പ്രതിരോധം; കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷവും യൂണിഫോം ധരിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക്

പ്രതിരോധം; കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷവും യൂണിഫോം ധരിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക്
Published on

അഫ്ഗാനിസ്ഥാനില്‍ കാബൂളും താലിബാന്‍ പിടിച്ചെടുത്തതോടെ കടുത്ത ആശങ്കയാണ് അന്തരാഷ്ട്ര തലത്തില്‍ ഉയരുന്നത്. കാബൂളിലെ സര്‍വ്വകലാശാലകള്‍ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചുവെന്നും പെണ്‍കുട്ടികളോട് അധ്യാപകര്‍ വിട പറഞ്ഞുവെന്നുമുള്ള വാര്‍ത്തകളെല്ലാം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.

കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷവും യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് പോകുന്ന കുട്ടികളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പ്രതിരോധത്തിന്റെ അടയാളം, പ്രതീക്ഷയുടെ ചിത്രങ്ങള്‍ എന്നെല്ലാമുള്ള അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പലരും ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഭീതിയുടെയും പ്രതീക്ഷയുടെയും ചിത്രമെന്നാണ് ബിബിസി ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

അഹ്‌മര്‍ ഖാന്‍ എന്ന അവാര്‍ഡ് വിന്നിങ്ങ് മാധ്യമപ്രവര്‍ത്തകനാണ് ചിത്രം പങ്കുവെച്ചത്. എമ്മി അവാര്‍ഡ് നോമിനേറ്റഡ് മാധ്യമപ്രവര്‍ത്തകനുമാണ് അഹ്‌മര്‍ ഖാന്‍.

അഫ്ഗാനിലെ യുവതയുടെ വലിയൊരു വിഭാഗവും താലിബാന്‍ ഭരണത്തിന് കീഴില്‍ ജീവിച്ചതിന്റെ ഓര്‍മ്മകളില്ലാത്തവരാണ്. താത്ക്കാലിക രക്ഷയ്ക്ക് തങ്ങളുടെ മക്കളോട് ബുര്‍ഖ ഉള്‍പ്പെടെയുള്ള വേഷങ്ങള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ തയ്യാറാകാത്തത് ഭയപ്പെടുത്തുന്നുണ്ടെന്ന് കുട്ടികളുടെ മാതാപിക്കള്‍ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു.

കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ മോശമാണെന്നും കാബൂളിലേക്ക് കൂടുതല്‍ താലിബാന്‍ ഭീകരവാദികള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അഹ്‌മര്‍ ഖാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നമ്മള്‍ക്കറിയാവുന്ന ജനങ്ങളെ അതീവ അപകടമായ അവസ്ഥയിലിട്ട് കടന്നു പോകേണ്ടി വരുന്നത് വലിയ വേദനയുണ്ടാക്കുന്നുവെന്നും അഹമ്മദ് കബീര്‍ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in