‘ആര്‍ത്തവപ്പേടി’യില്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ വിചിത്ര പരാതി ; 68 വിദ്യാര്‍ത്ഥികളെ അടിവസ്ത്രം മാറ്റി പരിശോധിച്ച് ക്രൂരത
ആര്‍ത്തവനാളിലുള്ളവര്‍ മറ്റുള്ള വിദ്യാര്‍ത്ഥികളോട് ഇടപഴകിയെന്നും ഹോസ്റ്റല്‍ അടുക്കളയില്‍ പ്രവേശിച്ചെന്നുമുള്ള വിചിത്ര പരാതിയില്‍ 68 വിദ്യാര്‍ത്ഥികളെ അടിവസ്ത്രം മാറ്റി പരിശോധിച്ച് ക്രൂരത. ഗുജറാത്ത് ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കഴിഞ്ഞദിവസം അപരിഷ്‌കൃത നടപടി അരങ്ങേറിയത്. ബിരുദ വിദ്യാര്‍ത്ഥികള്‍ 'ആര്‍ത്തവച്ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ അഞ്ജലിബെന്‍ പ്രിന്‍സിപ്പാള്‍ റിത റാണിങ്കയ്ക്ക് പരാതി നല്‍കുകയായിരുന്നു. മാസമുറയിലുള്ളവര്‍ അടുക്കളയില്‍ പ്രവേശിച്ചു, ക്ഷേത്ര പരിസരത്തെത്തി, മറ്റ് വിദ്യാര്‍ത്ഥികളോട് ഇടപഴകുകയും അവരെ തൊടുകയും ചെയ്തു എന്നിങ്ങനെയുള്ള ആരോപണങ്ങളായിരുന്നു പരാതിയില്‍. ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ അന്തേവാസികളായ വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് കോളജ് വരാന്തയിലൂടെ റസ്റ്റ് റൂമിലേക്ക് പരേഡ് ചെയ്യിച്ചു.
തുടര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തി ഓരോരുത്തരെക്കൊണ്ടും അടിവസ്ത്രം നീക്കിച്ച് ആര്‍ത്തവമില്ലെന്ന് തെളിയിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ വസ്ത്രങ്ങള്‍ നീക്കി മാസമുറയിലല്ലെന്ന് ബോധിപ്പിക്കാന്‍ നിര്‍ബന്ധിതരായി. സംഭവം വിവാദമായതോടെ, വിഷയത്തില്‍ ഇടപെട്ട ക്രാന്തിഗുരു ശ്യാംജി ക്രിഷ്ണ വര്‍മ കച്ച് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സ്വാമി നാരായണിന്റെ പിന്‍ഗാമികളുടെ നിയന്ത്രണത്തിലുള്ള കോളജ് 2012 ലാണ് ആരംഭിച്ചത്. 2014 ല്‍ ശ്രീസ്വാമിനാരായണണ്‍ കന്യാ മന്ദിറിന് സമീപത്തേക്ക് കോളജ് മാറ്റി. ബി.കോം, ബിഎ, ബിഎസ്.സി കോഴ്‌സുകളാണുള്ളത്, 1500 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.
ദൂരഗ്രാമങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നത്. എന്നാല്‍ മാസമുറയിലുള്ളവര്‍ അടുക്ക ളയിലേക്കോ ക്ഷേത്ര പരിസരത്തേക്കോ പ്രവേശിക്കരുതെന്നാണ് അധികൃതരുടെ കല്‍പ്പന. മറ്റ് കുട്ടികളെ തൊടാന്‍ പാടില്ലെന്ന അപരിഷ്‌കൃത വാദവും വിചിത്ര നിയമാവലിയിലുണ്ട്. ക്ലാസ് നടക്കുമ്പോഴാണ് പ്രസ്തുത ആരോപണങ്ങള്‍ ഉന്നയിച്ച് പരസ്യമായി അധിക്ഷേപിച്ച് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ വിളിച്ചു നിര്‍ത്തി വരിവരിയായി കോളജ് വരാന്തയിലൂടെ റസ്റ്റ് റൂമിലെ പരിശോധനയ്ക്കായി നടത്തിച്ചതെന്ന് ദുര്‍ഗയെന്ന വിദ്യാര്‍ത്ഥി പറയുന്നു. പ്രിന്‍സിപ്പാള്‍ തങ്ങളെ അസഭ്യംപറഞ്ഞ് അധിക്ഷേപിച്ചു. പിരിയഡ്‌സിലുള്ള രണ്ട് പെണ്‍കുട്ടികള്‍ അക്കാര്യം വെളിപ്പെടുത്തി. എന്നാല്‍ ബാക്കിയുള്ള ഓരോരുത്തരെയും വനിതാ അധ്യാപകര്‍ നിര്‍ബന്ധപൂര്‍വം വസ്ത്രം മാറ്റിച്ച് പരിശോധിക്കുകയായിരുന്നു.
ബാക്കിയുള്ളവര്‍ കള്ളം പറയുന്നുവെന്നായിരുന്നു അവരുടെ വാദം.വിദ്യാര്‍ത്ഥികളെല്ലാം മതാചാരങ്ങള്‍ പിന്‍തുടരുന്നവരായിട്ടും ആര്‍ത്തവത്തിന്റെ പേരില്‍ ശിക്ഷ പതിവാണെന്നും ഇവര്‍ സാക്ഷ്യപ്പെടുന്നു. സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ തങ്ങളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി കോളജ് മാനേജ്‌മെന്റും ഹോസ്റ്റല്‍ അധികൃതരും ഭീഷണിപ്പെടുത്തി. ഇതിനാലാണ് ആരും പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. ക്യാംപസില്‍ ക്ഷേത്രമുള്ളതിനാല്‍ പെണ്‍കുട്ടികള്‍ ആചാരക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നായിരുന്നു കോളജ് ട്രസ്റ്റി പിഎച്ച് ഹിരാനിയുടെ വിശദീകരണം. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തുമെന്നും ഹിരാനി പറഞ്ഞു.