‘സ്വയംഭരണാധികാരം’, അര്‍ത്ഥം പറഞ്ഞ് ഹിന്ദി വിവാദത്തില്‍ എആര്‍ റഹ്മാന്‍, ട്രെന്‍ഡിങായി ഓട്ടോണമസ് തമിഴ്‌നാട്

‘സ്വയംഭരണാധികാരം’, അര്‍ത്ഥം പറഞ്ഞ് ഹിന്ദി വിവാദത്തില്‍ എആര്‍ റഹ്മാന്‍, ട്രെന്‍ഡിങായി ഓട്ടോണമസ് തമിഴ്‌നാട്

Published on

മോദി സര്‍ക്കാരിന്റെ കരട് വിദ്യാഭ്യാസ നയത്തില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കാനുള്ള ശ്രമം തമിഴ്‌നാട്ടിലെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയിരുന്നു. എന്നിരുന്നാലും ഭാഷ സംബന്ധിച്ചും സ്വയംഭരണാധികാരത്തിനുള്ള സാധ്യത സംബന്ധിച്ചും വിഷയം ഉയര്‍ത്തിയ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. തമിഴ് ഭാഷ സംസാരിക്കുന്നുവര്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് തന്റെ ട്വീറ്റിലെ ഒറ്റ വാക്ക് കൊണ്ട് പറയാന്‍ ശ്രമിക്കുകയാണ് സംഗീതജ്ഞനായ എആര്‍ റഹ്മാന്‍. 'ഓട്ടോണമസ്' എന്ന വാക്ക് പറഞ്ഞ് അതിന്റെ കേംബ്രിഡ്ജ് ഡിക്ഷണറി അര്‍ത്ഥമാണ് താന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയാണ് എഏര്‍ റഹ്മാന്‍ ചെയ്തത്.

ട്വീറ്റ് വന്നതോടെ ഓട്ടോണമസ് തമിഴ്‌നാട് ട്രെന്‍ഡിങ് ആവുകയാണ്. തമിഴ്‌നാടിന്റെ സ്വയംഭരണാവകാശമായാണ് ട്വിറ്ററിലെ വ്യാഖ്യാനം. ഞങ്ങള്‍ക്ക് സ്വയം ഭരണമുള്ള തമിഴ്‌നാട് വേണമെന്നും ഹാഷ്ടാഗ് ആവശ്യം ഉയരുന്നു. ന്യായീകരിച്ചു ട്വീറ്റുകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ വിമര്‍ശനവും ഉയരുകയാണ്. പ്രാദേശികവാദമാണ് ചിലര്‍ ചോദ്യം ചെയ്യുന്നത്.

ഏത് ഭാഷ പഠിക്കണമെന്ന് ഒരാള്‍ സ്വയം ചിന്തിച്ച് തീരുമാനിക്കേണ്ടതാണെന്നും അത് അടിച്ചേല്‍പ്പിക്കേണ്ടത് അല്ലെന്നുമാണ് റഹ്മാന്റെ പക്ഷം. ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കണമെന്ന കരട് നയ ശുപാര്‍ശ സംബന്ധിച്ച് തന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു തമിഴനായ എആര്‍ റഹ്മാന്‍. ഹിന്ദി നിര്‍ബന്ധിതമാക്കുന്ന മോദി സര്‍ക്കാര്‍ നയത്തില്‍ ആഗോള ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷും പിന്നെ ഹിന്ദിയും മൂന്ന് ഭാഷകളില്‍ രണ്ടെണ്ണമായി കുട്ടികള്‍ പഠിക്കണമെന്നായിരുന്നു നിര്‍ദേശം.

‘സ്വയംഭരണാധികാരം’, അര്‍ത്ഥം പറഞ്ഞ് ഹിന്ദി വിവാദത്തില്‍ എആര്‍ റഹ്മാന്‍, ട്രെന്‍ഡിങായി ഓട്ടോണമസ് തമിഴ്‌നാട്
ദക്ഷിണേന്ത്യന്‍ പ്രതിഷേധത്തില്‍ കുലുങ്ങി മോദി സര്‍ക്കാര്‍, കരട് വിദ്യാഭ്യാസ നയത്തിലെ ‘ഹിന്ദി’യില്‍ തീരുമാനം മാറ്റി

തമിഴ്നാട്ടിലടക്കം നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് കരട് നയത്തില്‍ മാറ്റം കൊണ്ടുവന്നു, ഹിന്ദി ഭാഷ സംബന്ധിച്ച് വിവാദമായ ആ നിബന്ധന കരട് നയത്തില്‍ നിന്ന് നീക്കി. ആറ്, ഏഴ് ഗ്രേഡുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവര്‍ പഠിക്കുന്ന ഒന്നോ രണ്ടോ ഭാഷ മാറ്റിയെടുക്കാമെന്നാണ് മാറ്റിയ പുതിയ ശുപാര്‍ശ. പാഠ്യപദ്ധതിയിലുള്ള മൂന്ന് ഭാഷകളില്‍ കുട്ടികള്‍ പ്രാവീണ്യം നേടിയിരിക്കണമെന്നേ ഉള്ളുവെന്നും കരട് നയം തിരുത്തല്‍ വരുത്തി.

ഇതിനെ തമിഴില്‍ ട്വീറ്റിട്ടാണ് റഹ്മാന്‍ സ്വീകരിച്ചത്. മികച്ച തീരുമാനം, ഹിന്ദി തമിഴ്‌നാട്ടില്‍ നിര്‍ബന്ധിതമല്ലെന്നും കരട് നയം പുനപരിശോധിച്ചെന്നും റഹ്മാന്‍ പ്രതികരിച്ചു.

ഉടന്‍ തന്നെ തമിഴ് പഞ്ചാബിലും വ്യാപിക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത് ഒരു വീഡിയോയും റഹ്മാന്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനും ഒടുവിലാണ് ഓട്ടോണമസ് ട്വീറ്റ്.

തമിഴിനോടുള്ള റഹ്മാന്റെ സ്‌നേഹവും തമിഴനെന്ന അസ്ഥിത്വവും ആരാധകര്‍ ചേര്‍ത്തുപിടിക്കുകയാണ്. ഓട്ടോണമസ് തമിഴ്‌നാട് ട്രെന്‍ഡിങ് ആകുമ്പോഴാണ് മറ്റ് സംസ്ഥാനങ്ങളില്‍ തമിഴ് ഐച്ഛിക വിഷയമാക്കണമെന്ന് മോദിയോട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ആവശ്യപ്പെട്ടത്. തമിഴ് പഠന വിഷയമാക്കുന്നത് ഭാഷയോട് ചെയ്യുന്ന വലിയ സേവനമാകുമെന്നാണ് പ്രധാനമന്ത്രിയോട് പളനിസാമി പറയുന്നത്. ഇത്തരത്തില്‍ ദേശീയതലത്തില്‍ തന്നെ തമിഴിന് വേണ്ടിയുള്ള ശബ്ദം ഉയരുകയാണ്. ഹിന്ദി നിര്‍ബന്ധിതമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ദ്രാവിഡ ഭാഷയായ തമിഴിനെ ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രതിരോധിക്കുകയാണ് തമിഴര്‍.

logo
The Cue
www.thecue.in