‘അമലയ്ക്ക് തമിഴ് സംസ്‌കാരം അറിയില്ല’,ആടൈയില്‍ നഗ്നതാ പ്രദര്‍ശനമെന്ന് പൊലീസിന് രാജേശ്വരി പ്രിയയുടെ പരാതി
അമല പോള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ആടൈ എന്ന തമിഴ് ചിത്രത്തില്‍ നഗ്നതാ പ്രദര്‍ശനമാണെന്ന് കാണിച്ച് പൊലീസില്‍ പരാതി. അനൈത് മക്കള്‍ കക്ഷി സ്ഥാപക നേതാവ് രാജേശ്വരി പ്രിയയാണ് തമിഴ്‌നാട് ഡിജിപിക്ക് പരാതി നല്‍കിയത്. നഗ്നതാ പ്രദര്‍ശനം നടത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും ട്രെയിലറുകളും തടയണമെന്നും അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ചിത്രത്തിന്റെ പോസ്റ്ററിലും ടീസറിലുമെല്ലാം അമല അര്‍ധനഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്താനിരിക്കെയാണ് രാജേശ്വരി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കുട്ടികളെയും യുവാക്കളെയും വഴിതെറ്റിക്കുന്നതും തമിഴ് സംസ്‌കാരത്തിന് വിരുദ്ധവുമാണ് ചിത്രത്തിന്റെ പരസ്യങ്ങളെന്ന് അവര്‍ ആരോപിച്ചു. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നല്‍കിയതിനാല്‍ തിയേറ്ററുകളിലെത്തുന്നത് തടയാനാകില്ല. എന്നാല്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെയാണ് തന്റെ നിയമ നടപടിയെന്നുമാണ് രാജേശ്വരിയുടെ വാദം. പ്രായഭേദമന്യേ എല്ലാവരും ഈ പോസ്റ്ററുകള്‍ കാണാനിടയാകും. ഇത് യുവാക്കളില്‍ തെറ്റായ ചിന്തകള്‍ വളര്‍ത്തുമെന്നും അവര്‍ പറയുന്നു.
അമല പോളിനെ രാജേശ്വരി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. അമല തമിഴ്‌നാട്ടുകാരിയല്ലാത്തതിനാല്‍ ഇവിടത്തെ സംസ്‌കാരം എന്താണെന്ന് അറിയില്ല. പണത്തിനും പ്രശസ്തിക്കും വേണ്ടി നടി എന്തും ചെയ്യുമെന്നും രാജേശ്വരി ആരോപിച്ചു. അര്‍ദ്ധനഗ്‌നയായി അമലയെത്തിയ ടീസര്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.വയലന്‍സ് രംഗങ്ങള്‍ കൂടുതലാണെന്ന കാരണത്താലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
മേയാതമന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ റിയലിസ്റ്റിക് ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ.മാനുഷിക വികാരങ്ങളുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ തിരക്കഥ അസാധാരണമാണെന്നും അതാണ് സിനിമ തെരഞ്ഞെടുക്കാന്‍ കാരണമെന്നും അമല പറഞ്ഞിരുന്നു.കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. വി. സ്റ്റുഡിയോസാണ് നിര്‍മ്മാണം.