കേരളത്തിലെ ആദ്യകാല പ്രൊജക്ടർ ഇനി ചലച്ചിത്ര അക്കാദമിയുടെ ശേഖരത്തില്‍

കേരളത്തിലെ ആദ്യകാല പ്രൊജക്ടർ ഇനി ചലച്ചിത്ര അക്കാദമിയുടെ ശേഖരത്തില്‍
Published on

കേരളത്തിലെ ചലച്ചിത്ര പ്രദര്‍ശന ചരിത്രത്തിന്റെ ഭാഗമായ, 80 വര്‍ഷത്തിലധികം പഴക്കമുള്ള സിനിമാ പ്രൊജക്ടര്‍ ഇനി മുതല്‍ ചലച്ചിത്ര അക്കാദമിയുടെ ചരിത്രശേഖരത്തില്‍ സൂക്ഷിക്കും. കേരളത്തിലെ ചലച്ചിത്രപ്രദര്‍ശനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫിന്റെ പേരക്കുട്ടി കെ.ഡി പോള്‍ സ്ഥാപിച്ച തൃശൂര്‍ സപ്ന തിയേറ്ററില്‍ സൂക്ഷിച്ചിരുന്ന ആദ്യകാല പ്രൊജക്ടറാണ് അക്കാദമിക്ക് കൈമാറിയിരിക്കുന്നത്.പ്രളയവും ലോക് ഡൗണും കാരണം കടുത്ത പ്രതിസന്ധിയിലായ സപ്ന തിയേറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തിയേറ്റര്‍ ഉടമയെ സമീപിച്ച് ചരിത്രമൂല്യമുള്ള പ്രൊജക്ടര്‍ അക്കാദമിയുടെ ചലച്ചിത്രഗവേഷണകേന്ദ്രത്തില്‍ സൂക്ഷിക്കാന്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഈ അഭ്യര്‍ത്ഥന മാനിച്ച് നിലവില്‍ തിയേറ്റര്‍ ഉടമയായ കെ.ഡി പോളിന്റെ മകന്‍ മോഹന്‍ പോള്‍, പ്രൊജക്ടര്‍ ചലച്ചിത്ര അക്കാദമിക്ക് കൈമാറി. അക്കാദമി പ്രോഗ്രാം മാനേജര്‍ (ഫെസ്റ്റിവല്‍) കെ.ജെ റിജോയ്, ഡോക്യുമെന്റേഷൻ അസിസ്റ്റന്‍റ് ശിവകുമാര്‍ പി.എസ്, പ്രൊജക്ഷനിസ്റ്റ് ജോണ്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കില്‍ അക്കാദമി സ്ഥാപിച്ച ചലച്ചിത്രഗവേഷണകേന്ദ്രമായ സിഫ്രയിലെ (സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം റിസര്‍ച്ച് ആന്‍റ് ആര്‍ക്കൈവ്സ്) എക്സിബിഷന്‍ ഹാളില്‍ ചരിത്രമൂല്യമുള്ള ഈ പ്രൊജക്ടര്‍ പ്രദര്‍ശനത്തിനായി സജ്ജീകരിക്കുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു.

81 വര്‍ഷം മുമ്പ് രാമവര്‍മ്മ തിയേറ്റര്‍ എന്ന പേരില്‍ തുടങ്ങിയ സിനിമാശാലയാണ് പിന്നീട് സ്വപ്ന തിയേറ്റര്‍ ആയത്. ‘നല്ല തങ്ക’, ‘സ്നാപക യോഹന്നാന്‍’, തുടങ്ങിയ ആദ്യകാല സിനിമകള്‍ പലതും പ്രദര്‍ശിപ്പിച്ചത് സൂപ്പര്‍ സിംപ്ളക്സ് എന്നറിയപ്പെടുന്ന ഈ പ്രൊജക്ടറിലാണ്. ലോകസിനിമയുടെ ചരിത്രത്തിലെ വിഖ്യാത ചിത്രമായ ‘ദ ഗ്രേറ്റ് ട്രെയിന്‍ റോബറി’യുടെ സംവിധായകന്‍ എഡ്വിന്‍ എസ് പോര്‍ട്ടര്‍ 1909ല്‍ രൂപകല്‍പ്പന ചെയ്ത സിംപ്ളക്സ് എന്ന അമേരിക്കന്‍ പ്രൊജക്ടറിന്റെ പരിഷ്കരിച്ച രൂപമായ സൂപ്പര്‍ സിംപ്ളക്സ് 1933ലാണ് ബ്രിട്ടനിലത്തെുന്നത്. തുടര്‍ന്ന് ഇന്ത്യയിലെ ആദ്യകാല തിയേറ്ററുകളില്‍ ഇത് സ്ഥാപിക്കപ്പെട്ടു.

1907ലെ തൃശൂര്‍ പൂരത്തിന് ബയോസ്കോപ്പ് പ്രദര്‍ശനം നടത്തിയാണ് കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് മലയാളികളെ സിനിമ എന്ന ദൃശ്യവിസ്മയത്തിലേക്ക് ആകര്‍ഷിച്ചത്. ജോസ് ബയോസ്കോപ്പ് എന്നു പേരിട്ട ഈ സംരംഭവുമായി ജോസഫ് ദക്ഷിണേന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. വൈദ്യുതിയത്തെിയതിനെ തുടര്‍ന്ന് 1913ല്‍ ജോസ് ബയോസ്കോപ്പ് ജോസ് ഇലക്ട്രിക്കല്‍ ബയോസ്കോപ്പ് ആയി. പിന്നീട് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വിശാലമായ കൂടാരത്തില്‍ ‘രാജാ ഹരിശ്ചന്ദ്ര’, ‘കാളിയമര്‍ദനം’ എന്നീ ഇന്ത്യന്‍ ചിത്രങ്ങളും ‘കിംഗ് ഓഫ് സര്‍ക്കസ്’ പോലുള്ള ഇംഗ്ളീഷ് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കേരളത്തിലെ ആദ്യത്തെ സ്ഥിരം സിനിമാശാലയായ തൃശൂരിലെ ജോസ് തിയേറ്റര്‍ സ്ഥാപിക്കുകയും ചെയ്തു. വാറുണ്ണി ജോസഫിന്റെ മകന്‍ കെ.ജെ ദേവസ്സിയും മകന്‍ കെ.ഡി പോളും തിയേറ്റര്‍ വ്യവസായത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തൃശൂരിലെ സപ്ന തിയേറ്ററും കോഴിക്കോട്ടെ ഡേവിസണ്‍ തിയേറ്ററും ഈ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in