‘സ്വയം പര്യാപ്തയാണ്, സ്വതന്ത്ര വ്യക്തിയും’; മൗനം ബലഹീനതയായി കാണരുതെന്നും അനുഷ്‌ക; ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ വിശദമായ മറുപടിയുമായി നടി അനുഷ്‌ക ശര്‍മ. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യയായ അനുഷ്‌കയ്ക്ക് ടീം സെലക്ടര്‍മാര്‍ നേരിട്ട് ചായയെത്തിച്ച് കൊടുക്കുന്നത് കണ്ടെന്ന മുന്‍ താരം ഫറോഖ് എന്‍ജിനീയറുടെ പരാമര്‍ശമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്കാണ് മറുപടി. ഇന്ത്യന്‍ ക്രിക്കറ്റിനോട് ബന്ധപ്പെടുത്തി ഏറെനാളായി തന്റെ പേര് വലിച്ചിഴയ്ക്കുന്നുവെന്നും മൗനം ബലഹീനതയായി കരുതരുതെന്നും അനുഷ്‌ക ശര്‍മ തുറന്നടിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അവര്‍ വിശദീകരണക്കുറിപ്പ് പുറത്തുവിട്ടത്.
അനുഷ്‌ക ശര്‍മയുടെ വാക്കുകള്‍ ഇങ്ങനെ
വിരാട് കോഹ്‌ലി ബോയ് ഫ്രണ്ട് ആയിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പ്രകടനവുമായി ബന്ധപ്പെട്ട് ഏറെ പഴികേട്ടിട്ടുണ്ട്. അദ്ദേഹം ജീവിത പങ്കാളിയായപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ക്ക് താന്‍ കുറ്റപ്പെടുത്തല്‍ നേരിടുകയാണ്. അപ്പോഴെല്ലാം മൗനം പാലിക്കുകയായിരുന്നു.
ബോര്‍ഡ് യോഗങ്ങളുമായി താന്‍ അടുത്തുനില്‍ക്കുന്നുവെന്നും ടീം തെരഞ്ഞെുടുപ്പിലടക്കം സ്വാധീനം ചെലുത്തുന്നുവെന്നും തെറ്റായ വാര്‍ത്തകളുണ്ടായി. താന്‍ മറുപടി നല്‍കാന്‍ പോയില്ല. എനിക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നുവെന്നും വിരാട് കോഹ്‌ലിക്കൊപ്പം ടൂറുകളില്‍ കൂടുതലായി താമസിക്കുന്നുവെന്നും എന്റെ പേര് തെറ്റായി വലിച്ചിഴയ്ക്കപ്പെട്ടു. ഞാന്‍ എപ്പോഴും പ്രോട്ടോകോള്‍ പാലിച്ചയാളാണ്. ഈ തെറ്റായ റിപ്പോര്‍ട്ട് ഉണ്ടായപ്പോഴും മിണ്ടാതിരുന്നു.
അനുഷ്‌ക ശര്‍മ
എന്റെ ടിക്കറ്റുകളും സുരക്ഷയുമൊക്കെ ബോര്‍ഡ് ആണ് നിര്‍വഹിക്കുന്നതെന്ന തരത്തിലായി പിന്നീടുണ്ടായ പ്രചരണം. എന്നാല്‍ എന്റെ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ ഞാന്‍ തന്നെയാണ് എടുക്കാറ്. ഹൈക്കമ്മീഷണറുടെ ഭാര്യയ്‌ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നതിലുള്ള ഏതിര്‍പ്പ് വ്യക്തമാക്കിയിട്ടും എന്നോട് അതിന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഞാന്‍ ബോധപൂര്‍വം ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെന്ന് പ്രചരണമുണ്ടായി. ഞാന്‍ അതിന് ക്ഷണിക്കപ്പെട്ടതാണെന്ന് പോലും മറച്ചുവെച്ചായിരുന്നു ഇത്. വേള്‍ഡ് കപ്പ് മത്സരത്തിനിടെ സെലക്ടര്‍മാര്‍ എനിക്ക് ചായ എത്തിച്ചു തന്നു എന്നതാണ് ഏറ്റവും അവസാനത്തേത്.
ഞാന്‍ ലോകകപ്പിലെ ഒരു മത്സരത്തിന് പോയപ്പോള്‍ ഫാമിലി ബോക്‌സിലാണ് ഇരുന്നത്. അല്ലാതെ റിപ്പോര്‍ട്ടുകളില്‍ പറയുന്നപോലെ സെലക്ടര്‍മാര്‍ ഇരിക്കുന്നിടത്തല്ല. സെലക്ഷന്‍ കമ്മിറ്റിയെക്കുറിച്ചും അവരുടെ യോഗ്യതയെക്കുറിച്ചും ആര്‍ക്കെങ്കിലും പറയാനുണ്ടെങ്കില്‍ അത് അവരവരുടെ അഭിപ്രായമായാണ് രേഖപ്പെടുത്തേണ്ടത്. അല്ലാതെ എന്റെ പേര് വലിച്ചിഴയ്ക്കരുത്
അനുഷ്‌ക ശര്‍മ
ഈ ഒരു വാര്‍ത്തയോട് മാത്രമുള്ള പ്രതികരണമല്ല ഇത്. മിണ്ടാതിരിക്കുന്നത് ബലഹീനതയായി കാണരുതെന്ന് വ്യക്തമാക്കാനാണ് ഇപ്പോള്‍ മൗനം വെടിയുന്നത്. ബോര്‍ഡിലുള്ളവരെയോ എന്റെ ഭര്‍ത്താവിനെയോ മറ്റാരെയെങ്കിലുമോ തരംതാഴ്ത്തി കാട്ടാന്‍ ഇനിമേല്‍ എന്റെ പേര് ഉപയോഗിക്കരുത്. നിങ്ങള്‍ക്ക് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ അത്തരം കാര്യങ്ങള്‍ പറയാം.
എന്റെ കരിയര്‍ അന്തസ്സോടെ സ്വയം പടുത്തുയര്‍ത്തിയതാണ്. എന്തിനെങ്കിലും വേണ്ടി അതില്‍ ഒത്തുതീര്‍പ്പ് വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.
ഞാന്‍ സ്വയം പര്യാപ്തയും സ്വതന്ത്ര വ്യക്തിയുമാണ്. ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായെന്നത് സാന്ദര്‍ഭികമായി സംഭവിച്ചതാണ്. ഒരുകാര്യം കൂടി. ഞാന്‍ കോഫിയാണ് കുടിക്കാറ്.