‘ഇത് എന്ന് അവസാനിക്കും’ ; 173 ദിവസത്തെ വീട്ടുതടങ്കല്‍, നരച്ചുനീണ്ട താടിയുമായി തിരിച്ചറിയാന്‍ പോലുമാകാത്ത വിധം ഒമര്‍ അബ്ദുള്ള
അഞ്ച് മാസത്തിലേറെയായി വീട്ടുതടങ്കലിലുള്ള കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഏറ്റവും പുതിയ ചിത്രം പുറത്ത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ടാണ് ഒമര്‍ അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത്. ഇത് 173 ദിവസം പിന്നിടുമ്പോള്‍ നരച്ചുനീണ്ട താടിയും മുടിയുമുള്ള തിരിച്ചറിയാന്‍ പോലും പ്രയാസമുള്ള ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്.ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്.
നരച്ച മുടിയും താടിയുമായി തൊപ്പിധരിച്ച് പുഞ്ചിരിയോടെ നില്‍ക്കുന്ന ഒമറാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ഇത് എപ്പോള്‍ പകര്‍ത്തിയതാണെന്ന് വ്യക്തമല്ല. ഒമറിനെ എനിക്ക് ഈ ചിത്രത്തില്‍ തിരിച്ചറിയാനാകുന്നില്ല. സങ്കടം തോന്നുന്നു. നിര്‍ഭാഗ്യവശാല്‍ ജനാധിപത്യരാജ്യത്താണ് ഇത് നടക്കുന്നത്. എപ്പോഴാണ് ഇത് അവസാനിക്കുക. ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് മമത ബാനര്‍ജി ചോദിക്കുന്നു.
49 കാരനായ ഒമറിനെ 2019 ഓഗസ്റ്റ് 5 നാണ് വീട്ടുതടങ്കലിലാക്കിയത്. ഒമറിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള, പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി എന്നിവര്‍ അടക്കം വിവിധ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും വീട്ടുതടങ്കലിലാണ്.സിആര്‍പിസിയിലെ 107 ാം വകുപ്പ് പ്രകാരമാണ് ഇവരെ കേന്ദ്രം വീട്ടുതടങ്കലിലാക്കിയത്.