സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനും പുതിയ അപേക്ഷകള്‍ക്കും ആധാര്‍ പരിശോധന നിര്‍ബ്ബന്ധമാക്കിയ ഉത്തരവ് പിന്‍വലിയ്ക്കാനാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ലീഗല്‍ നോട്ടീസ്. സിറ്റിസണ്‍ ആക്ടിവിസ്റ്റും കെ. എസ് പുട്ടസാമി vs യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചവരിലൊരാളുമായ കല്യാണി മേനോന്‍ സെന്‍ ആണ് കേരള സര്‍ക്കാരിന് നോട്ടീസ് അയച്ചത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
റീ-തിങ്ക് ആധാര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ , ആര്‍ട്ടിക്കിള്‍ 21 എന്നീ സംഘടനകളുടെ പിന്തുണയോടെയായിരുന്നു ലീഗല്‍ നോട്ടീസ് തയ്യാറാക്കിയത്. കേരളസര്‍ക്കാരിന്റെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിന്റെ 11/06/2020 ലെ ഉത്തരവ് പ്രകാരം കേരളാ പി. എസ്. സി വഴിയുള്ള അപേക്ഷകളും നിയമനങ്ങള്‍ക്കും ഒറ്റത്തവണ ആധാര്‍ അധിഷ്ഠിത വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഈ ഉദ്യോഗാര്‍ത്ഥികളുടെയും നിയമനശുപാര്‍ശ ലഭിച്ചവരുടേയും നിര്‍ബന്ധിത ആധാര്‍ വെരിഫിക്കേഷന്‍ സുപ്രീം കോടതി കെ. എസ് പുട്ടസാമി vs യൂണിയന്‍ ഓഫ് ഇന്ത്യ (2019 10 SCC 1) കേസിലെ വിധിയ്ക്കു വിരുദ്ധമാണെന്ന് ലീഗല്‍നോട്ടീസ് ചൂണ്ടിക്കാണിക്കുന്നു.
കേസിലെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവുപ്രകാരം ഇന്ത്യാ ഗവണ്‍മെന്റിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നുള്ള സബ്സിഡി ആനുകൂല്യങ്ങളുടെ വിതരണം, പാന്‍കാര്‍ഡുമായി ബന്ധിപ്പിയ്ക്കല്‍ എന്നീ ആവശ്യങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ് വെട്ടിച്ചുരുക്കുകയും സംസ്ഥാനങ്ങളുടെ ആധാര്‍ ഉപയോഗങ്ങള്‍ക്ക് രണ്ട് നിബന്ധനകള്‍ പാലിക്കണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആധാര്‍ സ്വമനസാലെ നല്‍കുന്നതായിരിക്കണം, അതിന്റെ ഉപയോഗം നിയമപിന്തുണയുള്ള ആവശ്യത്തിനു പുറത്തായിരിക്കണം എന്നിവയാണ് ഈ നിബന്ധനകള്‍.
സര്‍ക്കാരിന്റെ നടപടി കോടതിയുത്തരവിന്റെ ലംഘനമാണെന്ന് കല്യാണി മേനോന്‍ സെന്‍ നോട്ടീസിലൂടെ ചൂണ്ടിക്കാണിക്കുന്നു. 2017 ലെ കേരള സര്‍ക്കാരിന്റെ ഐടി പോളിസി നല്‍കുന്ന ഉറപ്പിനുകൂടി വിരുദ്ധമാണ് സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കാനുള്ള നീക്കം. കൃത്രിമം തടയുന്നത് വ്യക്തിത്വവും സ്വകാര്യതയും അന്തസ്സും ഹനിച്ചുകൊണ്ടാവരുതെന്നും, വിഷയത്തില്‍ വ്യക്തത വരുത്തണമെന്നും ലീഗല്‍ നോട്ടീസ് ആവശ്യപ്പെടുന്നുണ്ട്.