ട്രാന്‍സ്മാന്‍ ആദം ഹാരിയ്ക്ക് സ്റ്റുഡന്റ് ലൈസന്‍സ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ച് എം.പി എ.എ റഹീം.
പ്രസ്തുത വിഷയത്തില്‍ വ്യോമയാന മന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും ആദം ഹാരിക്ക് ഉടന്‍ തന്നെ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നല്‍കണം എന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇത്തരം അവകാശ നിഷേധങ്ങള്‍ നടക്കാതിരിക്കാന്‍ കാലോചിതമായ നയമാറ്റങ്ങള്‍ വ്യോമയാന മന്ത്രാലയവും ഡയറക്റ്ററേറ്റും വരുത്തണമെന്നും റഹീം ആവശ്യപ്പെട്ടു.
ട്രാന്‍സ് സമൂഹത്തിനാകെ എതിരായ വാദങ്ങള്‍ ഉന്നയിച്ച് കൊണ്ട് വ്യോമയാന ഡയറക്റ്ററേറ്റ് ആദം ഹാരിക്കു സ്റ്റുഡന്റ് പൈലറ്റ് ആവാനുള്ള ലൈസന്‍സ് നിഷേധിച്ചിരിക്കുകയണ്. ഇത് സുപ്രീം കോടതി ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് അനുകൂലമായി പ്രസ്താവിച്ചിട്ടുള്ള വിധികകള്‍ക്കും, ഭരണഘടന ഉറപ്പ് തരുന്ന അവകാശങ്ങള്‍ക്കും വിരുദ്ധമാണ് എന്നത് ശ്രദ്ധിക്കണം. മെഡിക്കല്‍ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആദമിന് ലൈസന്‍സ് നിഷേധിച്ചിരിക്കുന്നത്. എന്നാല്‍ തീര്‍ത്തും അശാസ്ത്രീയവും മറ്റു രാജ്യങ്ങളില്‍ ഒന്നും നിലവില്‍ ഇല്ലാത്തതുമായ കാരണങ്ങള്‍ ആണ് ഇവ. ഇത് ഒരു വ്യക്തിക്ക് നേരെ മാത്രമുള്ള ആക്രമണമല്ല, മറിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് നേരെ മുഴുവനായി ഉള്ള ഒന്നാണെന്നും എ.എ. റഹീം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ട്രാന്‍സ്മാനായ ആദമിന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പ്രൈവറ്റ് ലൈസന്‍സ് ലഭിച്ചിരുന്നു. കൊമേഴ്ഷ്യല്‍ പൈലറ്റാകാനുള്ള പരിശീലനത്തിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ ചേരാന്‍ കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വ്യോമയാന മന്ത്രാലയത്തിന്റെ നടപടി ട്രാന്‍സ്‌ഫോബിക്കാണെന്ന് എം.പി പറഞ്ഞു.
ഹോര്‍മോണ്‍ തെറാപ്പി തുടരുന്നതിനാല്‍ ഹാരി പറക്കാന്‍ യോഗ്യനല്ലെന്നായിരുന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിലപാട്. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബര്‍ഗില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സുള്ള രാജ്യത്തെ ആദ്യ ട്രാന്‍സ്മാനാണ് ഹാരി.