രക്ഷപെടാനുള്ള ഓട്ടത്തിനിടയില്‍ വിമാനത്തില്‍ നിന്ന് വീണ് മരിച്ചത് അഫ്ഗാന്‍ ഫുട്‌ബോളര്‍; ടയറുകള്‍ക്കിടയിലും മനുഷ്യശരീര അവശിഷ്ടങ്ങള്‍

രക്ഷപെടാനുള്ള ഓട്ടത്തിനിടയില്‍ വിമാനത്തില്‍ നിന്ന് വീണ് മരിച്ചത് അഫ്ഗാന്‍  ഫുട്‌ബോളര്‍;  ടയറുകള്‍ക്കിടയിലും മനുഷ്യശരീര അവശിഷ്ടങ്ങള്‍
Published on

കാബൂളില്‍ നിന്നും ആളുകളെ പുറത്തെത്തിക്കുന്ന യുഎസ് വിമാനത്തില്‍ നിന്നും വീണ് മരിച്ച് അഫ്ഗാന്‍ യുവ ഫൂട്‌ബോളര്‍. പത്തൊമ്പത് വയസ് മാത്രം പ്രായമുള്ള സാകി അന്‍വാരിയാണ് യുഎസ്എഎഫ് ബോയിങ്ങ് c-17 വിമാനത്തില്‍ നിന്ന് വീണ് മരിച്ചത്.

ഞായറാഴ്ച കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ ആയിരക്കണക്കിന് ജനങ്ങളാണ് കാബൂള്‍ എയര്‍പോര്‍ട്ടില്‍ തടിച്ചു കൂടിയത്. എയര്‍പോര്‍ട്ടിലെ തിക്കും തിരക്കും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ചിറകില്‍ പോലും പിടിച്ചു തൂങ്ങുന്ന ആളുകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ടേക്ക് ഓഫ് ചെയ്ത വിമാനത്തില്‍ നിന്ന് രണ്ടു പേര്‍ വീഴുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

അഫ്ഗാന്‍ ന്യൂസ് ഏജന്‍സി അരിയാന സാക്കിയുടെ മരണം സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടു. അഫ്ഗാന്‍ നാഷണല്‍ ടീമംഗമാണ് സാക്കി.

അമേരിക്കന്‍ യുദ്ധവിമാനത്തിന്റെ പുറത്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സാക്കി വീണു മരിച്ചതെന്നാണ് കരുതപ്പടുന്നത്.

കാബൂളില്‍ നിന്നും പുറപ്പെട്ട സി-17 വിമാനം ഏകദേശം 640 പേരെയും കൊണ്ടാണ് പുറത്തു കടന്നത്. വിമാനത്തിന്റെ സീറ്റിങ്ങ് കപ്പാസിറ്റിയുടെ അഞ്ചിരട്ടിയാണിത്.

ആളുകള്‍ വീണ് മരിച്ചതിന് പുറമെ സി-17 വിമാനത്തിന്റെ ടയറുകളില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാബൂള്‍ എയര്‍പോര്‍ട്ട് വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ താലിബാന്‍ തടയുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതികാര നടപടക്ക് നില്‍ക്കില്ലെന്ന് പറഞ്ഞെങ്കിലും താലിബാന്‍ വീടു തോറും കയറി കഴിഞ്ഞ അഫ്ഗാന്‍ സര്‍ക്കാരിന്റെ സമയത്ത് നാറ്റോ സേനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ തിരയുകയാണെന്ന് റിപ്പോര്‍ട്ട്. യു.എന്നിന് വിവരങ്ങള്‍ നല്‍കുന്ന രഹസ്യാന്വേഷണ ഏജന്‍സിയാണ് താലിബാന്‍ അഫ്ഗാനിലെ വീടുകളില്‍ കയറി ചെന്ന് സൈനികരെ തിരയുകയും, അവരുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

സ്വയം കീഴടങ്ങാത്ത പക്ഷം കുടുംബാംഗങ്ങളെ ശിക്ഷിക്കുമെന്ന് താലിബാന്‍ താക്കീത് നല്‍കിയിട്ടുണ്ടെന്നും ബിബിസി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in