പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവില്‍ ശബ്ദമുയര്‍ത്തി നടി പാര്‍വതിയും; മുംബൈ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ആളിപ്പടരുമ്പോള്‍ തെരുവിലിറങ്ങി ശബ്ദമുയര്‍ത്തി നടി പാര്‍വതി തിരുവോത്തും. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ ബോളിവുഡില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന പ്രതിഷേധ സായാഹ്നത്തിലാണ് പാര്‍വതിയും പങ്കാളിയായത്. ഇതില്‍ പങ്കെടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് നടിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. സോഷ്യല്‍ മീഡിയ പ്രതികരണത്തിനപ്പുറം തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ തയ്യാറായ നടപടിക്ക് കൈയ്യടിച്ചാണ് നിരവധിയാളുകള്‍ ചിത്രം പങ്കുവെയ്ക്കുന്നത്.
ഇതാദ്യമായല്ല പാര്‍വതി വിഷയത്തില്‍ അഭിപ്രായം അറിയിക്കുന്നത്. ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പമായിരുന്നു പാര്‍വതി നിലപാട് പോസ്റ്റ് ചെയ്തത്. ‘പൊലീസ് നടത്തുന്നതാണ് തീവ്രവാദം’ എന്നായിരുന്നു പോസ്റ്റ്. ഒപ്പം ‘ജാമിയയ്‌ക്കൊപ്പം നില്‍ക്കുക’ എന്ന ഹാഷ് ടാഗും പങ്കുവെച്ചിരുന്നു. നിയമം പാര്‍ലമെന്റ് പാസാക്കിയ ഘട്ടത്തിലും നിലപാട് വ്യക്തമാക്കി നടി രംഗത്തെത്തിയിരുന്നു. ‘നട്ടെല്ലിലൂടെ ഭീതി അരിച്ചുകയറുന്നു. ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തത്’ എന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്.
മുംബൈയിലെ പ്രതിഷേധത്തില്‍ ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകരായ ഫര്‍ഹാന്‍ അക്തര്‍, അനുരാഗ് കശ്യപ്, നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ, സുശാന്ത് സിങ്, സ്വര ഭാസ്‌കര്‍, അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, ജാവേദ് ജെഫ്രി, സഞ്ജയ് സൂരി, അനുപ്രിയ ഗോയങ്ക, നിഖില്‍ അദ്വാനി, രാകേഷ് ഓംപ്രകാശ് മെഹ്‌റ, അര്‍ജുന്‍ മാത്തൂര്‍, കൗസര്‍ മുനീര്‍, കബീര്‍ ഖാന്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേരിട്ടെത്തി.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം