അനിശ്ചിതത്വങ്ങളുടെ ആനന്ദം പകർന്ന ലോകകപ്പ്; ഫുട്ബോളിലെ പൂർണത കണ്ട് മെസി

അനിശ്ചിതത്വങ്ങളുടെ ആനന്ദം പകർന്ന ലോകകപ്പ്; ഫുട്ബോളിലെ പൂർണത കണ്ട് മെസി
Published on

ലുസൈൽ സ്റ്റേഡിയത്തിന്റെ പുൽമൈതാനിയിലേക്കു ലോകകപ്പ് ഫൈനൽ മത്സരത്തിനായി ടീമിനൊപ്പം ഇറങ്ങുമ്പോൾ അർജൻറീന നായകൻ ലയണൽ മെസിയുടെ മുഖത്ത് നിറഞ്ഞു നിന്നത് പരിഭ്രമല്ല, തെളിഞ്ഞ ചിരിയായിരുന്നു. കഴിഞ്ഞ ലോകകപ്പ് നേടിയ, ഈ ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ സംഘമായ, എല്ലാ പൊസിഷനിലും ഒന്നിനൊന്നു മികച്ച താരങ്ങൾ നിറഞ്ഞ ഫ്രഞ്ച് പടയെ കീഴടക്കി തന്റെ എക്കാലത്തെയും വലിയ സ്വപ്നം സാക്ഷാത്കരിക്കുക ദുഷ്കരമാണെന്ന് അറിയാമെങ്കിലും, എതിരാളികളെ ഇഴകീറി പഠിച്ച് തന്ത്രങ്ങൾ മെനഞ്ഞ് അർജന്റീനയെ ഫൈനൽ വരെയെത്തിച്ച പരിശീലകൻ ലയണൽ സ്കലോണി വരഞ്ഞിട്ട പദ്ധതികൾ മനസിലുണ്ടായിരുന്നതാവാം ചരിത്രത്തിൽ ഏറ്റവും അജയ്യനാക്കി തന്നെ മാറ്റാൻ കഴിയുന്ന പോരാട്ടത്തിലേക്ക് അനായാസതയോടെ ഇറങ്ങാൻ മെസിക്ക് കരുത്തു നൽകിയത്.

മത്സരത്തിന് തുടക്കം കുറിച്ചുള്ള വിസിൽ മുഴങ്ങുന്നു. ഈ ലോകകപ്പിൽ ഇറങ്ങിയ എല്ലാ മത്സരങ്ങളിലും വലതു വിങ്ങിൽ കളിച്ച ഏഞ്ചൽ ഡി മരിയയെ ഇടതു വിങ്ങിലേക്കു മാറ്റി സ്ഥാപിച്ചാണ് ഫൈനലിനുള്ള തിരക്കഥ സ്കലോണി തയ്യാറാക്കിയത്. എംബാപ്പയും തിയോ ഹെർണാണ്ടസിന്റെയും മിന്നൽ നീക്കങ്ങൾ വരുമെന്നുറപ്പുള്ള വലതു വിംഗ് മോളിനയെയും റോഡ്രിഗോ ഡി പോളിനെയും വെച്ചു സീൽ ചെയ്തു പൂട്ടിയ സ്കലോണി ഡെംബലെയും കൂണ്ടെയും കളിക്കുന്ന, പ്രതിരോധത്തിൽ ദുർബലമായ മറ്റേ വിംഗിൽ ഏഞ്ചൽ ഡി മരിയയെ തുറന്നു വിടുകയും താരത്തിന് തുടർച്ചയായി പന്തെത്തിക്കുകയും ചെയ്തു. തന്നെക്കാൾ ഒരുപടി മുന്നിലാണ് സ്കലോണി ചിന്തിച്ചതെന്ന് ദെഷാംപ്സ് മനസിലാക്കിയപ്പോഴേക്കും രണ്ടു ഗോളുകൾ ഫ്രാൻസിന്റെ വലയിൽ വീണിരുന്നു.

2014 ലോകകപ്പ് ഫൈനൽ പരിക്കു കാരണം നഷ്ടമായതിന്റെ നഷ്ടബോധം പേറിയിരുന്ന, സെമി ഫൈനലിൽ ഡി മരിയ തന്റെ അവസാനത്തെ ലോകകപ്പ് മത്സരത്തിൽ നിറഞ്ഞാടുകയായിരുന്നു. ചടുലതയും ബുദ്ധികൂർമതയും നിറഞ്ഞ താരത്തിന്റെ നീക്കമാണ് അർജന്റീനയുടെ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയത്. ഇടതുവിങ്ങിൽ നിന്നും ബോക്സിലേക്ക് നടത്തിയ അപകടരമായ നീക്കം തടയാൻ നിയോഗിക്കപ്പെട്ട ഡെംബലയെ സമർത്ഥമായി കബളിപ്പിച്ചു വാങ്ങിയ ഫൗൾ റഫറിക്ക് പെനാൽറ്റി സ്പോട്ടിലേക്കു വിരൽ ചൂണ്ടാൻ ധാരാളമായിരുന്നു.

അർജന്റീനയുടെയുടെ ഫ്രാൻസിന്റെയും നായകന്മാർ പെനാൽറ്റി ബോക്സിൽ മുഖാമുഖം നിന്നു. ലോറിസിനെ എതിർദിശയിലേക്കു പായിച്ച് ലയണൽ മെസിയുടെ കാലിൽ നിന്നുമുതിർന്ന പന്ത് ഗോൾവല ചുംബിച്ചപ്പോൾ ലുസൈൽ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ഇതാ ലയണൽ മെസിയും അർജന്റീനയും ലോകകിരീടത്തിനരികിലേക്ക് ഒരു ചുവടു വെച്ചിരിക്കുന്നു.

അർജന്റീനയുടെ ഗോൾ ഫ്രാൻസിനെ ഉണർത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും മറിച്ചാണു സംഭവിച്ചത്. എംബാപ്പക്കും ജിറൂദിനും അവർക്കു പന്തുകൾ തുടർച്ചയായി എത്തിച്ചിരുന്ന ഗ്രീസ്മനും അർജൻറീന കത്രികപ്പൂട്ടിട്ടപ്പോൾ ഫ്രഞ്ച് മുന്നേറ്റങ്ങൾ ബോക്സിൽ പോലുമെത്താൻ കഴിയാതെ തളർന്നു. ഗോൾ തിരിച്ചടിക്കാൻ പ്രതിരോധം മറന്ന് ഫ്രാൻസ് ആക്രമണം നടത്തിയത് പ്രത്യാക്രമണത്തിന്റെ പൂർണത കാണിച്ചു തന്ന അർജൻറീനയുടെ രണ്ടാം ഗോളിനും വഴിയൊരുക്കി.

ലയണൽ മെസിയിലൂടെ തുടങ്ങി അൽവാരസിനു ലഭിച്ച പന്ത് മാക് അലിസ്റ്റർക്കു നൽകുമ്പോൾ ഫ്രാൻസ് പ്രതിരോധം മുഴുവൻ താരത്തിനു പിന്നിലായിരുന്നു. ബോക്സിലേക്കു കുതിച്ച അലിസ്റ്റർ ഇടതു വിങ്ങിലൂടെ ഓടിയെത്തിയ ഡി മരിയക്കു പന്തു കൈമാറി. ഫ്രാൻസിനെ വീണ്ടും ഞെട്ടിച്ച് അർജന്റീനിയൻ മാലാഖയുടെ ക്ലിനിക്കൽ ഫിനിഷിങ്ങ്‌. അർജൻറീനക്ക് വീണ്ടും ലീഡ്. ടൂർണമെൻറിലെ ഏറ്റവും മികച്ച ടീമിനെ നിഷ്പ്രഭമാക്കി മത്സരത്തിൽ അർജന്റീനിയൻ ആധിപത്യം.

സ്കലോണിയുടെ തന്ത്രങ്ങൾക്കു മറുമരുന്നു കണ്ടെത്താൻ ആദ്യ പകുതിയിൽ തന്നെ ദെഷാംപ്സ് ജിറൂദിനെയും ഡെംബലെയെയും പിൻവലിച്ച് തുറാമിനെയും കോളോ മുവാനിയെയും ഇറക്കിയെങ്കിലും അതൊന്നും ഫലം കാണാതെ വന്നതോടെ അർജൻറീന ആരാധകർ കിരീടം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. പന്തിന്മേലുള്ള ആധിപത്യം നിലനിർത്തി സമർത്ഥമായി ഫ്രാൻസിനെ അർജൻറീന പ്രതിരോധിച്ചു കൊണ്ടിരിക്കെ അറുപത്തിമൂന്നാം മിനുട്ടിൽ സ്കലോണി വലിയൊരു സാഹസത്തിനു മുതിർന്നു.

അത്രയും നേരം ഫ്രാൻസ് പ്രതിരോധത്തെ തന്റെ നൃത്തച്ചുവടുകൾ കൊണ്ടു വശം കെടുത്തി കളിച്ചു കൊണ്ടിരുന്ന ഏഞ്ചൽ ഡി മരിയക്കു പകരക്കാരനായി പ്രതിരോധ താരം മാർകോസ് അക്യൂനയെ ഇറക്കി. അർജൻറീന അത്ര നേരം ഉണ്ടാക്കിയെടുത്ത ആധിപത്യം മുഴുവൻ ആ ഒരൊറ്റ തീരുമാനത്തോടെ ഇല്ലാതാവുന്നതിനാണ് പിന്നീട് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഡി മരിയയുടെ അഭാവത്തിൽ പ്രതിരോധത്തിലേക്കു വലിഞ്ഞ അർജൻറീനക്കെതിരെ ആക്രമണം ശക്തമാക്കാൻ കോമാനെയും പ്രത്യാക്രമണങ്ങൾ തടുക്കാൻ കമവിംഗയെയും ഇറക്കിയ ദെഷാംപ്സിന്റെ തീരുമാനം ശരിയാണെന്നു ബോധ്യപ്പെടാൻ മിനുട്ടുകൾ മാത്രമാണു വേണ്ടി വന്നത്. ടൂർണമെന്റിലുടനീളം അർജൻറീന പ്രതിരോധത്തിലെ അതികായനായി നിന്ന നിക്കൊളാസ് ഒട്ടമെൻഡിയുടെ ഒരേയൊരു പിഴവ് ഫ്രാൻസിനനുകൂലമായ പെനാൽറ്റിയായി മാറി. എംബാപ്പെയെടുത്ത കിക്ക് തടുക്കാനുള്ള എമിലിയാനോയുടെ ചാട്ടം കൃത്യമായിരുന്നെങ്കിലും ഗ്ലൗവിലുരുമ്മി പന്ത് വലയിലെത്തി. മത്സരത്തിലാദ്യമായി ഫ്രാൻസിന് പ്രതീക്ഷയും അർജൻറീനക്ക് ആശങ്കയും സമ്മാനിച്ച നിമിഷം.

ആദ്യ ഗോളിന്റെ ആവേശത്തിൽ ഫ്രാൻസ് ആർത്തിരമ്പിയപ്പോൾ അർജൻറീന പതറി. 97 സെക്കൻഡ് മാത്രമാണ് അടുത്ത ഗോൾ നേടാൻ ഫ്രാൻസിന് വേണ്ടി വന്നത്. മത്സരത്തിൽ അതു വരെ നിശബ്ദനായി നിന്ന എംബാപ്പെ തന്റെ ഉഗ്രരൂപം പുറത്തെടുത്ത് തുറാമിന്റെ പാസിൽ നിന്നുമുതിർത്ത ഗ്രൗണ്ടർ എമിലിയാനോക്ക് ഒരവസരവും നൽകാതെ വലയിലേക്ക്.

കൈയ്യിലെത്തിയെന്നു കരുതിയിടത്തു നിന്നും കനകക്കിരീടം നഷ്ടപ്പെടുമെന്നും, ഒരിക്കൽക്കൂടി മെസിയുടെ കണ്ണീർ ലോകകപ്പ് ഫൈനൽ വേദിയിൽ വീഴുന്നതും ആലോചിച്ച് അർജന്റീന ആരാധകരുടെ തേങ്ങൽ ലുസൈൽ സ്റ്റേഡിയത്തിൽ ഉയർന്നു. പിന്നീട് ഫൈനൽ വിസിൽ മുഴങ്ങുന്നതു വരെ ഫ്രാൻസിന്റെ മുന്നേറ്റങ്ങളായിരുന്നു. അവസാന മിനുട്ടിൽ കോളോ മുവാനിയുടെ ക്ലോസ് റേഞ്ചിനു മുന്നിൽ മഹാമേരുവിനെ പോലെ നിന്ന എമിലിയാനോ മാർട്ടിനസിനോട് എത്ര നന്ദി പറഞ്ഞാലും അർജന്റീന ആരാധകർക്കു മതിയാവില്ല.

എക്ട്രാ ടൈമിൽ മോണ്ടിയൽ, പരഡസ്, ലൗടാരോ എന്നിവരെ അർജന്റീന കളത്തിലിറക്കിയതോടെ മത്സരം വീണ്ടും അർജൻറീനയുടെ കൈകളിലേക്കു തിരിച്ചു വരികയായിരുന്നു. ലഭിച്ച അവസരങ്ങൾ ഒന്നിനു പുറകെ ഒന്നായി ലൗടാരോ തുലച്ചെപ്പോൾ 108ആം മിനുട്ടിൽ മിശിഹാ വീണ്ടും അവതരിച്ചു. ലൗടാരോയുടെ ഷോട്ടിൽ നിന്നുമുള്ള റീബൗണ്ടിൽ മെസി നേടിയ ഗോൾ അർജന്റീന ആരാധകരുടെ മുഖത്തെ ചിരി തിരിച്ചു കൊണ്ടുവന്നു. എന്നാൽ മത്സരം അവിടെ തീർന്നുവെന്നു കരുതാൻ അപ്പോഴും അവർക്കാവില്ലായിരുന്നു.

ഭയപ്പെട്ടതു തന്നെയാണു സംഭവിച്ചത്. മത്സരം തീരാൻ മൂന്നു മിനുട്ട് മാത്രം ശേഷിക്കെ ബോക്സിനു പുറത്തു നിന്നും എംബാപ്പെയുതിർത്ത ഷോട്ട് പരഡെസിന്റെ കയ്യിൽ തട്ടിയതിന് റഫറി സ്പോട്ടിലേക്കു വിരൽ ചൂണ്ടി. മത്സരത്തിലെ മൂന്നാമത്തെ പെനാൽറ്റി. അർജൻറീനയുടെ കാവൽക്കാരൻ എമിലിയാനോക്കു മുന്നിൽ ആരാധകർ കൈ കൂപ്പിയ നിമിഷം. എന്നാൽ പ്രാർത്ഥനകൾ വിഫലമായി. എമിലിയാനോക്ക് യാതൊരു അവസരവും നൽകാതെ എംബാപ്പെയെന്ന ഇരുപത്തിമൂന്നുകാരൻ ലോകകപ്പ് ഫൈനലിലെ ഹാട്രിക്ക് തികച്ചു. മിനുട്ടുകൾക്ക് ശേഷം മത്സരം ഷൂട്ടൗട്ടിലേക്ക്.

അനിശ്ചിതത്വങ്ങളുടെ ആനന്ദമാണ് ഫുട്ബോൾ നൽകുന്ന ലഹരിയെന്ന് അക്ഷരാർത്ഥത്തിൽ തെളിയിച്ച ലോകകപ്പ് ഫൈനൽ ഷൂട്ടൗട്ടിലേക്കു വഴി മാറിയപ്പോൾ 2021ൽ മാത്രം ദേശീയ ടീമിനായി ആദ്യത്തെ മത്സരം കളിച്ച് പിന്നീട് നിർണായക ഘട്ടങ്ങളിലെല്ലാം ടീമിന്റെ രക്ഷകനായെത്തിയ എമിലിയാനോ മാർട്ടിനസിലായിരുന്നു അർജൻറീനയുടെ മുഴുവൻ പ്രതീക്ഷയും. മിശിഹായുടെ പ്രിയപ്പെട്ടവനായ എമിലിയാനോക്ക് തന്നിൽ ഉറച്ചു വിശ്വസിക്കുന്നവരെ കൈവിടാനും കഴിയുമായിരുന്നില്ല.

ഗോൾകീപ്പറുടെ കയ്യിലുരുമ്മി വലയിലേക്ക് കയറിയ എംബാപ്പെയുടെ ആദ്യ കിക്കിനും ലോറിസിനെ കബളിപ്പിച്ചു കീഴടക്കിയ മെസിയുടെ പെനാൽറ്റിക്കും ശേഷമാണ് എമിലിയാനോ അർജന്റീനയുടെ രക്ഷകനാവുന്നത്. കോമാനെടുത്ത കിക്ക് താരം തടഞ്ഞിട്ടു. പിന്നാലെ അർജൻറീനക്കായി ഡിബാലയെടുത്ത കിക്ക് വലയിൽ. അടുത്ത കിക്കെടുക്കാനെത്തിയ യുവതാരം ഷുവാമെനിക്ക് കഴിഞ്ഞ കിക്ക് നഷ്ടമായതിന്റെ സമ്മർദ്ദം താങ്ങാൻ കഴിയുന്നതിനുമപ്പുറമായിരുന്നു. പോസ്റ്റിനരികിലൂടെ ഷോട്ട് വലയിലെത്തിക്കാൻ ലക്ഷ്യം വച്ച താരത്തിനു പിഴച്ചു. പന്ത് പുറത്തേക്ക്. അർജൻറീന ആരാധകരുടെ ശ്വാസം തിരിച്ചെത്തിയ നിമിഷങ്ങൾ. അർജൻറീനക്കും കിരീടത്തിനുമിടയിൽ ഇനി രണ്ടു കിക്കുകളുടെ ദൂരം മാത്രം.

പരഡെസിന്റെ അടുത്ത കിക്കും ലക്ഷ്യം കണ്ടതോടെ അടുത്ത ഷോട്ട് എമിലിയാനോ തടഞ്ഞിട്ടാൽ അർജന്റീനക്ക് വിജയം സ്വന്തമെന്ന അവസ്ഥയായി. എന്നാൽ കോളോ മുവാനിയുടെ കിക്ക് വലയിലെത്തി. ഇതോടെ അർജൻറീനയുടെ വിജയത്തിന്റെ മുഴുവൻ ഭാരവും നാലാമത്തെ പെനാൽറ്റിയെടുക്കാനെത്തിയ പകരക്കാരനായ താരം മോണ്ടിയലിന്റെ ചുമലിൽ. ഹ്യൂഗോ ലോറിസിനെ പൂർണമായും തെറ്റിദ്ധരിപ്പിച്ച് ഒരു പെർഫെക്റ്റ് പെനാൽറ്റിയിലൂടെ താരം വല കുലുക്കിയപ്പോൾ അൻപതിനായിരത്തോളം വരുന്ന അർജൻറീന ആരാധകർ അത്ര നേരം മുഴുവൻ അടക്കിപ്പിടിച്ച സമ്മർദ്ദം ലുസൈൽ സ്റ്റേഡിയത്തിൽ ആഹ്ലാദാരവങ്ങളായി പൊട്ടിത്തെറിച്ചു.

നിങ്ങളൊന്നിനെ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ലോകം മുഴുവൻ കൂടെ നിൽക്കുമെന്ന കാൽപ്പനികവചനം കടമെടുത്താൽ ലയണൽ മെസിക്കൊപ്പം തന്നെയായിരുന്നു ലോകം മുഴുവൻ. ദേശീയ ടീമിനൊപ്പം കിരീടം നേടണമെന്ന ആഗ്രഹത്തിനു തൊട്ടരികിൽ പല തവണ വീണ്, ക്രൂരമായ വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരം ഒടുവിൽ തന്റെ കരിയറിനു പൂർണത കൈവരിച്ചിരിക്കുന്നു. അർജന്റീനയുടെയും മെസിയുടെയും സ്വപ്നത്തിലേക്ക് പദ്ധതികളൊരുക്കിയ സ്കലോണിയും അദ്ദേഹം വരച്ചിട്ട വഴികൾ കളിക്കളത്തിൽ കടുകിട തെറ്റാതെ നടപ്പിലാക്കിയ ഡി മരിയയും ഡി പോളും റൊമേരോയും എൻസോയും അൽവാരസും ഗോൾവലക്കു കീഴിലെ അതികായൻ എമിലിയാനോയും മറ്റെല്ലാ താരങ്ങളും അതിനു വേണ്ടി തങ്ങളുടെ സർവ്വവും നൽകി.

ലുസൈൽ സ്റ്റേഡിയത്തിൽ 2022 ലോകകപ്പ് ലോഗോയുടെ ആകൃതിയിൽ പണി തീർത്ത പോഡിയത്തിൽ യുദ്ധം ജയിച്ച ടീമിന്റെ നായകനോടുള്ള ആദരവിന്റെയും ബഹുമാനത്തിന്റെയും സൂചകമായി ഖത്തർ അമീർ ധരിപ്പിച്ച കറുത്ത മേൽക്കുപ്പായവും അണിഞ്ഞു മെസി ലോകകപ്പുയർത്തുമ്പോൾ അദ്ദേഹത്തിനൊപ്പം സന്തോഷത്തിന്റെ ആഴങ്ങളിൽ നീന്തിത്തുടിക്കുകയായിരുന്നു ഫുട്ബോളിനെ സ്നേഹിക്കുന്ന ഓരോ ആരാധകനും. കരിയറിന്റെ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന സമയത്തും, ഇതിനേക്കാൾ മികച്ച ടീമിനെ ഒപ്പം ലഭിച്ച സമയത്തും കഴിയാതിരുന്ന കിരീടം തന്റെ അവസാനത്തെ ലോകകപ്പ് ടൂർണമെൻറിൽ തന്നെ മെസിക്കുയർത്താൻ കഴിഞ്ഞെങ്കിൽ അതു ഫുട്ബോളിലെ കാവ്യനീതിയല്ലാതെ മറ്റെന്താണ്.

Related Stories

No stories found.
logo
The Cue
www.thecue.in