അഭയയുടെ തലയില്‍ മുറിവുണ്ടായിരുന്നു, കോട്ടൂരിനെതിരെ പെണ്‍കുട്ടികള്‍ പരാതി പറഞ്ഞിട്ടുണ്ട്; നിര്‍ണായക മൊഴി
അഭയ കേസില്‍ പ്രതികള്‍ക്കെതിരെ സാക്ഷിയുടെ നിര്‍ണായക മൊഴി. പ്രതികള്‍ സ്വഭാവ ദൂഷ്യമുള്ളവരായിരുന്നുവെന്ന് കോട്ടയം ബി.സി.എം കോളജ് അധ്യാപിക ത്രേസ്യാമ്മ മൊഴി നല്‍കി. ഫാദര്‍ കോട്ടൂരിനെതിരെ നിരവധി പെണ്‍കുട്ടികള്‍ തന്നോട് പരാതി പറഞ്ഞിരുന്നു. അഭയയുടെ മൃതദേഹം കാണുമ്പോള്‍ തലയില്‍ മുറിവുണ്ടായിരുന്നുവെന്നും ത്രേസ്യാമ്മ കോടതിയില്‍ പറഞ്ഞു. കേസിലെ രണ്ട് പ്രതികളെയും ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
അഭയ കേസിലെ 12-ാം സാക്ഷിയായ ത്രേസ്യാമ്മ അഭയയുടെ അധ്യാപികയാണ്. അതേസമയം മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി ത്രേസ്യാമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് മൊഴി മാറ്റിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം നടത്തുന്നത്. തന്നെ ഒറ്റപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തു. അവിവാഹിതയായതിനാലാണ് മൊഴിയില്‍ ഉറച്ചുനില്‍ക്കാനായതെന്നും അവര്‍ വ്യക്തമാക്കി.
നേരത്തേ കേസില്‍ പ്രധാനപ്പെട്ട അഞ്ച് സാക്ഷികള്‍ കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ചു പി മാത്യു, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷി അച്ചാമ്മ, 50-ാം സാക്ഷി സിസ്റ്റര്‍ അനുപമ, 53-ാം സാക്ഷി ആനി ജോണ്‍ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ 27 വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്. നേരത്തേ സുപ്രധാന മൊഴി നല്‍കിയ അനുപമ ആദ്യ ദിവസം തന്നെ കൂറുമാറിയിരുന്നു.
കേസിന്റെ വിചാരണ ഒക്ടോബര്‍ ഒന്നുമുതല്‍ വീണ്ടും തുടരും. 1992 മാര്‍ച്ച് 27 നാണ് ദുരൂഹ സാഹചര്യത്തില്‍ കോട്ടയം പയസ്‌ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തുത്തുന്നത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തിയ കേസ് 1993-ല്‍ സിബിഐക്ക് വിടുകയായിരുന്നു.