ഓരോ സിറ്റിങ്ങിനും 25 ലക്ഷം; പെരിയ കേസില്‍ സിബിഐ അന്വേഷണം എതിര്‍ക്കാന്‍ വന്‍ തുക ചെലവിട്ട് സര്‍ക്കാര്‍
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത് വന്‍ തുക. സിബിഐ അന്വേഷണം വേണ്ടെന്ന് വാദിക്കാന്‍ ഡല്‍ഹിയില്‍ നിന്നെത്തുന്ന അഭിഭാഷകന് ഓരോ തവണയും നല്‍കേണ്ടത് 25 ലക്ഷം രൂപ. മുന്‍ സോളിസിറ്റര്‍ ജനറലും സീനിയര്‍ അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനം പ്രളയക്കെടുതിയേത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം ബുദ്ധിമുട്ടുന്നതിനിടെയാണിത്.
അന്വേഷണം സിബിഐക്ക് വിട്ട നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തില്ല. സര്‍ക്കാര്‍ അപ്പീലില്‍ തിങ്കളാള്ച്ചയും വാദം തുടരും.
പെരിയ കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ഹാജരാകാനാണ് രഞ്ജിത്ത് കുമാര്‍ എത്തുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചതാണെന്നുമാണ് സര്‍ക്കാര്‍ വാദം. കേസില്‍ എല്ലാ പ്രതികളേയും പിടികൂടി, ഗൂഢാലോചന അടക്കമുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ അന്വേഷിച്ചതാണ്, ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണ് തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. സിബിഐ അന്വേഷണത്തിന് സ്റ്റേ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം ഗൂഢാലോചനയാണെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പെരിയ കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിനിടെ ഹൈക്കോടതി പൊലീസിനെ രൂക്ഷമായി ശകാരിച്ചിരുന്നു. അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ടായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് അന്വേഷണ സംഘത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസ്യതയില്ല. രാഷ്ട്രീയ ചായ്വുണ്ടായി. സാക്ഷികളേക്കാള്‍ പൊലീസ് പ്രതികളെയാണ് വിശ്വാസത്തിലെടുത്തത്. ഫോറന്‍സിക് സര്‍ജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ല. പ്രതികളെ അറസ്റ്റ് ചെയ്യുകയല്ല. അവര്‍ കീഴടങ്ങുകയാണുണ്ടായത്. പെരിയ ഇരട്ടക്കൊല ആസൂത്രണം ചെയ്തത് സിപിഐഎം ആകാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐറില്‍ തന്നെ വ്യക്തമാണ്. പ്രതികള്‍ കൊലയ്ക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍ പോയത് അന്വേഷണസംഘം ഗൗരവമായെടുത്തില്ല. ഈ കുറ്റപത്രം അനുസരിച്ച് വിചാരണ നടന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. പൊലീസ് അന്വേഷണം നീതി പൂര്‍വ്വമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം