‘തൊഴിലിനെ ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെ സവര്‍ണബോധം’; രക്തസാക്ഷിദിന ചൂണ്ടയിടല്‍ ട്രോളുകള്‍ക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ
കൂത്തുപറമ്പ് രക്തസാക്ഷിദിനത്തോട് അനുബന്ധിച്ച് ചൂണ്ടയിടല്‍ മത്സരം നടത്തിയതിനെ ട്രോളുന്നത് സവര്‍ണ്ണബോധം കൊണ്ടാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കോണ്‍ഗ്രസിലുള്ള ജാതിബോധവും പാപ്പരത്തവുമാണ് ഇത്തരം പരിഹാസങ്ങള്‍ക്ക് പിന്നിലെന്ന് റഹീം പ്രതികരിച്ചു. കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിലും മറ്റ് അവസരങ്ങളിലും വ്യത്യസ്ത പരിപാടികള്‍ ഡിവൈഎഫ്‌ഐ ഘടകങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കേന്ദ്രീകൃത സ്വാഭാവം ഇല്ലാതെ അതാത് പ്രദേശത്തിന് അനുസരിച്ചാകും അവ. ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിക്കുന്നത് ആദ്യമായിട്ടല്ല. ചൂണ്ടയിടലിനെ കാണുന്നത് കായിക വിനോദം മാത്രമായല്ല. ചൂണ്ടയിടലിന് കേരള സംസ്‌കാരവുമായും കീഴാള ജനതയുമായും ബന്ധമുണ്ട്. മണ്ണിന്റെ മണം മനസില്‍ സൂക്ഷിക്കുന്നവരുമായി ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് ഡിവൈഎഫ്‌ഐ. ഉള്‍നാടന്‍ മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അതൊരു മത്സരയിനമായിട്ട് സ്വീകരിക്കുന്നതിനെ ട്രോളുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു റഹീമിന്റെ പ്രതികരണം.
പി സി വിഷ്ണുനാഥ്, അനില്‍ അക്കരെ, ടി സിദ്ദിഖ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ അവരുടെ മനസില്‍ കത്തി നില്‍ക്കുന്ന സവര്‍ണ ബോധമാണ് പ്രകടിപ്പിച്ചത്. മീന്‍ പിടിക്കുന്നവരോടും മീന്‍ വില്‍ക്കുന്നവരോടും ഇറച്ചി വെട്ടുന്നവരോടും മുടി വെട്ടുന്നവരോടും അവര്‍ക്ക് എന്താണിത്ര അകല്‍ച്ച?
എ എ റഹീം
ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിക്കുന്നത് ആക്ഷേപമായി കാണുന്നില്ല. സവര്‍ണബോധം കുടിയിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കണ്ണിന്റെയും മനസിന്റെയും പ്രശ്‌നമാണത്. വികലമായ ചിന്തയാണ് അവരെ നയിക്കുന്നത്. പുഴയില്‍ മുങ്ങി മീന്‍ പിടിച്ച് ജീവിക്കുന്ന ഒരു സംസ്ഥാന കമ്മിറ്റിയംഗം ഡിവൈഎഫ്‌ഐയിലുണ്ട്. ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നവരാണ്. ചൂണ്ടയിടലിനെ മാത്രം കളിയാക്കുന്നതിന്റെ പിന്നില്‍ ജാതിബോധമാണ്.
പുരോഗമന സ്വഭാവമുള്ള രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന നിരവധി പരിപാടികള്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കാറുണ്ട്. ചില യൂണിറ്റുകള്‍ കബഡി, വടംവലി, ചൂണ്ടയിടല്‍, പെനാല്‍റ്റി ഷൂട്ട് ഔട്ട് തുടങ്ങിയ പരിപാടികള്‍ നടത്തും. ആ പ്രദേശത്തിന്റെ തൊഴില്‍, സംസ്‌കാരം, വിനോദം ഇവയെല്ലാം ആശ്രയിച്ചാണ് അതിരിക്കുന്നത്. ചൂണ്ടയിടലിനെ മാത്രം അടര്‍ത്തിയെടുത്ത് ട്രോളുന്നതിന് പിന്നില്‍ തൊഴിലിനോടുള്ള അയിത്തമാണ്. അമ്പെയ്ത്ത് മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള ആളാണ് മുന്‍ കോണ്‍ഗ്രസ് മന്ത്രി പി കെ ജയലക്ഷ്മി. അമ്പെയ്ത്തിനെ കളിയാക്കാന്‍ പാടുണ്ടോ? അത് ഉയര്‍ന്ന ചിന്താഗതിയുള്ളവര്‍ക്ക് ചേര്‍ന്നതല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാപ്പരത്തമാണ് ഇതിലൂടെ വ്യക്തമാകുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായ പി സി വിഷ്ണുനാഥ് ചൂണ്ടയിടലിലേക്ക് മാത്രം നോക്കുന്നത് ആ മനസുള്ളതുകൊണ്ടാണ്. തയ്യില്‍ പോലുള്ള ഡിവൈഎഫ്‌ഐ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ട്രോളുന്നവര്‍ ട്രോളിക്കോട്ടെ, ഞങ്ങള്‍ ഞങ്ങളുടെ നിലപാടുമായി മുന്നോട്ടുപോകുമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം