സിക വൈറസ് രോഗം കേരളത്തില്‍, ലക്ഷണങ്ങള്‍ പ്രതിരോധം

സിക വൈറസ് രോഗം കേരളത്തില്‍, ലക്ഷണങ്ങള്‍ പ്രതിരോധം
Published on

സിക വൈറസ് രോഗം കേരളത്തിൽ

കേരളത്തിൽ സിക (Zika) വൈറസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പാറശാലയിൽ നിന്നും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 24 വയസ്സുള്ള ഗർഭിണിയിലാണ്. വൈറസ് ബാധ സ്ഥിരീകരിച്ചത്. സിക കേരളത്തിലെത്തിയത് തീരെ അപ്രതീക്ഷിതമായല്ല, ഡങ്കി, ചിക്കുൻ ഗുനിയ, തുടങ്ങിയ വൈറസ് രോഗങ്ങളെ പോലെ ഈഡിസ് ഈജിപ്തി (Aedes aegypti) കൊതുക് പരത്തുന്ന രോഗമാണ് സിക. കേരളത്തിൽ ഈഡിസ് ഈജിപ്തൈ കൊതുക് സാന്ദ്രത വളരെ കൂടുതലാണ്. ഗുരുതരമായ രോഗമല്ലെങ്കിലും സിക രോഗത്തിന്റെ പ്രധാനപ്രശ്നം ഗർഭിണികളെ ബാധിച്ചാൽ ഗർഭസ്ഥ ശിശുക്കൾക്ക് തലച്ചോറിന്റെ വരൾച്ച മുരടിക്കുന്ന മൈക്രോകെഫലി എന്ന ജന്മവൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതാണ്. കേരളത്തിൽ സിക കണ്ടെത്തിയ വനിത പ്രസവിച്ച കുട്ടിയിൽ ആരോഗ്യപ്രശ്നമൊന്നും കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പിന്നീട് 14 പേരിൽകൂടി രോഗം സ്ഥിരീകരിച്ചതായി വാർത്തയുണ്ട്.

ഈഡിസ് ഈജിപ്തി കൊതുക് നിർമ്മാർജ്ജനം കൈവരിച്ചില്ലെങ്കിൽ ഇതേ കൊതുകുകൾ പരത്തുന്ന കൂടുതൽ മാരക സ്വഭാവമുള്ള മഞ്ഞപ്പനി (Yellow Fever) പ്രവാസി ജനത എറെയുള്ള കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എത്താൻ സാധ്യതയുണ്ട് വാക്സിൻ ലഭ്യമാണെങ്കിലും മഞ്ഞപ്പനിയുടെ മരണനിരക്ക് വളരെ കൂടുതലാണ്.

Zika virus disease
Zika virus disease

രോഗ ലക്ഷണങ്ങൾ

ഫ്ലാവി വിറിഡേ വിഭാഗത്തിൽ പെട്ട ആർ എൻ എ വൈറസാണ് രോഗകാരണം. പനി, തലവേദന, ശരീരവേദന, സന്ധിവേദന, ചെങ്കണ്ണ് തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകൾ, ശരീരത്തിൽ തിണർപ്പ് തുടങ്ങിയവയാണ് സിക്ക രോഗലക്ഷണങ്ങൾ. ഡങ്കി, മഞ്ഞപ്പനി, ജപ്പാനീസ് മസ്തിഷ്ക ജ്വരം വെസ്റ്റ് നൈൽ രോഗം തുടങ്ങിയ വൈറസ് രോഗങ്ങൾക്കും സമാനമായ രോഗലക്ഷണങ്ങളാണുള്ളത്. രണ്ട് മുതൽ ഏഴുദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ട് നിൽക്കും. കൊതുകുകളിലൂടെയല്ലാതെ രക്തദാതാവിലൂടെയും രോഗവാഹകരുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാം. ആർ ടി പി സി ആർ, എലിസ ടെസ്റ്റുകളിലൂടെ രോഗനിർണ്ണയം നടത്താം. സിക ചികിത്സിക്കുന്നതിനായി പ്രത്യേക ആന്റിവൈറൽ മരുന്ന് ലഭ്യമല്ല സാധാരണ വൈറൽ രോഗലക്ഷണ ചികിത്സ മതിയാവും വാക്സിനും കണ്ടെത്തിയിട്ടില്ല. ഗവേഷണം നടക്കുന്നുണ്ട്.

സിക ഉത്ഭവം

കുരങ്ങുകളിൽ നിന്നാണ് കൊതുകുകളിലൂടെ വൈറസ് മനുഷ്യരിലെത്തിയത്. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ സിക വനപ്രദേശത്തെ കുരങ്ങുകളിലാണ് 1947 ഏപ്രിൽ മാസത്തിൽ സിക വൈറസ് കണ്ടെത്തിയത്. 1948 മുതൽ ഈ കാടിന്റെ പേരിൽ വൈറസ് അറിയപ്പെട്ട് തുടങ്ങി. കുരങ്ങുകളിൽ മാത്രം ആദ്യം കണ്ടുവന്ന സിക വൈറസ് മനുഷ്യരിലെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത് 1952 ലാണ്. പിന്നീട് 71 രാജ്യങ്ങളിൽ സിക രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു.. 2015 ൽ ബ്രസീലിൽ രോഗവ്യാപനം ഉണ്ടായ അവസരത്തിലാണ് ഗർഭിണികളിൽ നിന്നും ശിശുവിലേക്ക് രോഗം പടരുമെന്നും ജന്മവൈകല്യത്തിന് കാരണമാവുമെന്നും കണ്ടെത്തിയത്.

രോഗ പ്രതിരോധം

കറുപ്പ് നിറവും മൂന്ന് ജോഡി കാലുകളിലും മുതുകിലും വെളുത്ത വരകളുമുള്ളവയാണ് ഈഡിസ് കൊതുകുകൾ. ഇവയെ കടുവാ കൊതുകുകൾ എന്നും വിളിക്കാറുണ്ട്. ഈഡിസ് ജനുസിൽ പെട്ട ഈജിപ്തി, അൽബോപിക് ട് സ് എന്നീ പെൺകൊതുകുകളാണ് പ്രധാനമായും രോഗം പരത്തുന്നത്. കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ വളരുന്നത്. ഇത്തരം കൊതുകുകൾ അധികദൂരം പറക്കാറില്ല. അതുകൊണ്ട് വീടുകളുടെ പരിസരത്ത് തന്നെയുണ്ടാവും. അത്കൊണ്ട് വീട്ടിലും ചുറ്റുപാടും കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യേണ്ടതുണ്ട്. കൊതുക് പെറ്റ് പേരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കലാണ് പ്രധാനമായും നടത്തേണ്ടത്. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള എല്ലാം വസ്തുക്കളും നീക്കം കെട്ടി നിൽക്കുന്ന വെള്ളം നീക്കം ഒഴുക്കിക്കളയുകയും വേണം. പ്രളയത്ത് തുടർന്ന് വീടുകളുടെ ചുറ്റുപാടും അടിഞ്ഞ് കൂടിയിട്ടുള്ള കുപ്പികൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, ബോട്ടിലുകൾ, ടയറുകൾ എന്നിവയെല്ലാം നീക്കം ചെയ്യേണ്ടതാണ്. ഇവയിലുള്ള വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് വളരും. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിനു പുറകിലുള്ള ട്രേ, ഇവിടെ നിന്നെല്ലാം വെള്ളം നീക്കം ചെയ്യണം. റബർ തോട്ടങ്ങളിലുള്ള ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ച് കളഞ്ഞ് കമഴ്ത്തിവക്കണം. വീട്ടിലും പരിസരത്തിലും കെട്ടികിടക്കുന്ന വെള്ളം നീക്കാം ചെയ്യാനുള്ള ഡ്രൈ ഡേ (Dry Day) ആഴ്ചയിലൊരു ദിവസം നിർബന്ധമായും എല്ലാ വീടുകളിലും നടത്തിയിരിക്കണം. സെപ്തിക് ടാങ്കുമായി ബന്ധിച്ചിട്ടുള്ള വെന്റ് പൈപ്പിന്റെ അഗ്രം കൊതുക് വല ഉപയോഗിച്ച് മൂടാൻ ശ്രദ്ധിക്കണം

കൊതുകു വല ഉപയോഗിച്ചും, ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും, കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയിൽ നിന്നും രക്ഷ തേടേണ്ടതാണ്. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഈ കൊതുകൾ വീട്ടിലേക്ക് കടന്ന് വന്ന് രക്തം ശേഖരിക്കാൻ മനുഷ്യരെ കടിക്കുന്നത്. വൈകുന്നേരം മുതൽ രാവിലെ വരെ വീടുകളുടെ കതകും ജനാലകളും അടച്ചിടാൻ ശ്രമിക്കേണ്ടതാണ്.

കൊതുക് നശീകരണം

കൊതുകുകൾ പകരത്തുന്ന രോഗങ്ങളുടെ നിയന്ത്രണത്തിൽ കേരളം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ 90 കളുടെ അവസാനത്തോടെ പ്രത്യക്ഷപ്പെട്ട് അനേകം ജീവൻ വർഷം തോറും അപഹരിച്ച് വരുന്ന ഡങ്കി, ചിക്കുൻ ഗുനിയ, മസ്തിഷ്ക ജ്വരം തുടങ്ങിയ രോഗങ്ങൾ ഈഡിസ് വിഭാഗത്തിൽ പെട്ട കൊതുകുകുകളാണ് പരത്തുന്നത്. കോഴിക്കോട് നിന്നും നേരത്തെ റിപ്പോർട്ട് ചെയ്ത വെസ്റ്റ് നൈൽ പനി കൂലക്സ്, ഈഡിസ് കൊതുകുകൾ വഴിയാണ് പകരുന്നത്. കേരളം അറുപതുകളുടെ അവസാനത്തോടെ നിർമ്മാർജ്ജനം ചെയ്ത് കഴിഞ്ഞിരുന്ന മലേറിയ പരത്തുന്നത് അനോഫിലസ് കൊതുകുകളാണ്.

കൊതുക് നശീകരണത്തിനായി ഫോഗിങ്ങാണ് ഇപ്പോൾ പ്രയോഗിച്ച് വരുന്നത്. മാലത്തയോൺ എന്ന കീടനാശിനിയിൽ ഡീസലോ മണ്ണെണ്ണയോ ചേർത്ത മിശ്രിതമാണ് ഇതിനായുള്ള പ്രത്യേക് ഫോഗിംഗ് ഉപകരണമുപയോഗിച്ച്. ആരോഗ്യവകുപ്പും പഞ്ചായത്തുകളും ഫോഗിംഗ് നടത്തുന്നുണ്ട്. എന്നാൽ നന്നായി ആസൂത്രണം ചെയ്ത് ഒരു അശ്കേന്ദ്രത്തിൽ മാത്രമായി പരിമിതപ്പെടുത്താതെ പ്രദേശം മുഴുവനായി ഫോഗിംഗ് നടത്തിയില്ലെങ്കിൽ കൊതുകുകൾ മറ്റ് സ്ഥാലങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് ഫലവത്തായി ഫോഗിംഗ് നടത്താൻ ശ്രമിക്കേണ്ടതാണ്. കൂത്തടികളെ ഭക്ഷിക്കുന്ന ഗപ്പി മത്സ്യങ്ങളെ വെള്ളകെട്ടിൽ വളർത്തുക, വന്ധ്യരായ ആൺ കൊതുകുകളെ വളർത്തി വിടുക തുടങ്ങിയ ജൈവ രീതികൾക്ക് പരിമിതമായ പ്രയോജനം മാത്രമാണുള്ളത്. കൊതുക് സാന്ദ്രത കുറഞ്ഞ സാഹചര്യങ്ങളിലാണ് ഇത്തരം രീതികൾ ഫലപ്രദമാവുക. എങ്കിലും ഇവയും പ്രയോഗിക്കാവുന്നതാണ്. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും കൊതുക് നശീകരണ യജ്ഞങ്ങൾ ഏകോപ്പിക്കേണ്ടതായിട്ടുമുണ്ട്. പ്രാണീ ജന്യ രോഗനിയന്ത്രണത്തിനായി (Vector Disease Control) ഹെൽത്ത് സർവീസസിന്റെ കീഴിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ യൂണിറ്റ് കളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതാണ്. ചേർത്തലയിലും കോഴിക്കോടും പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡിസീസ് കൺ ട്രോളിന്റെയും ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൾ റിസർച്ചിന്റെ (ഐ സി എം ആർ) കീഴിൽ പ്രവർത്തിക്കുന്ന മ്കോട്ടയത്തെ വെക്ടർ കൺട്രോൾ റിസർച്സെന്ന്ററിന്റെയും സഹായവും കൊതുക് നിയന്ത്രണത്തിനായി പ്രയോജനപ്പെടുത്താൻ കഴിയും.

Related Stories

No stories found.
logo
The Cue
www.thecue.in