പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ലോക്‌സഭ. ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്യം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 12ന് സഭ കാലയളവ് തീരും വരെയാണ് സസ്‌പെന്‍ഷന്‍.
വിലക്കയറ്റം, ജി.എസ്.ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പ്ലക്കാര്‍ഡ് ഉപയോഗിച്ച് പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പാര്‍ലമെന്റിലെത്തി തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം കനത്തതോടെ സഭാ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ ഓം ബിര്‍ല നടപടി സ്വീകരിച്ചത്.
പ്ലക്കാര്‍ഡുയര്‍ത്തിയുള്ള പ്രതിഷേധം പാടില്ലെന്നും മൂന്ന് മണിക്കുശേഷം സഭ സമ്മേളിക്കുമ്പോള്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും ലോക്‌സഭ ആരംഭിച്ചപ്പോള്‍ തന്നെ സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.
ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം സഭ പുനരാരംഭിച്ചപ്പോള്‍ 20 മിനിറ്റ് നേരത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ശൂന്യ വേളയിലേക്ക് പ്രവേശിച്ചപ്പോഴും വിലക്കയറ്റം, ജി.എസ്.ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ എംപിമാര്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചത്.
'ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും ചര്‍ച്ച നടന്നില്ല,' എന്ന് കോണ്‍ഗ്രസ് എം.പി ഗൗരവ് ഗോഗോയ് പറഞ്ഞു.
സസ്‌പെന്ഷന് പിന്നാലെ നാല് എം.പിമാരും പാര്‍ലമെന്റ് ഗ്രൗണ്ടിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപത്തെത്തി അവിടെ മുദ്രാവാക്യം വിളിച്ചു. എം.പിമാരില്‍ ചിലരെ സസ്പെന്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. തങ്ങളുടെ എം.പിമാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ആണ് ശ്രമിച്ചതെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.
ജൂലൈ 18ന് മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചതുമുതല്‍ ഇരുസഭകളിലെയും നടപടികള്‍ സ്തംഭിപ്പിക്കുകയും വിലക്കയറ്റം സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് ഭരണകാലത്ത് പണപ്പെരുപ്പം ഇരട്ടിയായിരുന്നു. പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണ് എന്നുമാണ് എം.പി പിയുഷ് ഗോയല്‍ പറഞ്ഞത്.