ബോളിവുഡിലും മോഡലിംഗ് രംഗത്തും വന്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഡല്‍ഹി കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പെന്ന് പരാതി. ചണ്ഡീഗഡ് ആസ്ഥാനമായ ഐഎംജി വെഞ്ച്വര്‍ എന്ന കമ്പനിക്കും ഉടമ സണ്ണി വര്‍മയ്ക്കുമെതിരെയാണ് കാസ്റ്റിംഗ് കൗച്ച് പരാതിയുമായി ഒരു സംഘം പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് എഗെയ്ന്‍സ്റ്റ് റേപ്പ് എന്ന എന്‍ജിഒ മുഖേന ഇവര്‍ നല്‍കിയ പരാതിയില്‍ ദേശീയ വനിതാകമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. സണ്ണി വര്‍മയ്‌ക്കെതിരെയും ഐഎംജി വെഞ്ച്വറിനെതിരെയും സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് അദ്ധ്യക്ഷ രേഖാ ശര്‍മ ട്വീറ്റിലൂടെ വ്യക്തമാക്കി. അഞ്ചുവര്‍ഷം മുന്‍പാണ് ഐഎംജി പ്രവര്‍ത്തനമാരംഭിച്ചത്. ബോളിവുഡിലെ പ്രമുഖരെ അണിനിരത്തി നിരവധി ഷോകള്‍ കമ്പനി ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.
ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെട്ട മലയാളി മോഡല്‍ ദ ക്യുവിനോട് വെളിപ്പെടുത്തുന്നു
മോഡലിംഗ് ഏജന്‍സിയെന്നാണ് ഐഎംജി വെഞ്ച്വര്‍ പരിചയപ്പെടുത്തുന്നത്. എന്നാല്‍ ഒരു സെക്‌സ് റാക്കറ്റിനെപ്പോലെയാണ് പ്രവര്‍ത്തനം. 'നിയന്ത്രണങ്ങളിലാത്ത' ഫാഷന്‍ ഷോകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സാധാരണ ഗതിയില്‍ 18 വയസ്സിന് താഴെ പ്രായമുള്ളവരെ മത്സരാര്‍ത്ഥിയാക്കാറില്ല. എന്നാല്‍ 16 വയസ്സുമുതലുള്ള പെണ്‍കുട്ടികള്‍ക്ക് അവസരമുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ ലൈംഗിക ചൂഷണം നടത്തുന്നത്. ഉയരമോ തൂക്കമോ ഒന്നും പ്രശ്‌നമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പരസ്യം. ഐഎംജിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് പരസ്യം വന്നത്. അപേക്ഷകര്‍ അവിവാഹിതരായിരിക്കണമൈന്ന് നിര്‍ദേശിക്കുന്നുണ്ട്. 2950 രൂപയായിരുന്നു രജിസ്‌ട്രേഷന്‍ ഫീസ്. അപേക്ഷകര്‍ അവരുടെ ഏറ്റവും മികച്ച 5 ഫോട്ടോകള്‍ അയയ്ക്കണം. അതുവെച്ചാണ് തെരഞ്ഞെടുപ്പ്. സിനിമയിലേക്കും മോഡലിംഗിലേക്കുമുള്ള ചുവടുവെപ്പായി കണ്ട് നിരവധി പേരാണ് ഇതിന്റെ ഭാഗമായത്. ഇതുവരെ മോഡലിംഗുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്തവരാണ് അപേക്ഷിച്ചവരില്‍ കൂടുതലും. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നുമായി എട്ടായിരത്തോളം പേരുണ്ടായിരുന്നു. ബാംഗ്ലൂര്‍, കൊല്‍ക്കത്ത, പൂനെ,ചെന്നൈ,ഡല്‍ഹി, മുംബൈ എന്നീ സ്ഥലങ്ങളിലായിരിക്കും ഷോകളുടെ വേദിയെന്നാണ് അറിയിച്ചത്. വേദി നമുക്ക് തെരഞ്ഞെടുക്കാം. ആ മെട്രോയുടെ പേരില്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് ആശയവിനിമയം. അതേസമയം മത്സരാര്‍ത്ഥികള്‍ തമ്മില്‍ സംസാരിക്കാന്‍ പാടില്ല. ഞാന്‍ ബാംഗ്ലൂര്‍ ഗ്രൂപ്പിലായിരുന്നു. അതില്‍ മാത്രം 225 പേരുണ്ട്. ബാംഗ്ലൂരിന് മാത്രം രണ്ട് ഗ്രൂപ്പുകളുണ്ട്. അതേപോലെ മറ്റ് വേദികളുടെ പേരിലും നിരവധി ഗ്രൂപ്പുകളുണ്ട്. നേരിട്ടും ഓണ്‍ലൈനിലുമായി എട്ടായിരം പേരാണ് സെമി ഫൈനലിനുണ്ടായിരുന്നത്. സെമിയില്‍ ഇത്രയും പേരുണ്ടാവുകയെന്നത് തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ്. ഓണ്‍ലൈനിനുപുറമെ നിരവധി പെണ്‍കുട്ടികള്‍ നേരിട്ടും ഇവരുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായിട്ടുണ്ട്. ബാംഗ്ലൂര്‍ ഗ്രൂപ്പില്‍ 225 പേരുണ്ടായിരുന്നതില്‍ 30 പേരെയാണ് ഫൈനലിലേക്കെന്ന് പറഞ്ഞ് തെരഞ്ഞെടുത്തത്.ഒക്ടോബര്‍ 1 നാണ് ഫൈനല്‍.
സിമ്രന്‍ എന്ന് പരിചയപ്പെടുത്തിയയാളാണ് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത്. ഇവര്‍ പുരുഷനാണോ സ്ത്രീയാണോ എന്നുപോലും അറിയില്ല. ബോള്‍ഡ് കാറ്റഗറി, വെസ്റ്റേണ്‍ കാറ്റഗറി എന്നെല്ലാം തിരിച്ച് ഫോട്ടോ അയയ്ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ ഗ്രൂപ്പില്‍ ചോദിച്ചിരുന്നു. ബിക്കിനി, സ്വിം വെയര്‍ ഒക്കെയാണോ അര്‍ത്ഥമാക്കുന്നതെന്ന് പലരും ചോദിച്ചു. എന്നാല്‍ ശരീരം കൂടുതല്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രങ്ങള്‍ അയ്‌ക്കേണ്ടതില്ലെന്നാണ് അവര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മറുപടി നല്‍കിയത്. ടീഷേര്‍ട്ട്, ഷോര്‍ട്ട്‌സ് എന്നിവ മതിയെന്നും പറഞ്ഞു. അത്തരത്തില്‍ മത്സരാര്‍ത്ഥികള്‍ ഫോട്ടോകള്‍ അയച്ചു. അതിനുശേഷം ഫലം വരേണ്ട അന്ന്, എല്ലാവര്‍ക്കും സിമ്രനില്‍ നിന്ന് സന്ദേശം വന്നു. അയച്ച ചിത്രങ്ങള്‍ ആവശ്യമായ തരത്തില്‍ ബോള്‍ഡ് അല്ലെന്നും ഇത്തരം ചിത്രങ്ങള്‍കൊണ്ട് ഫൈനലില്‍ ഇടം ലഭിക്കില്ലെന്നുമായിരുന്നു അറിയിപ്പ്. ശരീരം മുഴുവനായി വെളിപ്പെടുത്തുന്നതോ കൂടുതല്‍ വെളിപ്പെടുത്തുന്നതോ ആയ ഫോട്ടോകള്‍ അയയ്ക്കണമെന്നും നിര്‍ദേശിച്ചു. താനത് ചോദ്യം ചെയ്തപ്പോള്‍ എല്ലാവരും അത്തരത്തിലാണ് അയയ്ക്കുന്നതെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ പുറത്താകുമെന്നും പറഞ്ഞു. അങ്ങനെയെങ്കില്‍ താന്‍ സ്വമേധയാ ഷോയില്‍ നിന്ന് പുറത്തുപോകുകയാണെന്ന് അറിയിച്ചു. തുടര്‍ന്ന് ഇങ്ങനെയാണോ കമ്പനി ആവശ്യപ്പെടുന്നതെന്ന് ഉടമയായ സണ്ണി വര്‍മയോട് ചോദിക്കട്ടെയെന്നും മറുപടി നല്‍കി. എന്നാല്‍ ഉടന്‍ തന്നെ സണ്ണി വര്‍മയില്‍ നിന്ന് സന്ദേശം വന്നു. എന്താണ് പ്രശ്‌നമെന്നായിരുന്നു ചോദ്യം. സിമ്രന്‍ നഗ്നചിത്രം അയയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞപ്പോള്‍, ആ സ്‌ക്രീന്‍ ഷോട്ട് വെച്ച് സാധ്യമായതെല്ലാം ചെയ്‌തോളൂവെന്നായിരുന്നു മറുപടി. തന്റേത് വലിയ കമ്പനിയാണ്, വലിയ ഷോയാണ്, ഒരു ചുക്കും ചെയ്യാന്‍ പറ്റില്ലെന്നെല്ലാം ഭീഷണിയും മുഴക്കി.
ഇതോടെ എനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട രണ്ട് ഷോയില്‍ നിന്നും പിന്‍മാറുകയാണെന്നും പേരുവെട്ടാനും ഞാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജഡ്ജിംഗ് പാനലിലുള്ള മഹേഷ് ഭട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെല്ലാം താന്‍ ഇന്‍സ്റ്റഗ്രാം മുഖേന സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള തെളിവുകള്‍ അയച്ചു. തട്ടിപ്പും ലൈംഗിക ചൂഷണവും ചൂണ്ടിക്കാട്ടിയാണ് അവര്‍ക്കെല്ലാം സന്ദേശങ്ങളയച്ചത്. ജൂലൈ 13 ന് ഇന്‍സ്റ്റഗ്രാമിലൂടെ തെളിവുകള്‍ പുറത്തുവിടുകയും ചെയ്തു. ഇതേ അനുഭവമാണ് മറ്റുള്ളവര്‍ക്കും പറയാനുള്ളത്. 16 വയസ്സുള്ള മൈനറായ കുട്ടിയോട് വരെ നഗ്നചിത്രം അയയ്ക്കാന്‍ ആവശ്യപ്പെട്ടു. തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും ആ കുട്ടി പറഞ്ഞിട്ടും അതൊന്നും കുഴപ്പമില്ലെന്നും, വേഗം ഡ്രസ് മാറ്റി ഫോട്ടോയെടുത്ത് അപ്പോള്‍ തന്നെ അയച്ച് ഉടന്‍ ഡിലീറ്റ് ചെയ്ത് കളയൂ എന്നുമാണ് പറഞ്ഞത്. നിര്‍ബന്ധിച്ചും, വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും മറ്റുചിലരെ കൊണ്ട് നഗ്നചിത്രങ്ങള്‍ അയപ്പിച്ചിട്ടുണ്ട്. നിരവധി പേരെ സെക്‌സ് ചാറ്റിന് നിര്‍ബന്ധിച്ചിട്ടുണ്ട്. ചിലര്‍ക്ക് സണ്ണി വര്‍മ സ്വകാര്യ ഭാഗങ്ങള്‍ ഫോട്ടോയെടുത്ത് അയച്ചിട്ടുണ്ട്. മോഡലിംഗ്, സിനിമാ രംഗങ്ങളിലൊക്കെ ഇങ്ങനെയാണ് നടക്കുന്നത്. ഇത്തരത്തിലാണ് ആളുകള്‍ ഉയരങ്ങളിലെത്തുന്നത്, മധ്യവര്‍ഗ ചിന്താഗതിയുമായി നടന്നിട്ട് കാര്യമില്ല എന്നെല്ലാം പറഞ്ഞ് ബ്രെയിന്‍വാഷുമുണ്ട്. പണം നല്‍കിയാല്‍ സ്‌പെഷ്യല്‍ ഗ്രൂമിങ്, മെന്‍ഡറിംഗ് എന്നിവയ്‌ക്കൊക്കെ അവസരമുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കൂട്ടത്തിലുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ കരിയറും ജീവിതവുമെല്ലാം നശിപ്പിക്കുമെന്നും ഇന്റര്‍നെറ്റിലൂടെ വ്യക്തിഹത്യ ചെയ്യുമെന്നുമെല്ലാമാണ് ഞാനുള്‍പ്പെടെ പലര്‍ക്കും നേരിടേണ്ടി വന്ന ഭീഷണി. സണ്ണി വര്‍മയും, സിമ്രന്‍ എന്ന് പരിചയപ്പെടുത്തിയയാളും ആവശ്യപ്പെട്ട കാര്യങ്ങളുടെയെല്ലാം സ്‌ക്രീന്‍ഷോട്ട് തങ്ങളുടെ പക്കലുണ്ട്. 2009 ലും 2012 ലും സണ്ണി വര്‍മ ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശസ്തിക്കും ശ്രദ്ധകിട്ടാനുമൊക്കെയാണ് ഞങ്ങള്‍ ആരോപണമുന്നയിക്കുന്നതെന്നാണ് സണ്ണി വര്‍മയും സിമ്രനും ബാക്കിയുള്ളവരോട് പറഞ്ഞിരിക്കുന്നത്. നിരവധി പെണ്‍കുട്ടികള്‍ ഇപ്പോഴും അവരുടെ കെണിയിലാണ്. ഞങ്ങള്‍ വേറെ എജന്‍സിയില്‍ നിന്ന് വന്ന് ആ സ്ഥാപനം തകര്‍ക്കുകയാണെന്നൊക്കെയാണ് അവരെ ധരിപ്പിച്ചിരിക്കുന്നത്. നിരവധി മലയാളി പെണ്‍കുട്ടികളും തട്ടിപ്പിന് ഇരയായിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സണ്ണി വര്‍മയുടെ ഇംഗിതത്തിന് വഴങ്ങിയാല്‍ ഫെനലില്‍ പ്രവേശിക്കാമെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ തവണത്തെ വിജയി ഇത്തരത്തിലാണ് ഒന്നാമതെത്തിയതെന്നും അവര്‍ പറയുന്നു. അതിനായി ചണ്ഡീഗഡില്‍ സണ്ണി വര്‍മ ഉള്ളയിടത്ത് ചെല്ലണം. അതിനുള്ള വിമാനടിക്കറ്റ് അയാള്‍ എടുത്തുനല്‍കും. ആദ്യ 13 ല്‍ എത്തണമെങ്കില്‍ 14 തവണ ചണ്ഡീഗഡില്‍ പോയി അയാളെ കാണാനാണ് പറഞ്ഞിരിക്കുന്നത്. ലക്ഷങ്ങള്‍ കൊടുക്കാന്‍ തയ്യാറാണെങ്കിലും വിജയിപ്പിക്കും. മോഡലിംഗ് രംഗത്ത് മുന്നേറ്റവും ബോളിവുഡില്‍ അവസരവുമൊക്കെയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ അവിടെ നിന്ന് വിജയിച്ച ഒരാള്‍ പോലും ഇതുവരെ മോഡലിംഗ് രംഗത്തോ സിനിമാരംഗത്തോ സജീവമായിട്ടില്ല. പരാതി ഉയര്‍ന്നതോടെ സണ്ണി വര്‍മ രാജിവെച്ചുവെന്നാണ് അവര്‍ ഔദ്യോഗികമായി ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. എന്നാല്‍ അയാള്‍ രാജിവെച്ചിട്ടില്ല, ലീവ് എടുക്കുക മാത്രമാണ് ചെയ്തതെന്നാണ് അറിയാനായത്. പരാതിക്കാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുസമൂഹത്തെ വിഡ്ഢികളാക്കാനുമാണ് രാജി പ്രചരണമെന്നും 24 കാരി ദ ക്യുവിനോട് പറഞ്ഞു.