സ്ത്രീകളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തു, മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂരമര്‍ദ്ദനം

സ്ത്രീകളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തു, മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂരമര്‍ദ്ദനം
Published on

അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്ത്രീകള്‍ നടത്തിയ സമരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം. മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയാണ് മര്‍ദിച്ചത്.

കാബൂള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ എറ്റിലാറ്റ്-റോസിലെ മാധ്യമ പ്രവര്‍ത്തകരായ താഖി തര്യാബി, നെമാത്ത് നാഖ്ദി എന്നിവരാണ് താലിബാന്‍ ക്രൂരതയ്ക്ക് ഇരയായത്.

ചൊവ്വാഴ്ച സ്ത്രീകള്‍ കാബൂളില്‍ നടത്തി പ്രതിഷേധ റാലി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇരുവരെയും താലിബാന്‍ അധികൃതര്‍ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടു പോവുകയായിരുന്നു. ഇരുവരെയും വെവ്വേറെ സെല്ലുകളിലാക്കി വടിയുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് എറ്റിലാറ്റ്-റോസ് പറയുന്നത്.

തങ്ങളുടെ സ്ഥാപനത്തിലെ രണ്ട് മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയെന്ന് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയ സാകി ദരിയാബി പറഞ്ഞു. ക്രൂര മര്‍ദ്ദനത്തിനിരയായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കുറെ സമയത്തേക്ക് അബോധാവസ്ഥയിലായിരുന്നുവെന്നും സാകി പറഞ്ഞു.

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതുമുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ ഭീഷണി നേരിടുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു. വനിതാ മാധ്യപ്രവര്‍ത്തകര്‍ പുറത്തിറങ്ങുന്നതുപോലും വിലക്കുന്ന സാഹചര്യമാണ് അഫ്ഗാനിലുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ കടന്നുകയറ്റത്തിനെതിരെ സ്ത്രീകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. നിരവധി സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in