അമിത്ഷാ ധനമന്ത്രിയാകും,സ്മൃതി ഇറാനിക്ക് സ്ഥാനചലനം; ബിജെപി അദ്ധ്യക്ഷ പദവിയില്‍ സസ്‌പെന്‍സ്
ആദ്യമായി കേന്ദ്ര ക്യാബിനറ്റില്‍ ഇടം നേടിയ അമിത്ഷാ ധനമന്ത്രിയാകും. രാജ്‌നാഥ് സിങ്ങ് ആഭ്യന്തര വകുപ്പിന്റെയും നിര്‍മ്മല സീതാരാമാന്‍ പ്രതിരോധ വകുപ്പിന്റെയും മന്ത്രിമാരായി തുടരും. വകുപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ സീ ന്യൂസ് ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
സുഷമ സ്വരാജിന് പകരം വിദേശകാര്യമന്ത്രിയായി എസ് ജയ്ശങ്കര്‍ ചുമതലയേല്‍ക്കും
സ്മൃതി ഇറാനിക്ക് വനിതാ ശിശുക്ഷേമ വകുപ്പാണ് ലഭിക്കുക. കഴിഞ്ഞ മന്ത്രിസഭയില്‍ മേനക ഗാന്ധിക്കായിരുന്നു ഈ വകുപ്പ്. ഉപഭോക്തൃ വകുപ്പാണ് റാം വിലാസ് പാസ്വാന് ലഭിക്കുക. രമേഷ് പൊക്രിയാല്‍ ആരോഗ്യ വകുപ്പും രവിശങ്കര്‍ പ്രസാദ് നിയമകാര്യ മന്ത്രാലയവും ഭരിക്കും.
നരേന്ദ്രസിങ് തോമറാണ് പാര്‍ലമെന്ററി കാര്യ മന്ത്രിയാവുക. സദാനന്ദഗൗഡ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ മന്ത്രിയാകും. തവാര്‍ ചന്ദ്ര ഗെഹ് ലോട്ടിനാണ് സാമൂഹ്യ നീതി ശാക്തീകരണ വകുപ്പിന്റെ ചുമതല. അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്. ജെപി നഡ്ഡ, സുരേഷ് പ്രഭു, മേനക ഗാന്ധി, രാജ്‌മോഹന്‍ സിങ്, മഹേഷ് ശര്‍മ, ജയന്ത് സിന്‍ഹ, അനന്ത് കുമാര്‍ ഹെഗ്‌ഡെ ജുവല്‍ ഓറം,രാം കൃപാല്‍ യാദവ്, രാജ്യവര്‍ധന്‍സിങ് റാത്തോഡ്,അപ്‌നാ ദള്‍ നേതാവ് അനുപ്രിയ പട്ടേല്‍ എന്നിവരാണ് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയവര്‍.
അമിത്ഷായ്ക്ക് പകരം ജെ പി നഡ്ഡ ബിജെപി ദേശീയ അദ്ധ്യക്ഷനായേക്കുമന്ന് സൂചനയുണ്ട്
അതേസമയം അമിത് ഷാ തന്നെ പാര്‍ട്ടി നേതൃപദവിയില്‍ തുടരുകയും ജെപി നഡ്ഡയെ വര്‍ക്കിംഗ് പ്രസിഡന്റാക്കിയുള്ള ക്രമീകരണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യ കാരണങ്ങളാലാണ് അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിവര്‍ മാറി നില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഹര്‍ദീപ് സിങ് പുരിയും പുതുതായി ഉള്‍പ്പെടുത്തപ്പെട്ട ജയ്ശങ്കറും രാജ്യസഭാംഗത്വം നേടുമെന്നാണ് അറിയുന്നത്. 58 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 25 ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് പുറമെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി 9 പേരുണ്ട്. ബാക്കിയുള്ള 24 പേര്‍ സഹമന്ത്രിമാരുമാണ്.