ഐഎഎസ് പരിശീലന കേന്ദ്രത്തിലെ വെള്ളക്കെട്ടില്‍ മരിച്ചവരില്‍ മലയാളിയും; ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനെതിരെ വിദ്യാര്‍ത്ഥികള്‍

ഐഎഎസ് പരിശീലന  കേന്ദ്രത്തിലെ വെള്ളക്കെട്ടില്‍ മരിച്ചവരില്‍ മലയാളിയും; ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനെതിരെ വിദ്യാര്‍ത്ഥികള്‍
Published on

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിനാണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്‌മെന്റില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. യുപി. തെലങ്കാന സ്വദേശികളായശ്രേയ യാദവ്, തനിയ സോണി എന്നീ വിദ്യാര്‍ത്ഥികളും വെള്ളപ്പൊക്കത്തില്‍ മരിച്ചിരുന്നു. മൂവരുടെയും മൃതദേഹങ്ങള്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. 45 വിദ്യാര്‍ഥികള്‍ സംഭവ സമയം കെട്ടിടത്തില്‍ ഉണ്ടായിരുന്നു. വെള്ളം കയറുന്നത് കണ്ട്‌വിദ്യാര്‍ത്ഥികള്‍ മുകളിലെ നിലയിലേക്ക് ഓടി കയറി. കെട്ടിടത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് ചേര്‍ന്ന് പുറത്തെത്തിക്കുകയായിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം 2 വിദ്യാര്‍ത്ഥിനികളുടെയും പിന്നീട് രാത്രി വൈകി നവീന്റെ മൃതദേഹവും കണ്ടെത്തി.

സംഭവത്തില്‍ പ്രതിഷേധിച്ച ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നു.

ദുരന്തത്തിന് കാരണം മുനിസിപ്പല്‍ കോര്‍പറേഷന്റെ അനാസ്ഥയാണെന്നും കൃത്യമായി ഓടകള്‍ വൃത്തിയാക്കാത്തത് കൊണ്ടാണ് വെള്ളക്കെട്ട് രൂപപെട്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സര്‍ക്കാരിനും മുനിസിപ്പല്‍ കോര്‍പറേഷനുമെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്വാതി മലിവാള്‍ എംപിയും സ്ഥലത്തെത്തി. ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് ശ്രമിച്ചത് ഉന്തിനും തള്ളിനും കാരണമായി. സംഭവത്തില്‍ പരസ്പരം പഴിചാരലുമായി ബിജെപിയും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. ആം ആദ്മിക്കും മുഖ്യമന്ത്രി അരവിന്ദ് ക്രെജ്രിവാളിനും എതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. കെജ്രിവാള്‍ സര്‍ക്കാര്‍ ജനങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ബാന്‍സുരി സ്വരാജ് എം.പി പറഞ്ഞു. എന്നാല്‍ ദുരന്ത സമയം രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നായിരുന്നു ആം ആദ്മിയുടെ മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in