സ്മൃതി ഇറാനിയുടെ സഹായിയെ കൊലപ്പെടുത്തിയത് ബിജെപിക്കാര്‍ തന്നെ; കാരണം സീറ്റ് തര്‍ക്കം  

സ്മൃതി ഇറാനിയുടെ സഹായിയെ കൊലപ്പെടുത്തിയത് ബിജെപിക്കാര്‍ തന്നെ; കാരണം സീറ്റ് തര്‍ക്കം  

Published on

സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി സുരേന്ദ്ര സിങ്ങിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയെന്ന് വ്യക്തമാകുന്നു. പ്രാദേശിക സീറ്റ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ് വ്യക്തമാക്കി. പഞ്ചായത്ത് തെരഞ്ഞടുപ്പിലെ സീറ്റ് തര്‍ക്കമാണ് കൊലപാതക കാരണമെന്ന് എന്‍ഡിടിവി, ഇക്കണോമിക് ടൈംസ് തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകത്തില്‍ ഉള്‍പ്പെട്ട അഞ്ചില്‍ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.

വധത്തെക്കുറിച്ച് ഒ.പി സിങ് മാധ്യമങ്ങളോട് വ്യക്തമാക്കിയതിങ്ങനെ

പ്രതികളില്‍ ഒരാള്‍ക്ക് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്രസിങ് ഇതിന് തടയിട്ട് മറ്റൊരാള്‍ക്ക് സീറ്റ് തരപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ പക വളരാന്‍ ഇടയാക്കി. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു 

ഒ.പി സിങ്, ഡിജിപി

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബരോളിയിലെ വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് സുരേന്ദ്രസിങ്ങിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലക്‌നൗവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാമചന്ദ്ര, ധര്‍മനാഥ്, നസീം എന്നിവരാണ് പിടിയിലായത്. രണ്ടുപേര്‍ ഒളിവിളാണ്. സുരേന്ദ്രസിങ് 2014 ലെ തെരഞ്ഞെടുപ്പുമുതല്‍ മുതല്‍ സ്മൃതി ഇറാനിക്കുവേണ്ടി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

മുന്‍ ഗ്രാമത്തലവന്‍ കൂടിയായിരുന്നു സുരേന്ദ്ര സിങ്. കുറ്റക്കാര്‍ക്ക് വധശിക്ഷ ലഭ്യമാക്കാന്‍ ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇയാളുടെ സംസ്‌കാരത്തില്‍ പങ്കെടുത്ത് സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന രീതിയിലായിരുന്നു ബിജെപി കേന്ദ്രങ്ങള്‍ ആദ്യം ആരോപിച്ചത്. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന അമേഠിയില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അന്‍പത്തയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് സ്മൃതി അട്ടിമറിച്ചത്.

logo
The Cue
www.thecue.in