പുരുഷന്മാര്‍ കൂടെയില്ലാതെ മാര്‍ക്കറ്റുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല; കാല്‍പ്പാദം പുറത്തുകാണരുതെന്ന് താലിബാന്റെ ചട്ടം

പുരുഷന്മാര്‍ കൂടെയില്ലാതെ മാര്‍ക്കറ്റുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല; കാല്‍പ്പാദം പുറത്തുകാണരുതെന്ന് താലിബാന്റെ ചട്ടം
Published on

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തി താലിബാന്റെ ചട്ടങ്ങള്‍. പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ക്ക് മാര്‍ക്കറ്റുകളിലെ പ്രവേശനം താലിബാന്‍ വിലക്കി. കഴിഞ്ഞ ദിവസം കാല്‍പ്പാദം പുറത്തുകാണുന്ന തരം ചെരുപ്പുകള്‍ ധരിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടികളെ ഭീകരവാദികള്‍ ആക്രമിച്ചു.

സ്ത്രീകള്‍ക്കെതിരെ അഫ്ഗാനില്‍ കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നതിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ പതിനെട്ടണ്ണം കേവലം എട്ട് ദിവസം കൊണ്ടാണ് താലിബാന്‍ പിടിച്ചെടുത്തത്. കാബൂളിന് തൊട്ടടുത്ത് അഫ്ഗാന്‍ എത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊവിഡിനെതിരായ വാക്‌സിന്‍ നിരോധിച്ചു

കൊവിഡിനെതിരായ വാക്സിനേഷന്‍ നിരോധിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് വാക്സിനേഷന്‍ നിരോധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടുത്തെ ആശുപത്രികളില്‍ നിരോധനം സംബന്ധിച്ച പോസ്റ്ററുകളും താലിബാന്‍ പതിപ്പിച്ചു.

കഴിഞ്ഞയാഴ്ചയാണ് പാക്ത്യ പ്രവിശ്യയില്‍ താലിബാന്‍ പിടിമുറുക്കിയത്. ഐക്യരാഷ്ട്ര സഭയുടെ പദ്ധതിയുടെ ഭാഗമായാണ് പ്രധാനമായും അഫ്ഗാനിസ്ഥാനില്‍ വാക്സിന്‍ എത്തുന്നത്.

അഫ്ഗാനില്‍ അവിവാഹിതരായ സ്ത്രീകള്‍ താലിബാന്‍ ഭീകരവാദികളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള സ്ത്രീകളെ ഭീകരവാദികളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിലെ പ്രവിശ്യകളില്‍ വ്യാപകമായി നടക്കുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ അഫ്ഗാന്‍ സേനയുടെ ഭാഗമായവരെ കൂട്ടക്കൊല ചെയ്യുകയാണ്. പൗരന്മാര്‍ക്ക് നേരെ പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനോടകം താലിബാന്‍ അഫ്ഗാനില്‍ പതിനേഴ് പ്രധാന നഗരങ്ങളാണ് പിടിച്ചെടുത്തത്. അഫ്ഗാനില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അയല്‍ രാജ്യങ്ങളോട് അതിര്‍ത്തി തുറന്നിടാന്‍ യു.എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

'' സുരക്ഷിതമായിടത്തേക്ക് എത്തിപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ അനേകം അഫ്ഗാന്‍ പൗരന്മാരുടെ ജീവിതം അപകടത്തിലാകും. യു.എന്‍.എച്ച്.സി.ആര്‍ എല്ലാവിധ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്,'' യുഎന്‍ വക്താവ് പറഞ്ഞു

അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന മേഖലയായ ഗാസ്നി താലിബാന്‍ പിടിച്ചെടുത്തതോടെ താലിബാനുമായി അധികാര വിഭജനമെന്ന സമവായത്തിലേക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഖത്തര്‍ വഴി താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാര്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അഫ്ഗാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രദേശമാണ് ഗാസ്നി. കഴിഞ്ഞ ദിവസങ്ങളില്‍ തന്ത്രപ്രധാാനമായ പത്തോളം പ്രവിശ്യകള്‍ പിടിച്ചെടുത്തതിന് ശേഷമാണ് താലിബാന്‍ ഗാസ്നിയിലെത്തിയത്.

ഗാസ്നി താലിബാന്‍ പിടിച്ചെടുത്തതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചിരുന്നു. പ്രദേശത്തെ ഗവര്‍ണറെ അഫ്ഗാന്‍ സെക്യൂരിറ്റി ഫോഴ്സ് അറസ്റ്റ് ചെയ്തുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാന്‍ സര്‍ക്കാരിന് ഇതിനോടകം വടക്കന്‍ മേഖലയിലെയും പശ്ചിമ മേഖലയിലെയും ആധിപത്യം നഷ്ടപ്പെട്ടു. നഗര പ്രദേശങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെ തുടരുമെന്നാണ് കരുതിയിരുന്നതെങ്കിലും അവിടെയും സ്ഥിതിഗതികള്‍ സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗാസ്നി കൂടി നഷ്ടപ്പെട്ടത് മേഖലയിലെ സ്ഥിതി ഗതികള്‍ കൂടുതല്‍ ആശങ്കാജനമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in