വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ പിന്തുണച്ച കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ എഎ റഹീം എംപി. പിസി ജോര്‍ജ്ജിനെ പിന്തുണക്കുക വഴി കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും റഹീം പറഞ്ഞു.
മതമൈത്രി തകര്‍ക്കാനും വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനും നടത്തുന്ന ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ക്ക് കേന്ദ്രമന്ത്രി പിന്തുണയുമായെത്തുന്നത് അപലപനീയമാണെന്നും സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നുവെന്നും കുറിപ്പില്‍ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
എഎ റഹീം എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ കേരളാ പോലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് നേരിട്ടെത്തി പിന്തുണ നല്‍കുകയും, കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ച് നിയമാനുസൃതം പ്രവര്‍ത്തിച്ച പൊലീസിനു മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്ത ശ്രീ വി മുരളീധരന്റെ നടപടി അധികാര ദുര്‍വിനിയോഗമാണ്.
രാജ്യത്തിന്റെ മത സഹിഷ്ണുത തകര്‍ക്കാന്‍ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിയ്ക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി, കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കും.
മതമൈത്രി തകര്‍ക്കാനും വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി, സംഘപരിവാര്‍ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍.
അതിന് കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്. മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നു.അദ്ദേഹം വര്‍ഗീയതയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി മാറിയിരിക്കുന്നു. വി മുരളീധരന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജ് മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്ലീം ഹോട്ടലുകളില്‍ ചായയില്‍ ഫില്ലര്‍ ഉപയോഗിച്ച് മിശ്രിതം ചേര്‍ത്ത് ഹിന്ദുക്കളെ വന്ധ്യംകരിക്കുന്നുണ്ടെന്നും മുസ്ലീങ്ങള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് കേരളത്തെ മുസ്ലീംരാഷ്ട്രമാക്കാനാണ് നോക്കുന്നതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ലവ് ജിഹാദ് വഴി ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ തട്ടിയെടുത്ത് ഭീകരവാദികള്‍ക്ക് ബലാല്‍സംഗം ചെയ്യാന്‍ നല്‍കുന്നുണ്ടെന്നും ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പണം നല്‍കിയാല്‍ അത് സര്‍ക്കാര്‍ മറ്റ് കാര്യങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന വ്യാജവാദവും പി.സി ജോര്‍ജ്ജ് ആവര്‍ത്തിച്ചിരുന്നു. ക്ഷേത്രങ്ങളുടെ നിയന്ത്രണം ലഭിക്കാന്‍ ഹിന്ദുസംഘടനകള്‍ യുദ്ധത്തിനൊരുങ്ങണമെന്നും പി.സി.ജോര്‍ജ്ജ് വേദിയില്‍ പ്രസംഗിച്ചിരുന്നു.