ഒരു ‘വിദേശി’ കൂടി മരിച്ചു; അസമില്‍ തടങ്കല്‍ പാളയത്തില്‍ ഇതുവരെ മരണം 29
അസമിലെ ഗോള്‍പാറ തടങ്കല്‍ പാളയത്തില്‍ താമസിപ്പിച്ചിരുന്ന ഒരാള്‍ കൂടി മരിച്ചു. നരേഷ് കൊച്ച് എന്ന 50 വയസുകാരനാണ് മരിച്ചത്. ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം. ഇതോടെ അസമില്‍ തടങ്കല്‍ പാളയത്തില്‍ മരിക്കുന്നവരുടെ എണ്ണം 29 ആയി.
ഗോള്‍പാറയില്‍ വിദേശിയാണെന്ന് പ്രഖ്യാപിക്കപ്പെട്ട, 50 വയസുകാരനായ നരേഷ് കൊച്ച് ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ടു. സ്‌ട്രോക്കിനെ തുടര്‍ന്ന് പത്ത് ദിവസം മുന്‍പാണ് നരേഷ് കൊച്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതശരീരം സംസ്‌കരിച്ചു.
സുശാന്ത ബിശ്വ ശര്‍മ എസ്പി ഗോള്‍പാറ
2018 മാര്‍ച്ചിലാണ് ടിങ്കോണിയ പറ വില്ലേജിലെ കൂലിപ്പണിക്കാരനായ നരേഷ് കൊച്ചിനെ തടങ്കല്‍ പാളയത്തിലെത്തിച്ചത്. കൊച്ച് വിഭാഗത്തില്‍ പെടുന്ന ഇദ്ദേഹം ഇന്ത്യക്കാരനല്ലെന്ന് 2017 ജൂണിലായിരുന്നു ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ അറിയിച്ചത്. ട്രിബ്യൂണല് നിശ്ചയിച്ച ദിവസങ്ങളില്‍ ഹാജരാകത്തത്തിനെത്തുടര്‍ന്നായിരുന്നു വിദേശിയാണെന്ന് കാട്ടി തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയത്. 2018 വരെ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിരുന്ന വ്യക്തിയാണ് നരേഷ് കൊച്ച് എന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.
രാജ്യത്ത് തടങ്കല്‍ പാളയങ്ങളില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് ശേഷം മരിക്കുന്നയാള്‍ കൂടിയാണ് നരേഷ് കൊച്ച്. ഡല്‍ഹി രാം ലീല മൈതാനിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ പൗരത്വനിയമത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു മോഡി ഇന്ത്യയില്‍ ഡീറ്റെന്‍ഷന്‍ സെന്ററുകളില്ലെന്നും കോണ്‍ഗ്രസും അര്‍ബന്‍ നക്സലുകളും നടത്തുന്ന വ്യാജപ്രചാരണമാണ് ഇതെന്നും പറഞ്ഞത്. ഇത് നുണയാണെന്ന് തെളിവ് സഹിതം പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും വ്യക്തമാക്കുകയും ചെയ്തിരുന്നു.
ദേശീയ പൗരത്വരജിസ്റ്റര്‍ നടപ്പിലാക്കിയ അസമില്‍ അന്തിമപ്പട്ടിക പുറത്തിറങ്ങിയപ്പോള്‍ 19 ലക്ഷം പേര്‍ പുറത്തുപോയിരുന്നു. പൗരത്വപട്ടികയില്‍ ഇടം പിടിക്കാതിരുന്നവരെ പാര്‍പ്പിക്കുന്ന അസമിലെ തടങ്കല്‍ പാളയത്തില്‍ 28 പേര്‍ 2016 മുതല്‍ 2019 ഒക്ടോബര്‍ വരെ മരിച്ചെന്ന് അസം സര്‍ക്കാര്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് നിയമസഭയില്‍ വ്യക്തമാക്കുകയുണ്ടായി. ഇവരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് വിലാസമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
നിലവിലുള്ള ആറ് തടങ്കല്‍ പാളയങ്ങള്‍ക്ക് പുറമേ ഗോപാല്‍പുര ജില്ലയില്‍ ഒരു തടവറ കൂടി നിര്‍മ്മിക്കുന്നുണ്ട്. കൂടുതല്‍ ജയിലുകള്‍ ഒരുക്കാന്‍ അനുമതി കാത്തിരിക്കുകയാണ്. തടങ്കല്‍ പാളയത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്നും ചോദ്യത്തിന് മറുപടിയായി അസം സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ആറ് തടങ്കല്‍ പാളയങ്ങളിലായി 988 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 957 പേര്‍ വിദേശികളാണെന്നാണ് സര്‍ക്കാരിന്റെ ആരോപണം. 31 കുട്ടികളും തടവറയില്‍ കഴിയുന്നുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം