മോദിയെ വിമര്‍ശിച്ച ടൈം ലേഖകനെ ‘കോണ്‍ഗ്രസ് പിആര്‍ മാനേജരാക്കി’, വിക്കിപ്പീഡിയ തിരുത്തി വ്യാജപ്രചരണം

മോദിയെ വിമര്‍ശിച്ച ടൈം ലേഖകനെ ‘കോണ്‍ഗ്രസ് പിആര്‍ മാനേജരാക്കി’, വിക്കിപ്പീഡിയ തിരുത്തി വ്യാജപ്രചരണം

Published on

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ടൈം മാഗസിനില്‍ ലേഖനമെഴുതിയയാളുടെ വിക്കിപീഡിയ പേജ് തിരുത്തുകളിലൂടെ നശിപ്പിച്ച് സംഘപരിവാര്‍ അനുകൂലികള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ഇനിയും മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം കൂടി താങ്ങാനാകുമോ? എന്ന തലക്കെട്ടില്‍ മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് ടസീര്‍ ടൈം മാഗസിനില്‍ ലേഖനമെഴുതിയിരുന്നു. ഇദ്ദേഹത്തിനെതിരെയാണ് സൈബര്‍ ആക്രമണമുണ്ടായത്. മോദി ഇന്ത്യയുടെ വിഭജനത്തിന്റെ തലവന്‍ എന്ന തലക്കെട്ടിലായിരുന്നു അമേരിക്കാന്‍ വാര്‍ത്താ മാഗസിനായ ടൈമിന്റെ മെയ് 20 ലക്കം പുറത്തിറങ്ങിയത്. ഇത് വാര്‍ത്തയായതിന് പിന്നാലെ മെയ്് 10 വെള്ളിയാഴ്ച രാവിലെ 7.59ന് വിക്കിപീഡിയയിലെ ആതിഷിനെക്കുറിച്ചുള്ള ജീവചരിത്ര വിവരണത്തില്‍ ആദ്യ തിരുത്തുണ്ടായി. ആതിഷ് കോണ്‍ഗ്രസിന്റെ പിആര്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു എന്ന് കരിയര്‍ വിഭാഗത്തില്‍ എഴുതിച്ചേര്‍ത്തു.

തുടര്‍ന്ന് ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണമാരംഭിച്ചു. മോദിയെക്കുറിച്ച് ലേഖനമെഴുതിയത് കോണ്‍ഗ്രസിന്റെ പിആര്‍ മാനേജരാണെന്ന വ്യാജ പ്രചരണം അഴിച്ചുവിട്ടു. പിആര്‍ മാനേജര്‍ എന്നെഴുതിയതില്‍ അക്ഷരത്തെറ്റുമുണ്ടായിരുന്നു.'manger' എന്നായിരുന്നു എഴിതിയത്. പിന്നീട് വൈകീട്ട് വരെ തുടരെ തിരുത്തുകളുണ്ടാവുകയും പേജ് നീക്കം ചെയ്യപ്പെടുകയും ചെയ്തു. ഒടുവില്‍ രാത്രി 8.30 ഓടെയാണ് പൂര്‍വസ്ഥിതിയില്‍ പേജ് പുനസ്ഥാപിക്കപ്പെട്ടത്. പേജിലെ വ്യൂ ഹിസ്റ്ററിയില്‍ തിരുത്തലുകളുടെ പട്ടിക ലഭ്യമാണ്. തിരുത്തുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ആര്‍ക്കും എഡിറ്റ് ചെയ്യാവുന്നതാണ് വിക്കിപീഡിയ.ഓരോ ആര്‍ട്ടിക്കിളുകളിലും ആര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താവുന്ന തരത്തിലാണ് വിക്കിപീഡിയയുടെ ക്രമീകരണം. എന്നാല്‍ മോദി അനുകൂലികള്‍ ഇത് വ്യാജപ്രചരണത്തിന് ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ഉപദ്രവകരമായ ഇടപെടലുകള്‍ ഉണ്ടായതിനെതുടര്‍ന്ന് ആതിഷിന്റെ ജീവചരിത്ര വിവരണത്തിന് വിക്കിപീഡിയ സംരക്ഷണം ഒരുക്കിയിട്ടുണ്ട്. ഇനിയാര്‍ക്കും തോന്നിയപോലെ തിരുത്തുകള്‍ വരുത്താനാകില്ല.

മോദിയും ബിജെപിയും തരാതരത്തിന് പഴി പറയുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മതനിരപേക്ഷ ആശയവും മോദിയുടെ കീഴിലുള്ള രാജ്യത്തെ അരാജക അവസ്ഥയുമാണ് ആതിഷിന്റെ റിപ്പോര്‍ട്ട് താരതമ്യം ചെയ്യുന്നത്. ഇന്ത്യയിലെ ഹിന്ദു- മുസ്ലീം വിഭാഗങ്ങള്‍ക്ക് ഇടയില്‍ സാഹോദര്യ അന്തരീക്ഷം ശക്തിപ്പെടുത്താനുള്ള ഒരാഗ്രവും മോദി ഇക്കാലമത്രയും പ്രകടിപ്പിച്ചിട്ടില്ല. പകരം എങ്ങനെ വിഷയം വഷളാക്കാമെന്നാണ് മോദി ഈ കാലമത്രയും നോക്കിയതെന്ന് ലേഖനം പറയുന്നു.ഗുജറാത്തില്‍ മോദി ഭരണകാലത്ത് അരങ്ങേറിയ വംശീയ കലാപവും അതില്‍ കൊല്ലപ്പെട്ട ഒട്ടനവധി ജനങ്ങളേയും ആതിഷ് തസീര്‍ റിപ്പോര്‍ട്ടില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെ. ബൃഹത്തായ ജനാധിപത്യ ഭരണത്തില്‍ നിന്ന് പോപ്പുലിസത്തിലേക്ക് വീണ രാജ്യങ്ങളില്‍ ആദ്യത്തേത് ഇന്ത്യയാണ്.

30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ഹിന്ദു ദേശീയത പറയുന്ന ബിജെപിയുടെ നേതാവായി ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി 2014ല്‍ അധികാരത്തില്‍ വന്നു. അന്നുവരെ രാജ്യം പ്രധാനമായും ഭരിച്ചിരുന്നത് ഒരു പാര്‍ട്ടിയാണ്- കോണ്‍ഗ്രസ്, ഇന്ദിരാ ഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്റുവിന്റേയും പാര്‍ട്ടി. സ്വാതന്ത്ര്വം നേടിയതിന് ശേഷമുള്ള 67 വര്‍ഷത്തില്‍ 54ലും ഭരിച്ചത് കോണ്‍ഗ്രസായിരുന്നു. ഇപ്പോള്‍ ഇന്ത്യ വോട്ട് ചെയ്യുകയാണ് അതിന്റെ വിധി ബിജെപിയും മോദിയും നിശ്ചയിക്കുന്നതു പോലെ തുടരണോയെന്ന് തീരുമാനിക്കാന്‍. ഈ ആമുഖത്തോടെയാണ് ടൈം മാഗസീന്റെ റിപ്പോര്‍ട്ട് മോദിക്കാലത്തെ വിലയിരുത്തുന്നത്. മോദി കഥയുടെ ആദ്യ ഘട്ടത്തിലേക്ക് പോയാലേ എന്തു കൊണ്ട് മോദിയുടെ കടന്നുവരവ് ഒരു അനിവര്യതതയും അതേപോലെ ഇന്ത്യക്ക് അത്യാപത്തുമായെന്ന് മനസിലാക്കാനാകുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

1947ല്‍ ബ്രിട്ടീഷ് ഇന്ത്യ രണ്ടായത് മുതല്‍ വിഭജനത്തിന്റെ കഥപറയുന്നുണ്ട് ടൈം. പാകിസ്താന്‍ മുസ്ലിങ്ങള്‍ക്കുള്ള രാജ്യമായപ്പോള്‍ കേംബ്രിഡ്ജില്‍ നിന്ന് പഠിച്ചിറങ്ങിയ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റു ഹിന്ദു രാഷ്ട്രമായി നിലകൊള്ളാന്‍ തയ്യാറായില്ല. പുതിയതായി സ്വാതന്ത്ര്വം നേടിയ രാജ്യത്തിന് നെഹ്റുവിന്റെ ആശയം നല്‍കിയത് മതനിരപേക്ഷതയായിരുന്നു. ആ മതനിരപേക്ഷതയ്ക്ക് മോദിക്കാലത്ത് എന്തുസംഭവിച്ചെന്നും എങ്ങനെയാണ് മോദിയിലേക്ക് ഇന്ത്യ മാറിയതെന്നും ടൈം ലേഖനത്തില്‍ വരച്ചിടുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മോദിയുടെ ഭാഗ്യം ദുര്‍ബലമായ പ്രതിപക്ഷമാണെന്നാണ് ടൈം പറയുന്നത്. 2014ലെ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത മോദിക്ക് ഇന്ത്യ രണ്ടാമത് അവസരം കൊടുക്കോമെയെന്ന് ചോദിക്കുന്ന ലേഖകന്‍ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെ.ഇന്ത്യ അവളുടെ പരിമിതിയില്‍ നിന്ന് രണ്ടാമതൊരു അവസരം കൂടി മോദിക്ക് കൊടുക്കുകയാണെങ്കില്‍, തന്റെ തോല്‍വികള്‍ക്ക് അയാള്‍ ലോകത്തെ എങ്ങനെയാണ് ഇനിയും ശിക്ഷിക്കുക എന്ന് ആലോചിച്ച് ഞെട്ടുകയല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. നേരത്തേയും മോദിക്കെതിരെ വിമര്‍ശനാത്മക ലേഖനങ്ങള്‍ ടൈം പ്രസിദ്ധീകരിച്ചിരുന്നു. 2012ലെ ലേഖനത്തില്‍ വിവാദനായകനായും കൗശലക്കാരനും കുടിലത നിറഞ്ഞ രാഷ്ട്രീയക്കാരനുമായാണ് ടൈം മോദിയെ വിശേഷിപ്പിച്ചത്.

logo
The Cue
www.thecue.in