പൗരത്വനിയമത്തിനെതിരെ നിലപാട് : അനുരാഗ് കശ്യപിന്റെ ഫോളോവേഴ്‌സ് 5 ലക്ഷത്തില്‍ നിന്ന് 76,000 ലേക്ക് ; ട്വിറ്റര്‍ ഇന്ത്യക്കെതിരെ പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിനും നരേന്ദ്രമോദി സര്‍ക്കാരിനുമെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചും പ്രതിഷേധിച്ചും രംഗത്തെത്തിയതിന് പിന്നാലെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് 5 ലക്ഷത്തില്‍ നിന്ന് 76,000 ത്തിലേക്ക് എത്തി. ട്വിറ്റര്‍ ഇന്ത്യ തന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തിയതായി അനുരാഗ് കശ്യപ് തന്നെ വെളിപ്പെടുത്തുകയായിരുന്നു. തന്നെ ഇപ്പോള്‍ ട്വിറ്ററില്‍ പിന്‍തുടരുന്നവരുടെ എണ്ണം വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ട് അദ്ദേഹം പങ്കുവെച്ചു.
തങ്ങള്‍ അറിയാതെ തന്നെ അണ്‍ഫോളോ ചെയ്യപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കി നിരവധി പേര്‍ ഇതോട് പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ഇതേ ദുരനുഭവം തനിക്കും നേരിട്ടിട്ടുണ്ടെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തും വ്യക്തമാക്കി. 5.24 ലക്ഷം പേരാണ് അനുരാഗ് കശ്യപിനെ പിന്‍തുടര്‍ന്നിരുന്നത്. ഇപ്പോഴത് 76,000 ആയി. ട്വിറ്റര്‍ ഇന്ത്യ ബോധപൂര്‍വമായി ചെയ്തതാണിതെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കുന്നു. ട്വിറ്റര്‍ ഇന്ത്യയുടെ നടപടിക്കെതിരെ നിരവധി പേര്‍ സംവിധായകന് പിന്‍തുണയുമായി എത്തിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അനുരാഗ് കശ്യപ് ശക്തമായി രംഗത്തെത്തിയിരുന്നു. ഫാസിസ്റ്റ് സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തെ, കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ നടത്തുന്ന അക്രമ സമരമായാണ് ബിജെപി ഐടി സെല്‍ പ്രചരിപ്പിക്കുന്നത്. അതിനാല്‍ പ്രതിഷേധത്തിന് അവരുടെ രാഷ്ട്രീയ നിറം നല്‍കാതിരിക്കണമെന്നും അനുരാഗ് കശ്യപ് അഭ്യര്‍ത്ഥിച്ചിരുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം