എന്താണ് സ്‌കിസോഫ്രീനിയ, മരുന്ന് കഴിക്കേണ്ടതുണ്ടോ, അറിയേണ്ടതെല്ലാം
കാക്കകള്‍ക്കെതിരെ പരാതിയുമായി സ്ത്രീ പോലീസ് സ്‌റ്റേഷനിലെത്തി. പരാതിക്കാരിയുമായി പോലീസ് ഉദ്യോഗസ്ഥര്‍ സമീപത്തെ മാനസികരോഗ വിദഗ്ധനെ കണ്ടു. വീടിന് സമീപത്തുള്ള കാക്കള്‍ ഉപദ്രവിക്കുന്നുവെന്ന് ആ സ്ത്രി ആവര്‍ത്തിച്ചു.
ട്രെയിനിന് കല്ലെറിയുന്ന ആളെ പോലീസ് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കായി കൊണ്ടു വന്നു. റെയില്‍വേ സ്‌റ്റേഷനില്‍ ഫോണ്‍ ചെയ്ത് കൊണ്ടിരുന്ന അപരിചതനെ അക്രമിച്ചതിന്റെ പേരിലാണ് പോലീസ് പിടികൂടിയത്. അപരിചിതന്‍ ഫോണ്‍ ചെയ്യുമ്പോള്‍ തന്റെ ഹൃദയത്തിന് എന്തോ സംഭവിക്കുന്നുവെന്നാണ് അയാള്‍ ഡോക്ടറോട് പറഞ്ഞത്.
ഇതാണ് സ്‌കിസോഫ്രീനിയ രോഗിയുടെ അവസ്ഥ. ഒരു സമൂഹത്തില്‍ നൂറില്‍ ഒരാള്‍ക്ക് ഈ രോഗം ഉണ്ടായേക്കാം. പേടിയും സംശയവുമാണ് പ്രധാന ലക്ഷണം. മറ്റുള്ളവര്‍ ഉപദ്രവിക്കാന്‍ വരുന്നു, കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന ഭയമായിരിക്കും ഇവരില്‍ പലര്‍ക്കും. ഗുരുതരമായ മാനസിക രോഗമാണ് സ്‌കിസോഫ്രീനിയ. വ്യക്തിയുടെ ചിന്തം,വികാരം, പെരുമാറ്റം എന്നിവയെയെല്ലാം ബാധിക്കും. യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ. മറ്റ് മാനസിക രോഗങ്ങള്‍ പോലെ സാധാരണ കാണപ്പെടുന്നതല്ല ഇത്. 16 നും 30 ഇടയിലുള്ള പ്രായത്തിലാണ് സ്‌കിസോഫ്രീനിയ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അപൂര്‍വ്വമായി കുട്ടികളിലും രോഗം കാണാറുണ്ട്. വിഷാദം, ആശങ്ക എന്നിവ ഉണ്ടാകും. ആത്മഹത്യ പ്രവണതയും കാണാറുണ്ട്. ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക. നീ കൊള്ളരുതാത്ത ആളാണ്, മരിച്ചു കളയൂ എന്നൊക്കെ സംസാരിക്കുന്നത് പോലെ തോന്നുക. ചിലര്‍ തനിച്ച് സംസാരിക്കുന്നത് പലപ്പോഴും ഇതിനോടുള്ള പ്രതികരണമാവും. ചിന്തകള്‍ മറ്റുള്ളവര്‍ അറിയുന്നു, മറ്റുള്ളവരുടെ ചിന്ത തന്നിലേക്ക് കടത്തി വിടുന്നുവെന്ന് തോന്നുക എന്നിവയും ഉണ്ടായേക്കാം.
സ്ത്രീകളിലും പുരുഷന്‍മാരിലും ഈ രോഗം കാണപ്പെടുന്നുണ്ട്. യുക്തിപൂര്‍വ്വം ചിന്തിക്കുക, മറ്റുള്ളവരോട് നല്ലരീതിയില്‍ പെരുമാറുക, വൈകാരിക പ്രകടനങ്ങളിലെ നിയന്ത്രണം എന്നിവയൊക്കെ ഇവരെ സംബന്ധിച്ച് പ്രയാസമുളള കാര്യങ്ങളായിരിക്കും. പേടിയും സംശയവും ഉണ്ടാകുന്ന ആള്‍ക്ക് പിന്നീട് സാധാരണ പോലെ പെരുമാറാന്‍ കഴിയില്ല. സാമൂഹ്യ ഇടപെടലുകളില്‍ നിന്ന് പിന്‍മാറും, സ്വന്തം കാര്യങ്ങളില്‍ പോലും ശ്രദ്ധ കുറയും. മടിച്ച് ഇരിക്കുകയാവും. എന്നാല്‍ ഇതെല്ലാം കൂടി ഒരാളില്‍ ഉണ്ടാവണമെന്നില്ല.
പാരമ്പര്യമായി ഈ രോഗം ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ െൈവറസ് ബാധ, ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ആവശ്യമായ പോഷകം ലഭിക്കാത്തത്, ഒപ്പം മാനസിക ഘടകങ്ങളും രോഗത്തിലേക്ക് നയിക്കാനുള്ള കാരണങ്ങളാവാം.തലച്ചോറിന്റെ ഘടനയും രാസമാറ്റവും ഘടകങ്ങളാവുന്നുണ്ടെന്നാണ് സയന്റിസ്റ്റുകളുടെ കണ്ടെത്തല്‍. ഡോപമിന്‍, ഗ്ലുട്ടമേറ്റ് എന്നീ രാസപദാര്‍ത്ഥളിലാണ് മാറ്റം സംഭവിക്കുന്നത്. തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളും സ്‌കിസോഫ്രീനിക്ക് കാരണമായേക്കാം.
ആന്റിസൈക്കോട്ടിക്‌സ് മരുന്നുകളാണ് സ്‌കിസോഫ്രീനിയ രോഗിക്ക് നല്‍കുന്നത്. ഈ മരുന്നുകള്‍ ചിലര്‍ക്ക് അസ്വസ്ഥതകളുണ്ടാക്കാറുണ്ട്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അസ്വസ്ഥത മാറാറുണ്ട്. മരുന്നുകള്‍ മാത്രമല്ല തെറാപ്പികളും നല്‍കാറുണ്ട്. തലച്ചോറിലെ തകരാര്‍ പരിഹരിക്കുന്ന ഇലക്ടോകണ്‍വല്‍സീവ് തെറാപ്പിയാണ് നല്‍കുക. ചെറിയ അളവില്‍ വൈദ്യുതി കടത്തിവിടുന്ന ചികിത്സാ രീതിയാണ് ഇലക്ടോകണ്‍വല്‍സീവ് തെറാപ്പി. ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ കഴിയുന്ന രോഗമാണിത്. മരുന്ന് കഴിക്കാന്‍ ആളുകള്‍ മടിക്കുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പലരും മന്ത്രവാദം പോലുള്ള അശാസ്ത്രീയ രീതികളെ ആശ്രയിക്കാറുമുണ്ട്. രോഗമുണ്ടെന്ന് രോഗി വിശ്വസിക്കില്ല.
ദീര്‍ഘകാല ചികിത്സ ആവശ്യമുള്ള രോഗമാണ് സ്‌കിസോഫ്രീനിയ. കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണണം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിച്ചിരിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയും മരുന്നും സൗജന്യമായി ലഭിക്കും.ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി എല്ലാ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും മാസത്തിലൊരിക്കല്‍ സൈക്യാട്രിസ്റ്റിന്റെ സേവനം ലഭ്യമാണ്. മെഡിക്കല്‍ കോളേജുകള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളിലും ചികിത്സ ലഭ്യമാണ്. കുടുംബത്തില്‍ നിന്നും നല്ല പിന്തുണ കിട്ടേണ്ടതുണ്ട്. രോഗത്തിന്റെ ഭാഗമായി മോശമായ പെരുമാറ്റങ്ങളുണ്ടായാല്‍ കുടുംബാംഗങ്ങള്‍ തിരിച്ചറിയണം. രോഗി മരുന്ന് കഴിച്ചെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. രോഗിയെ വിമര്‍ശിക്കുകയോ അമിതമായ പരിഗണന നല്‍കുകയോ ചെയ്യരുത്. സ്വയം പര്യാപ്തരാകാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം.
ഡോക്ടര്‍ മിഥുന്‍ സിദ്ധാര്‍ത്ഥന്‍, നോഡല്‍ ഓഫീസര്‍, ജില്ലാ മാനസികാരോഗ്യ പദ്ധതി, കോഴിക്കോട്
വിവരങ്ങള്‍ക്ക് കടപ്പാട്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത്