്ത് നടത്തിയ പ്രസംഗ കേസിലാണ് ജാമ്യം ലഭിച്ചത്. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യവും ലഭിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുത്, അങ്ങനെ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി പി.സി. ജോര്‍ജിനോട് പറഞ്ഞു.

നിലവില്‍ 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായി ജാമ്യത്തില്‍ ബെംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. മഅ്ദനിയുടെ കേസിന്റെ വിചാരണ നടപടികള്‍ അകാരണമായി നീട്ടിക്കൊണ്ട് പോവുകയാണെന്ന ആക്ഷേപം നിലവിലുണ്ട്.

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒമ്പത് വര്‍ഷത്തിലേറെ മഅ്ദനി ജയിലില്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയത്.

2007 ആഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ മഅ്ദനി മോചിതനാകുന്നത്. എന്നാല്‍ 2008ല്‍ ബംഗളൂരു നഗരത്തില്‍ ഒമ്പതിടങ്ങളില്‍ നടന്ന സ്‌ഫോടന കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ആഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍ നിന്ന് കര്‍ണാടക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം മഅ്ദനിയെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in