മുസ്ലിം ലീഗിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ കേരള പൊതു സമൂഹത്തിനിടയില്‍ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.
പെണ്ണ് പറയാറായോ എന്ന നിലപാടാണ് ലീഗിനുള്ളത്. സ്ത്രീ വിരുദ്ധതയുടെ അംബാസിഡര്‍മാരായി ലീഗ് നേതൃത്വം മാറിയെന്നും എ.എ റഹീം പറഞ്ഞു.
''സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നവരാണ് ലീഗിലുള്ളത്. ലീഗ് പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായിട്ടാണ്. സ്ത്രീപുരുഷ സമത്വം ഭരണഘടന ഉറപ്പുനല്‍കുന്നതാണെങ്കിലും ലീഗിന് ബാധകമല്ല. യൂത്ത് ലീഗില്‍ എന്തുകൊണ്ടാണ് വനിതകളില്ലാത്തത്. ഈ സമീപനം താലിബാനെ അനുകരിക്കുന്നതിന് തുല്യമാണ്.
ലീഗ് നേതൃത്വം സ്ത്രീ ശബ്ദത്തെ ചിറകെട്ടി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇപ്പോള്‍ ആ ചിറപൊട്ടി പുറത്തു വന്നിരിക്കുകയാണ്. ഇതിനെ തടഞ്ഞു നിര്‍ത്താന്‍ മുസ്ലിം ലീഗിന് കഴിയില്ല,'' യൂത്ത് കോണ്‍ഗ്രസ് വിഷയത്തില്‍ ഇടപെടാത്തതിനെയും റഹീം വിമര്‍ശിച്ചു.
ആണ്‍ അധികാരത്തെ ചോദ്യം ചെയ്യാനുള്ള മുന്‍ ഹരിതാ നേതാക്കളുടെ മുന്നേറ്റത്തെ ഡി.വൈ.എഫ്.ഐ അഭിന്ദിക്കുന്നുവെന്നും റഹീം കൂട്ടിച്ചേര്‍ത്തു. ഹരിത നേതാക്കള്‍ ലീഗില്‍ തന്നെ തുടരുകയാണെന്നും ഈ അവസരത്തില്‍ അവരെ സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.