പ്രളയഫണ്ട് തട്ടിപ്പില്‍ സിപിഎം ലോക്കല്‍കമ്മിറ്റി അംഗവും ഭാര്യയും അറസ്റ്റില്‍ ; സൂത്രധാരന്‍മാരില്‍ ഒരാള്‍ കീഴടങ്ങി
പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിയ കേസില്‍ ഒരു സിപിഎം പ്രാദേശിക നേതാവുകൂടി പിടിയില്‍. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എന്‍.എന്‍ നിധിന്‍ ഭാര്യ ഷിന്റു എന്നിവരാണ് അറസ്റ്റിലായത്. മുഖ്യ സൂത്രധാരന്‍മാരിലൊരാളായ കൊല്ലം സ്വദേശി ബി മഹേഷ് ബുധനാഴ്ച കീഴടങ്ങിയിരുന്നു. എറണാകുളം കളക്ടറേറ്റ് ദുരിതാശ്വാസ വിഭാഗത്തിലെ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എംഎം അന്‍വര്‍ ഒളിവാണ്. പ്രളയഫണ്ടില്‍ നിന്ന് അഞ്ച് തവണകളായി 10,54,000 രൂപ സിപിഎം ഭരണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റി.
2,50,000 രൂപ ദേന ബാങ്ക് അക്കൗണ്ടിലും നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് ഈ തുക പിന്‍വലിച്ചു. മതിയായ രേഖകളില്ലാതെയാണ് അന്‍വര്‍ സഹകരണബാങ്കില്‍ നിന്നും പണം എടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. 2019 നവംബര്‍ 28 ന് രണ്ട് തവണയായെത്തിയ 2.50 ലക്ഷം പിന്‍വലിക്കാന്‍ അന്‍വര്‍ ബാങ്കിലെത്തിയപ്പോള്‍ സഹരണ ബാങ്ക് സെക്രട്ടറി അനുവദിച്ചിരുന്നില്ല. എന്നാല്‍ ബാങ്ക് ഭരണസമിതിയിലെ പാര്‍ട്ടി നേതാക്കള്‍ സെക്രട്ടറിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി പണം കൊടുപ്പിച്ചു. തുടര്‍ന്ന് ജനുവരിയിലും ഇത്തരത്തിലുണ്ടായപ്പോഴും സെക്രട്ടറി അനുമതി നല്‍കിയിരുന്നില്ല. ഭരണസമിതിയുടെ സമ്മര്‍ദ്ദം അവഗണിച്ച് പണം തടഞ്ഞുവെച്ചു.
ഇതോടെ അന്‍വറിന് പണമെടുക്കാനായില്ല. പണം വന്നതിലെ ദുരൂഹത സംബന്ധിച്ച് ബാങ്ക് അധികൃതര്‍ വിവരം കളക്ടര്‍ എസ് സുഹാസിനെ അറിയിച്ചതോടെയാണ് പരിശോധന നടന്നതും തട്ടിപ്പ് പുറത്തായതും. അഡ്മിന്‍ അക്കൗണ്ടിന്റെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ക്ലാര്‍ക്ക് വിഷ്ണു തട്ടിപ്പ് നടത്തുകയായിരുന്നു. സിപിഎം പ്രാദേശിക നേതാക്കളായ അന്‍വറിന്റെയും, എഎന്‍ നിധിന്റെ ഭാര്യയുടെയും അക്കൗണ്ടുകളിലെത്തിയ പണം മഹേഷ് വഴി വിഷ്ണുവിന് കൈമാറുകയായിരുന്നു ഇരുവരെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രളയസഹായം ഇനിയും കിട്ടാതെ അരലക്ഷം പേരുള്ളപ്പോഴാണ് വന്‍ തട്ടിപ്പ് നടന്നത്.