തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് വിജയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.വി തോമസിനെ അധിക്ഷേപിച്ചു കൊണ്ട് നടത്തിയ പ്രകടനങ്ങള്‍ക്കെതിരെ എ.എ റഹീം എംപി. തെരഞ്ഞെടുപ്പ് ജയം കോണ്‍ഗ്രസിനെ അഹങ്കാരികളാക്കി മാറ്റിയെന്നും ഇത് കെ,വി തോമസിനെ വംശീയാധിക്ഷേപം നടത്താനുള്ള ലൈസന്‍സാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് എ.എ റഹീം പറഞ്ഞു.
കെ.വി. തോമസിനെ നിങ്ങള്‍ക്ക് രാഷ്ട്രീയമായി നേരിടാം. പക്ഷേ എറണാകുളം പട്ടണത്തിലൂടെ അദ്ദേഹത്തിനെ വംശീയാധിക്ഷേപം നടത്തുന്ന രീതിയില്‍ തിരുത മീനുമായി പ്രകടനം നടത്തുകയാണ്. ഇത് തെറ്റാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും തയാറായില്ലെന്നും റഹീം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഉമ തോമസ് വിജയമുറപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും കെ.വി തോമസിനെതിരെ പ്രകടനം നടത്തിയിരുന്നു. കെ.വി തോമസിന്റെ വീടിന് മുന്നിലേക്ക് തിരുത മീനുമായെത്തായിരുന്നു പ്രകടനം. പലയിടങ്ങളിലും കെ.വി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ചു.
തനിക്കെതിരെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അധിക്ഷേപ മുദ്രാവാക്യങ്ങളില്‍ കെ.വി തോമസ് പ്രതികരിച്ചിരുന്നു. സ്വാഭാവികമായിട്ടും അത് ഇപ്പോള്‍ തുടങ്ങിയതല്ലല്ലൊ. ഞാന്‍ കണ്ണൂര്‍ പോയ അന്ന് മുതല്‍ വിമര്‍ശനങ്ങള്‍ വരുന്നുണ്ട് ചിലപ്പോള്‍ സഭ്യമായ ഭാഷയിലും ചിലപ്പോള്‍ അസഭ്യമായ ഭാഷയിലും പറയുന്നുണ്ട് അത് അവരുടെ കാഴ്ചപ്പാടുകളാണെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.