‘സമരക്കാര്‍ മീന്‍ കച്ചവടക്കാരും വക്കീലന്‍മാരും’; യൂണിവേഴ്‌സിറ്റി കോളേജിലേത് വെറും അടിപിടിയെന്ന് എ വിജയരാഘവന്‍
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തെ 'വെറും അടിപിടി'യെന്ന് വിശേഷിപ്പിച്ച് സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം എ വിജയരാഘവന്‍. കെഎസ്‌യുവിന്റെ സമരപരിപാടികളില്‍ പങ്കെടുക്കുന്നത് കുറച്ച് മീന്‍ കച്ചവടക്കാരും വക്കീലന്‍മാരും ആണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ഇടത് അനുകൂല വിദ്യാഭ്യാസ സംഘടനയായ കെഎസ്ടിഎയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എ വിജയരാഘവന്റെ പ്രതികരണം.
അടിപിടി ഉണ്ടാക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നെ എന്തിനാണ് സമരം? സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന് പ്രതിഷേധിച്ചത് ഒരു വക്കീലാണ്. അവര്‍ എങ്ങനെ കെഎസ്‌യുവിന്റെ സമരത്തിനെത്തി? 30 വയസും 600 മാസവും പ്രായമുള്ള ഉമ്മന്‍ ചാണ്ടിയാണ് കെഎസ്‌യു സമരം നയിക്കുന്നത്.
എ വിജയരാഘവന്‍
ഇടതുപ്രസ്ഥാനങ്ങള്‍ക്കെതിരെ നുണപ്രചരിക്കുന്നവരെ പരസ്യവിചാരണ ചെയ്ത് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസംഗിച്ചു. ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് വിജയരാഘവന്‍ നടത്തിയ ലൈഗികാധിക്ഷേപ പരാമര്‍ശം വിവാദമായിരുന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരായി എല്‍ഡിഎഫ് കണ്‍വീനര്‍ പലപ്പോഴായി നടത്തിയ വാക്പ്രയോഗങ്ങളും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.