87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ സ്പ്രിങ്ക്‌ളര്‍ കമ്പനിക്ക് ചോര്‍ത്തിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊവിഡ് വ്യാപനത്തിന്റെ മറവിലെ അഴിമതിയാണിതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സര്‍വര്‍ വിലാസമാണ് തിരുത്തിയിരിക്കുന്നത്. എന്നാല്‍ എല്ലാ വിവരങ്ങളും പോകുന്നത് കമ്പനിയുടെ സര്‍വറിലേക്ക് തന്നെയാണ്. അമേരിക്കയില്‍ 350 കോടി രൂപയുടെ ഡാറ്റാ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട കമ്പനിയാണ് സ്പ്രിങ്ക്‌ളര്‍. രണ്ട് വര്‍ഷമായി അവര്‍ നിയമനപടി നേരിടുന്നുണ്ട്. ഈ കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കൊവിഡ് കാലത്തെ സേവനങ്ങള്‍ക്ക് ശേഷം ഫീസ് നല്‍കണമെന്ന് കരാറില്‍ പറയുന്നുണ്ട്. അതിനാല്‍ സൗജന്യ സേവനമാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കമ്പനിയുമായി ഉണ്ടാക്കിയത് തട്ടിക്കൂട്ട് കരാറാണ്. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ കമ്പനിക്ക് നല്‍കണമെന്നായിരുന്നു തദ്ദേശ വകുപ്പിന്റെ ഉത്തരവ്. പ്രസ്തുത വെബ്‌സൈറ്റിന്റെ സെര്‍വറില്‍ വിവരം ശേഖരിക്കാനും നിര്‍ദേശമുണ്ടായിരുന്നു. കമ്പനിയുടെ സബ് ഡൊമൈനില്‍ നിന്ന് സര്‍ക്കാര്‍ വിലാസത്തിലുള്ള സബ് ഡൊമൈനിലേക്ക് വിവരങ്ങള്‍ മാറ്റിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഉത്തരവ് ഇറങ്ങിയിട്ടില്ല. അങ്ങനെ സംഭവിച്ചാലും വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ കമ്പനിയുടെ സെവര്‍വറിലേക്കായിരിക്കും പോകുകയെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. വിവാദമായപ്പോള്‍ ഐടി സെക്രട്ടറിയുടെ വീഡിയോ സ്പ്രിങ്ക്‌ളറിന്റെ പരസ്യത്തില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഒന്നും മറയ്ക്കാനില്ലെങ്കില്‍ പരസ്യം നീക്കം ചെയ്തത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
കരാര്‍ സംബന്ധിച്ച ഫയല്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മറുപടി കിട്ടിയിട്ടില്ല. ഐടി വകുപ്പല്ലാതെ മറ്റാരും ഈ ഫയല്‍ കണ്ടിട്ടില്ല. ഐടി സെക്രട്ടറിയെ മാറ്റി നിര്‍ത്തി അന്വേഷണം വേണം. പ്രളയകാലത്ത് ഈ കമ്പനി പ്രവര്‍ത്തിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. റീബില്‍ഡ് കേരള മെംബറായ താന്‍ പോലും അക്കാര്യം അറിഞ്ഞിട്ടില്ല. മാര്‍ച്ച് 10 നാണ് താന്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ 11,12 തിയ്യതികളിലാണ് കമ്പനി പ്രതിനിധി ഇമെയിലിലൂടെ സുരക്ഷയെപ്പറ്റി സര്‍ക്കാരിന് ഉറപ്പ് നല്‍കുന്നത്.ഇത് നിയമപരമായ കരാറല്ലെന്ന് ഇതിലൂടെ വ്യക്തമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കരാറിന് ക്യാബിനറ്റ് അനുമതിയും കേന്ദ്രാനുമതിയും ആവശ്യമാണ്. അന്താരാഷ്ട്ര കരാര്‍ ഒപ്പിടുമ്പോള്‍ നിയമവകുപ്പ് അറിയേണ്ടതുണ്ട്. കരാറില്‍ മുഖ്യമന്ത്രിയുടെ പങ്ക് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആരുടെയും സ്വകാര്യത അപകടപ്പെടുത്തുന്നതല്ല സ്പ്രിങ്ക്‌ളറുമായുള്ള വിവര കൈമാറ്റമെന്നാണ് ഐടി സെക്രട്ടറിയുടെ വിശദീകരണം. ഒരാളുടെയും വ്യക്തിഗത വിവരങ്ങള്‍ നിയമവിരുദ്ധമായി കൈമാറപ്പെടുകയില്ല. അതിനുള്ള മുന്‍കരുതലുകളും നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിവര ശേഖരം പൂര്‍ണമായി കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തന്നെ ആയിരിക്കും. വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് രാജ്യത്തിനുള്ളിലെ സെര്‍വറുകള്‍ ഉപയോഗിക്കുമെന്നും ഡാറ്റ മറ്റൊന്നിനും ഉപയോഗിക്കപ്പെടില്ലെന്നും ഡിസ് ക്ലോഷര്‍ കരാര്‍ ചേര്‍ത്തിട്ടുണ്ട്. സബ് ഡൊമൈനിന്റെ പേര് എന്തായാലും ശേഖരിക്കപ്പെടുന്നത് മുംബൈയിലെ ആമസോണ്‍ വെബ് സര്‍വര്‍ ക്ലൗഡിലേക്കാണ്. സബ് ഡൊമൈന്‍ മാറി എന്നതിനാല്‍ സര്‍വര്‍ മാറുന്നില്ല. ആരോപണങ്ങളില്‍ പറയുന്ന വീഡിയോ ചിത്രം ആഗോള തലത്തില്‍ മികച്ച ഐടി കമ്പനികളുടെ ശ്രദ്ധയില്‍ കേരളത്തിനെ കൊണ്ടുവരുന്നതിനായുള്ള ഒരു പരിപാടിയില്‍ സംസ്ഥാന ഐടി സെക്രട്ടറി സംസാരിക്കുന്നതിന്റേത് മാത്രമാണെന്നുമാണ് വിശദീകരണം.