മലപ്പുറത്ത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച 11 വയസുകാരി മരിച്ചു
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയാണ് അപൂര്‍വ്വരോഗമായ അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചത്. ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് എറണാകുളം അമൃത മെഡിക്കല്‍ കോളേജിലേക്ക കുട്ടിയെ മാറ്റാന്‍ ശ്രമിച്ചെങ്കിലും എത്തിക്കും മുമ്പേ മരണം സംഭവിച്ചു. കടുത്ത പനിയെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് കുട്ടിയെ എം ഇ എസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. നിഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് രോഗത്തിന് കാരണമാകുന്നത്.
പനിയും തലവേദയുമായാണ് കുട്ടിയെ അഡ്മറ്റ് ചെയ്തത്. രോഗം കണ്ടെത്തുന്നതിനായി നട്ടെല്ലില്‍ നിന്നുള്ള നീര് പരിശോധിച്ചിരുന്നു. ഇതിലാണ് അമീബയെ കണ്ടെത്തിയത്. വിദഗ്ധ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു
ഡോക്ടര്‍ ഇസ്‌മൈല്‍, ശിശുരോഗ വിഭാഗം
കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് നിഗ്ലേറിയ ഫൗളേറി ഉണ്ടാവുക. നീന്തുമ്പോഴോ വെള്ളത്തില്‍ വീഴുമ്പോഴും അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് നേരിട്ടെത്തും. ശരീരത്തിലെത്തിയാല്‍ ഗുരുതരാവസ്ഥയിലാകും. കടുത്ത പനിയും കഴുത്ത് വേദനയും വയറുവേദനയും തലവേദനയുമാണ് രോഗ ലക്ഷണം. രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരില്ല.
ഉയര്‍ന്ന താപനിലയിലും ജീവിക്കാന്‍ കഴിയുന്നവയാണ് നിഗ്ലേറിയ ഫൗളേറി.25 ഡിഗ്രി മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഇവയ്ക്ക് ജീവിക്കാന്‍ കഴിയും. തടാകങ്ങള്‍ , നദികള്‍, കുളങ്ങള്‍ എന്നിവയിലാണ് കാണപ്പെടുന്നത്. ശുദ്ധീകരിക്കാത്ത വാട്ടര്‍ ഹീറ്ററുകളിലും നിഗ്ലേറിയ ഫൗളേറി ഉണ്ടായേക്കാം. കടലില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.
2016ലാണ് കേരളത്തില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അമീബിക് മെനിഞ്ചൈറ്റിസ് മൂലം മരിച്ചത്. കായലില്‍ കുളിക്കുമ്പോഴായിരുന്നു നിഗ്ലേറിയ ഫൗളേറി ശരീരത്തിലെത്തിയത്. കടുത്ത പനിയും തലവേദനയുമായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കുമ്പോഴാണ് രോഗം കണ്ടെത്തിയത്. മറ്റ് മസ്തിഷ്‌ക ജ്വരങ്ങളെക്കാള്‍ അപകടകാരിയാണിതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
അമേരിക്കയിലും പാകിസ്ഥാനിലും നേരത്തെ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1960കളില്‍ ഓസ്‌ട്രേലിയിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നിഗ്ലേറിയ ഫൗളേറി സാധാരണ കാണപ്പെടുന്നതാണെങ്കിലും അപൂര്‍വ്വമായി മാത്രമാണ് രോഗകാരണമാകുന്നത്. മരണ സാധ്യത കൂടുതലുള്ള രോഗമാണിത്.