അതുല്‍ ദാസ്  
അതുല്‍ ദാസ്  

‘ഫാസിസത്തിനെതിരെ പോസ്റ്റിട്ടതിന് മാവോയിസ്റ്റാക്കി’; പൊലീസ് കുടുംബത്തെ ഭീഷണിപ്പെടുത്തുന്നെന്ന് 18കാരന്‍  

Published on

ഫാസിസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം നടത്തിയതിന്റെ പേരില്‍ പൊലീസ് മാവോയിസ്റ്റ് മുദ്ര ചാര്‍ത്തിയെന്ന് 18കാരന്‍. കൊല്ലം ചവറ സ്വദേശിയായ അതുല്‍ ദാസാണ് തനിക്കും കുടുംബത്തിനും പൊലീസില്‍ നിന്നുണ്ടായ അനുഭവം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

ഫാസിസത്തിനെതിരെ പോസ്റ്റിടുന്നത് സര്‍ക്കാരിന് എതിരെയാണെന്നും നിര്‍ത്തുന്നതാണ് നല്ലതെന്നും പൊലീസ് താക്കീത് ചെയ്‌തെന്ന് അതുല്‍ 'ദ ക്യൂ'വിനോട് പറഞ്ഞു. വായിക്കുന്ന പുസ്തകങ്ങളേക്കുറിച്ചും സുഹൃത്തുക്കളേക്കുറിച്ചും ചോദിച്ചു. ഫോണ്‍ കോളുകള്‍ അടക്കം എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും കേസ് വരുമെന്നും ഭീഷണിപ്പെടുത്തി. മാവോയിസ്റ്റാണെന്ന പ്രതീതിയുണ്ടാക്കി തന്നെയും കുടുംബത്തേയും നാട്ടില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതുല്‍ കൂട്ടിച്ചേര്‍ത്തു.

അതുല്‍ ദാസ് പറഞ്ഞത്

വ്യാഴാഴ്ച്ച ഉച്ചയോടെ അമ്മയുടെ കടയിലേക്ക് എന്നെ വിളിച്ചുവരുത്തുകയായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ രണ്ട് പേരുടെ മുന്നില്‍ നിന്ന് അമ്മ കരയുകയാണ്. അമ്മമ്മയും കടയിലുണ്ടായിരുന്നു. തങ്ങള്‍ സ്‌പെഷല്‍ ബ്രാഞ്ചുകാരാണെന്നും നിന്നെ അന്വേഷിച്ചാണ് വന്നതെന്നും പറഞ്ഞു. 'ഫേസ്ബുക്കിലും വാട്‌സാപ്പിലും നിന്റെ പോസ്റ്റുകളും മെസ്സേജുകളും ഞങ്ങള്‍ കാണുന്നുണ്ട്. നിന്റെ ഫോണ്‍ വിളികള്‍ അടക്കം എല്ലാം റെക്കോഡ് ചെയ്യുന്നുണ്ട്. കുറേ ഗ്രൂപ്പുകളില്‍ ഒക്കെ ഉണ്ടല്ലോ. ഫാസിസത്തിനും സര്‍ക്കാരിനും എതിരായി എന്തിനാണ് ഇങ്ങനെ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നത്?' എന്നെല്ലാം ചോദിച്ചു. സര്‍ക്കാരിനെതിരെ അല്ലല്ലോ ഫാസിസത്തിനതെതിരെ അല്ലേയെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. ഫാസിസത്തിനെതിരാകുമ്പോള്‍ സര്‍ക്കാരിന് എതിരെ തന്നെയല്ലേയെന്നായിരുന്നു മറുപടി. നീ മാവോയിസ്റ്റാണ്, നക്‌സലാണ്, ഞങ്ങള്‍ക്കറിയാം എന്നെല്ലാം പറഞ്ഞു.

ഏതൊക്കെ പുസ്തകങ്ങളാണ് വായിക്കുന്നത്? സമരം ചെയ്യാന്‍ പ്ലാന്‍ ഉണ്ടോ? ആരൊക്കെയാണ് സുഹൃത്തുക്കള്‍? റോണോ വില്‍സനെയും (മഹാരാഷ്ട്ര ജയിലില്‍ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തകന്‍) കമല്‍ സി ചവറയെയും മറ്റാരെയൊക്കെയോ അറിയുമോയെന്നും യാസിനുമായി (സുഹൃത്ത്) എന്താണ് ഇത്ര ബന്ധമെന്നും ചോദിച്ചു. ചവറയില്‍ ഇനിയെന്തെങ്കിലും സംഭവമുണ്ടായാല്‍ നിന്റെ പേരില്‍ കേസ് വരും എന്ന് പറഞ്ഞിട്ടാണ് അവര്‍ പോയത്. രണ്ട് പേരടങ്ങുന്ന സ്‌പെഷല്‍ ബ്രാഞ്ച് സംഘം നാട്ടില്‍ കുറേ നേരം അന്വേഷണം നടത്തിയെന്നും ഒരുപാട് പേരെ എന്റെ ഫോട്ടോ കാണിച്ചെന്നും പിന്നീട് അറിഞ്ഞു. അമ്മയോട് എന്തൊക്കെയാണ് സംസാരിച്ചതെന്ന് അറിയില്ല. പൊലീസ് വന്നുപോയതിന് ശേഷം വീട്ടിലെ അന്തരീക്ഷം മാറി. എല്ലാവരും പേടിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ഇനിയും പോസ്റ്റുകള്‍ ഇടും. പക്ഷെ മുന്‍പത്തേതുപോലെ ഉണ്ടാകില്ല. ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് അത്രയ്‌ക്കൊന്നും പറ്റില്ലല്ലോ.

അതുല്‍ ദാസ്  
ശ്വേത ഭട്ട് അഭിമുഖം: ‘രാജ്യത്തെ ജനങ്ങള്‍ക്കെതിരെയുള്ള ശിക്ഷാവിധി, സഞ്ജീവിന്റെ മോചനത്തിനായി ഏതറ്റം വരെയും പോകും’ 
logo
The Cue
www.thecue.in