ഷെയറിട്ട് തിരുവോണം ബംപറെടുത്തു; 12 കോടിയുടെ അവകാശികള്‍ ജ്വല്ലറി ജീവനക്കാരായ ആറുപേര്‍
തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹരായത് ജ്വല്ലറി ജീവനക്കാരായ 6 പേര്‍. ചുങ്കത്ത് ജ്വല്ലറിയുടെ കരുനാഗപ്പള്ളി ബ്രാഞ്ചിലെ ജീവനക്കാരാണ് കോടിപതികളായത്. തൃശൂര്‍ സ്വദേശികളായ റോണി, സുബിന്‍ തോമസ്, കൊല്ലം സ്വദേശികളായ രംജിം. രാജീവന്‍, രതീഷ് കോട്ടയം സ്വദേശി വിവേക് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി അടിച്ചത് വിശ്വസിക്കാനായിട്ടില്ലെന്ന് ഇവര്‍ പ്രതികരിച്ചു. ബംപറുകള്‍ ഷെയറിട്ട് വാങ്ങുന്നതാണ് ഇവരുടെ രീതി.
എന്നാല്‍ ഇതുവരെ സമ്മാനമൊന്നും ലഭിച്ചിരുന്നില്ല. സ്ഥിരമായി ടിക്കറ്റുകള്‍ എടുക്കുന്നരായിരുന്നില്ല തങ്ങളെന്നും വിശ്വസിക്കാനായിട്ടില്ലെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സമ്മാനത്തുകയില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുക നീക്കിവെക്കുമെന്ന് ഇവര്‍ അറിയിച്ചു. ജ്വല്ലറിക്ക് മുന്നില്‍ നിന്നുള്ള കടയില്‍ നിന്നാണ് ഇവര്‍ ടിക്കറ്റെടതുത്തത്. ശിവന്‍കുട്ടിയെന്ന ഏജന്റില്‍ നിന്നെടുത്ത TM 160869 എന്ന ടിക്കറ്റിനാണ് 12 കോടി ലഭിച്ചത്. മന്ത്രി ജി സുധാകരനാണ് നറുക്കെടുത്തത്. നികുതി കഴിഞ്ഞ് 7.56 കോടി രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും.