ലിംഗമാറ്റശസ്ത്രക്രിയയെ കുറിച്ച് ഇന്‍ഫോക്ലിനിക് പ്രതിനിധികളായ ഡോ. ജിമ്മി മാത്യുവും ഡോ.അരുണ്‍ മംഗലത്തും എഴുതിയത്
ലിംഗമാറ്റ ശസ്ത്രക്രിയ കേരളത്തിലും നടക്കുന്നുണ്ട് എന്നത് പലർക്കും പുതിയ അറിവാണ്. ഒരു വിവാദം ഉണ്ടായപ്പോളാണ് ഇത് ചർച്ചയായത് എന്നത് ദൗർഭാഗ്യകരമായിപ്പോയി. പ്രകൃതിവിരുദ്ധമാണ് എന്ന ഒരു ധാരണ ചിലർക്കെങ്കിലും ഉള്ള വിഷയമാണിത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള പശ്ചാത്തലം എന്താണ്, എന്തൊക്കെയാണ് അതിൽ ഉപയോഗിക്കുന്ന രീതികൾ, ശസ്ത്രക്രിയക്ക് ശേഷം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്നിവയെപ്പറ്റി ഈ ലഘു ലേഖനത്തിൽ നമുക്ക് പരിശോധിക്കാം.
എന്തിനാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത് ? ഒരു മാനസിക രോഗത്തിനുള്ള തെറ്റായ ചികിത്സയല്ലേ അത് ?
"ഞാൻ ആരാണ്" എന്ന മസ്തിഷ്ക അവബോധം വളരെ സങ്കീർണമായ ഒന്നാണ്. അതിന്റെ ഒരു പ്രധാന കാരണം (ഒരുപക്ഷേ ഏറ്റവും പ്രധാന കാരണം), ഗർഭാവസ്ഥയിൽ വിവിധ ഹോർമോണുകളും ന്യൂറോട്രാൻസ്മിറ്ററുകളും മറ്റും തലച്ചോറിൽ ഉണ്ടാക്കുന്ന പ്രത്യേകതകളാണ്. മിക്കവാറും സന്ദർഭങ്ങളിൽ അത് ശരീരത്തിന്റെ അനാട്ടമിക്കൽ ഘടനയുമായി പൊരുത്തമുള്ളതായിരിക്കും. ഉദാഹരണത്തിന് ആൺ ശരീരം ഉള്ളവരിൽ മിക്കവർക്കും ഞാൻ ആണാണ് എന്ന ബോധമാണ് ഉണ്ടായിരിക്കുക. ഇത് ഏതാണ്ട് രണ്ടു വയസ്സു മുതൽ പ്രകടമാകുകയും ചെയ്യും.
എന്നാൽ ചിലരിൽ ശരീരവും മനസിലെ ലിംഗബോധവും രണ്ടും രണ്ടായിരിക്കാം. ഒരു ട്രാൻസ് സ്ത്രീ അവരുടെ മനസിലെ ലിംഗബോധ പ്രകാരം സ്ത്രീ ആയിരിക്കുമെങ്കിലും ശരീരം കൊണ്ട് ഒരു പുരുഷൻ ആയിരിക്കും. ട്രാൻസ് പുരുഷൻ നേരെ തിരിച്ചും.
(ഇപ്പറഞ്ഞത് ഒരു ലളിതവൽക്കരണമാണ്. ഈ ലേഖനം മുഴുവൻ തുടക്കക്കാർക്ക് വേണ്ട വിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയ ഒന്നാണ് എന്നുള്ളത് ശ്രദ്ധിക്കുമല്ലോ. ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ജെൻഡർ, ജെൻഡർ ഐഡന്റിറ്റി, ട്രാൻസ്ജെൻഡർ എന്ന ലേഖനത്തിൽ ഈ വിഷയങ്ങളൊക്കെ വിശദമായി എഴുതിയിട്ടുള്ളതാണ്.)
പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ജനിതകപരമായി ആൺ, പെൺ എന്നത് വ്യക്ത ദ്വന്ദങ്ങൾ ആണെങ്കിലും, ലിംഗബോധം അത്ര കൃത്യമായി വിഭജിക്കാൻ സാധിക്കുന്നതല്ല. ഒരാണിന് പെണ്ണിന്റേതായ മനോഭാവ പ്രത്യേകതകൾ കുറെയൊക്കെ കണ്ടേക്കും. നേരേ തിരിച്ചും. ഇത് പലരിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ, ഒരു സാധാരണ വ്യത്യസ്തത (നോർമൽ വേരിയേഷൻ) ആയാണ് ട്രാൻസ്‌ജെൻഡർ അവസ്ഥകളെ ആധുനിക ശാസ്ത്രം കാണുന്നത്. അവരും സാധാരണ മനുഷ്യരാണ്. അവർക്ക് അവരായിത്തന്നെ ജീവിക്കാൻ അവകാശവുമുണ്ട്.
എന്തിനാണ് ശസ്ത്രക്രിയ നടത്തി മറ്റൊരു ലിംഗ ശരീരത്തിലേക്ക് മാറുന്നത്? സമൂഹത്തിന്റെ മനോഭാവം മാറി, അവരെ അംഗീകരിക്കാൻ തയ്യാറായാൽ പിന്നെ ഈ ശസ്ത്രക്രിയയ്ക്ക് പ്രസക്തി ഉണ്ടോ?
ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സമൂഹത്തിന്റെ അപരവൽക്കരണവും അവജ്ഞയും തിരസ്കാരവുമാണ്. പക്ഷെ അത് മാത്രമല്ല പ്രശ്നം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ട പലർക്കും അവർ ശരിയായ ശരീരത്തിൽ അല്ല എന്ന തോന്നൽ ഉണ്ട്. എങ്ങനെയെങ്കിലും മറ്റേ ലിംഗത്തിലേക്ക് മാറാനാണ് അവർക്ക് സഹജ ചോദന. അതിന് വേണ്ടി അവരിൽ പലരും അപകടസാധ്യതകൾ ഏറ്റെടുക്കാൻ തയ്യാറുമാണ്. അങ്ങനെ മാറിയാൽ -എല്ലാം നന്നായി പോയാൽ- സാധാരണ ലൈംഗിക ജീവിതവും മറ്റും അവർക്ക് സാദ്ധ്യമാണ് താനും. ചിലരിലെങ്കിലും ഇത് ഒഴിവാക്കാനാകാത്ത ആവശ്യമാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്.
എങ്ങനെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ തുടങ്ങിയത് ?
ആധുനിക വൈദ്യശാസ്ത്രത്തിലെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചരിത്രം ആരംഭിക്കുന്നത് ഏതാണ്ട് നൂറ് വർഷം മുൻപാണ്. 1917-ൽ അമേരിക്കൻ ഫിസിഷ്യനും എഴുത്തുകാരനുമായ അലൻ എൽ ഹാർട്ട് ആണ് ആദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തികളിൽ പ്രഗത്ഭൻ. ഒരു സ്ത്രീയായി ജനിച്ച അദ്ദേഹത്തിന് കൗമാരപ്രായം കഴിഞ്ഞതോടെയാണ് പുരുഷനായി ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായത്. സ്ത്രീ ലൈംഗികാവയവങ്ങൾ എടുത്തുമാറ്റുന്ന ശസ്ത്രക്രിയയാണ് ഹാർട്ടിനു നടത്തിയത്. 1920-കളോടെ പുരുഷഹോർമോൺ കുത്തിവയ്ക്കുന്ന രൂപത്തിൽ ലഭ്യമായി തുടങ്ങുകയും, ശേഷം അദ്ദേഹം ഹോർമോൺ ചികിത്സ സ്വീകരിക്കുകയും ചെയ്തു.
ആദ്യമായി സ്ത്രീയായി മാറിയ പുരുഷൻ ജർമൻ വംശജയായ ഡോറ റിച്ടർ ആയിരുന്നു. ബെർലിനിലെ ലൈംഗിക ഗവേഷണത്തിന് ആരംഭം കുറിച്ച ഡോ. മാഗ്നസ് ഹിർഷ്ഫീൽഡിന്റെ പരിചരണത്തിലുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു ഇവർ. 1922-ൽ വൃഷണം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഇവർ 1931-ൽ ലിംഗം നീക്കം ചെയ്യലിനും വിധേയയായി. നാസി പാർട്ടി ജർമനിയിൽ ശക്തിപ്രാപിച്ചതോടെ വംശവെറി പൂണ്ട നാസികൾ ഇവരുടെ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ആക്രമിക്കുകയും ഡോറ കൊല്ലപ്പെടുകയും ചെയ്തു.
ജനിക്കുമ്പോൾ തന്നെ ലൈംഗികാവയവത്തിൽ സ്വാഭാവികമല്ലാത്ത വ്യതിയാനങ്ങളുള്ള കുഞ്ഞുങ്ങൾ ഉണ്ടാകാറുണ്ടല്ലോ ? ഇവർക്ക് ജനിച്ച ഉടനെ ചെയ്യുന്ന ശസ്ത്രക്രിയകൾ ലിംഗമാറ്റ ശസ്ത്രക്രിയകളിൽ പെടുമോ ?
ജനിതകവും ഹോർമോൺപരവുമായ കാരണങ്ങളാൽ ജനിച്ച ഉടനെ സ്ത്രീ-പുരുഷൻ എന്നീ തരംതിരിവുകളിൽ പെടുത്താൻ സാധിക്കാത്ത കുട്ടികൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ ഇത് ജനിച്ച ഉടനെ കണ്ടെത്തപ്പെടാമെങ്കിലും മറ്റു ചിലപ്പോൾ മുതിർന്ന ശേഷമാണ് കണ്ടെത്താറുള്ളത്. പതിനായിരത്തിൽ അഞ്ചു കുട്ടികളിൽ വരെ ഇത്തരത്തിലുള്ള വ്യതിയാനങ്ങൾ കാണാറുണ്ട്. കുട്ടിയുടെ അനാട്ടമിക്കൽ ജെൻഡർ ഏതാണോ (വൃഷ്ണമാണോ അണ്ഡാശയം ആണോ ഉള്ളത്) ആ ലിംഗത്തിലേക്ക് മറ്റ് അവയവങ്ങളും മാറ്റുന്ന ശസ്ത്രക്രിയകളാണ് ഈ സ്റ്റേജിൽ ചെയ്യാറുള്ളത്. ഇതിന് ലിംഗമാറ്റ ശസ്ത്രക്രിയ എന്നല്ല ലിംഗനിർണയ ശസ്ത്രക്രിയ എന്ന് പറയുന്നതാകും കൂടുതൽ കൃത്യം. എന്നാൽ ഇങ്ങനെ ചെയ്യപ്പെട്ട ചില കുട്ടികൾ ഭാവിയിൽ തങ്ങൾ മാനസികമായി ഇതര ലിംഗത്തിൽ പെട്ടവരാണ് എന്ന് സ്വയം അടയാളപ്പെടുത്തിയ സംഭവങ്ങൾ ഉള്ളതുകൊണ്ട് ജനിച്ച ഉടനെയുള്ള ഇത്തരം ശസ്ത്രക്രിയകളുടെ നൈതികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മുതിർന്ന ശേഷം പല ശസ്ത്രക്രിയകളും സങ്കീർണമാകാം എന്നതും ശസ്ത്രക്രിയകൾ നടത്തുന്നതു വരെ ഇവർ പലതരത്തിലുള്ള വിവേചനങ്ങൾക്ക് വിധേയരാകാം എന്നതും പരിഗണിക്കേണ്ട മറ്റു വിഷയങ്ങളാണ്.
ലിംഗമാറ്റ ശസ്ത്രക്രിയ മായി ബന്ധപ്പെട്ട കേട്ട മറ്റൊരു വാക്കാണ് WPATH. എന്താണ് ഇത് ?
സങ്കീർണ്ണമായ നൈതിക പ്രശ്നങ്ങളുള്ള ഒരു പ്രക്രിയ ആയതുകൊണ്ട് ഒരു വ്യക്തി ലിംഗമാറ്റം നടത്തുന്ന പ്രക്രിയ നിയന്ത്രിക്കുന്നതിന് ലോകമാസകലം നിബന്ധനകളും രേഖകളും ഉണ്ട്. ഇതിൽ ഏറ്റവും അധികം അംഗീകാരം നേടിയ രേഖകൾ World Professional Association for Transgender Health എന്ന സംഘടനയുടേതാണ്. മെഡിസിൻ, മാനസികാരോഗ്യം, നിയമം, സാമൂഹ്യപ്രവർത്തനം, കൗൺസിലിംഗ്, സൈക്കോതെറാപ്പി, കുടുംബാരോഗ്യം, സോഷ്യോളജി, ആന്ത്രപ്പോളജി, സെക്സോളജി എന്നീ രംഗങ്ങളിലുള്ള വിദഗ്ധർ ഈ സംഘടനയിൽ അംഗത്വം നേടാറുണ്ട്. ഈ മേഖലയിൽ പെടാത്തവർക്കും ഫീസ് അടച്ച് അംഗമാകാവുന്നതാണ്. എന്നാൽ പല യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും WPATH നിർദ്ദേശിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ നിയമങ്ങളും നിബന്ധനകളും രേഖകളും ലിംഗമാറ്റ പ്രക്രിയകളുമായി ബന്ധപ്പെട്ടുണ്ട്.
ഇന്ത്യയിൽ സമാനമായ ആശയങ്ങളോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് IPATH. അവർ ഇന്ത്യൻ സാഹചര്യത്തിന് ഇണങ്ങിയ മാർഗനിർദേശങ്ങൾ ഈ അടുത്ത് പുറത്തിറക്കിയതേ ഉള്ളൂ. ഇന്ത്യയിൽ അംഗീകൃത പ്ലാസ്റ്റിക് സർജന്മാരാൽ നയിക്കപ്പെടുന്ന ടീമുകളെല്ലാം നിലവിൽ WPATH ആണ് പൊതുവേ പിന്തുടരുന്നത് എന്നാണ് മനസിലാക്കുന്നത്.
WPATH മാർഗ നിർദേശങ്ങൾ നിയമപരമായി ഇന്ത്യയിൽ നിഷ്കർഷിക്കപ്പെടുന്നില്ല. ഓരോ രാജ്യത്തും ആ രാജ്യത്തിൻറെ വിഭവശേഷി, പ്രത്യേകതകൾ എന്നിവ കണക്കിലെടുത്തു കൊണ്ടുള്ള മാർഗനിർദേശങ്ങൾ ആണ് വേണ്ടത്. WPATH മാർഗനിർദേശങ്ങൾ അതിനു വേണ്ട പൊതുവായ ഒരു ഘടന നൽകുന്നു.
ശസ്ത്രക്രിയയ്ക്കു മുൻപ് എന്തൊക്കെ മുന്നൊരുക്കങ്ങളാണ് വേണ്ടത് ? മാനസികമായി ഇവരെ വിശകലനം ചെയ്യുന്നത് എങ്ങനെയാണ് ?
ശസ്ത്രക്രിയ പോലെ പാർശ്വഫലങ്ങൾ കൂടിയതും പിൻവലിക്കാനാകാത്തതുമായ ചികിത്സാരീതികളിലേക്ക് കടക്കുന്നതിനു മുൻപ് വ്യക്തിക്ക് ശരിയായ ജെൻഡർ ഡിസ്ഫോറിയ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ശരിയായ ജൻഡർ ഡിസ്ഫോറിയ ഉള്ളവരിൽ പോലും പലരും ശസ്ത്രക്രിയയുടെ വിശദവിവരങ്ങളും പാർശ്വഫലങ്ങളും അറിഞ്ഞാൽ അതിന് തയ്യാറാകണമെന്നില്ല. കൂടാതെ ഏതു ലിംഗത്തിലേക്കാണോ മാറാൻ ആഗ്രഹിക്കുന്നത്, ആ ലിംഗത്തിൽ കുറച്ചുകാലമെങ്കിലും ജീവിക്കുകയും, അവരോടൊപ്പം സമയം ചെലവാക്കുകയും ചെയ്ത്, അത് തനിക്ക് യോജിക്കുന്നതാണോ എന്ന് ഓരോ വ്യക്തിയും വിലയിരുത്തേണ്ടതുണ്ട്. സർജറി ഇല്ലാതെ തന്നെ എങ്ങനെ തൻറെ ജെൻഡർ ഐഡൻറിറ്റിയിൽ ജീവിക്കാം എന്ന അറിവും ഇവർക്ക് നൽകേണ്ടതുണ്ട്. കൂടാതെ ഹോർമോൺ ചികിത്സ മാത്രം മതിയോ, സർജറി സ്വീകരിക്കുകയാണെങ്കിൽ ഏതൊക്കെ സർജറികൾ സ്വീകരിക്കണം എന്നീ കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ ഇവരെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിനുള്ള മാനസികമായ പിന്തുണ നിർബന്ധമായും ശസ്ത്രക്രിയയ്ക്ക് മുൻപ് നൽകിയിരിക്കണം. കൂടാതെ ശസ്ത്രക്രിയയ്ക്കു ശേഷവും ആൾക്ക് പിന്തുണ ഉറപ്പാക്കാൻ കുടുംബ കൗൺസലിങ്, ക്വിയർ കമ്യൂണിറ്റിയുമായി ബന്ധിപ്പിക്കൽ എന്നിവയും ചെയ്യേണ്ടതാണ്.
ട്രാൻസ് ജെൻഡർ വ്യക്തികൾക്കു വേണ്ടി നടത്തുന്ന ഹോർമോൺ ചികിത്സ എന്താണ് ?
എതിർ ലിംഗത്തിലുള്ള ആളുകളിൽ കാണുന്ന ഹോർമോണുകൾ ശരീരത്തിലേക്ക് കൃത്രിമമായി കടത്തിവിടുന്ന ചികിത്സയാണ് ഇത്. ശാരീരികമായ മാറ്റങ്ങൾ വരുത്താൻ ഇതു സഹായിക്കും. ഗുളികകൾ, കുത്തിവയ്പ്പുകൾ, സാവധാനം ഹോർമോൺ റിലീസ് ചെയ്യുന്ന ഇമ്പ്ലാന്റുകൾ, തൊലിപ്പുറമേ ഒട്ടിക്കുന്ന പാച്ചുകൾ എന്നിവയാണ് ഇതിന് ഉപയോഗിക്കുന്നത്.
സ്ത്രീ ആകാനുള്ള ഹോർമോൺ ചികിത്സ:
സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ എന്നിവ ശരീരത്തിൽ എത്തിക്കുകയും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ തടഞ്ഞു നിർത്താനുള്ള മരുന്നുകൾ നൽകുകയുമാണ് സാധാരണ ചെയ്യുന്നത്. ഇത് പുരുഷ ലൈംഗിക ലക്ഷണങ്ങൾ കുറയ്ക്കാനും സ്തന വികാസത്തിനും സഹായിക്കും.
പുരുഷനാകാനുള്ള ഹോർമോൺ ചികിത്സ:
പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ തൊലിയ്ക്കടിയിലോ പേശിയിലോ കുത്തിവയ്ക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ഇത് പുരുഷ ലൈംഗിക ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ സഹായിക്കും.
ഹോർമോൺ ചികിത്സ സാവധാനം അതു സ്വീകരിക്കുന്ന വ്യക്തിയുടെ പ്രതുത്പാദനക്ഷമത ഇല്ലാതാക്കും.
ലിംഗമാറ്റ ശസ്ത്രക്രിയകൾ ഏതൊക്കെ തരമാണ് ? എന്തൊക്കെയാണ് ഇവയുടെ ഫലങ്ങളും പാർശ്വഫലങ്ങളും ?
ടോപ് സർജറി:
പ്രധാനമായും സ്തനങ്ങളെ കേന്ദ്രീകരിച്ചു നടത്തുന്നവയാണ് ടോപ് സർജറി. ആണിൽ നിന്ന് പെണിലേക്കാണെങ്കിൽ സിലിക്കോൺ പോലുള്ള ഇമ്പ്ലാന്റുകൾ വെച്ച് സ്തനം നിർമിക്കുക എന്നതാണ് ചെയ്യുക. പെണ്ണിൽ നിന്ന് ആണിലേക്കാണെങ്കിൽ സ്തനങ്ങൾ എടുത്തു കളഞ്ഞ് നിപ്പിളുകൾ യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കേണ്ടി വരും. ഇവ ലളിതമായ ശസ്ത്രക്രിയകളല്ല.
അനുബന്ധ ശസ്ത്രക്രിയകൾ:
നമ്മൾ സാധാരണ ശ്രദ്ധിക്കാത്ത അനേകം ശാരീരിക പ്രത്യേകതകൾ നമ്മുടെ ജനിതക ലിംഗം വിളിച്ചോതുന്നുണ്ട്. താടിയെല്ലുകളുടെ വലിപ്പവും ആകൃതിയും, മൂക്കിന്റെ വലിപ്പവും നീളവും ആകൃതിയും, നെറ്റിയുടെ കട്ടി, മുടി, തോളെല്ലുകളുടെ വിരിവ്, തൊണ്ടയിലെ ശബ്ദ മുഴ, കൈകളുടെ കാരിയിങ് ആങ്കിൾ, ഇടുപ്പെല്ലിന്റെ ആകൃതി, ശരീരത്തിലെ കൊഴുപ്പിന്റെ വിതരണം മൂലമുണ്ടാകുന്ന ആകൃതി എന്നിവയൊക്കെ ഉദാഹരണങ്ങൾ. ഇതൊക്കെ ശരിയാക്കാൻ താരതമ്യേന ലളിതമായവ തൊട്ട് അതീവ സങ്കീർണമായവ വരെ അനേകം ശസ്ത്രക്രിയകളുണ്ട്. ഇതൊക്കെ ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ ആഗ്രഹപ്രകാരം, അപകട സാദ്ധ്യതകൾ പൂർണമായി മനസിലാക്കി ചെയ്യാവുന്നതാണ്.
ബോട്ടം സർജറി:
പ്രത്യുദ്പാദന അവയവങ്ങളും ബാഹ്യ ലിംഗ അവയവങ്ങളും മാറ്റുന്ന ഈ ശസ്ത്രക്രിയ അതീവ ദുർഘടം തന്നെയാണ്.
ആണിൽ നിന്ന് പെണ്ണിലേക്കുള്ള ശസ്ത്രക്രിയയിൽ ലിംഗം, വൃഷ്ണങ്ങൾ, വൃഷ്ണ സഞ്ചി എന്നിവ നീക്കം ചെയ്യേണ്ടതുണ്ട്. എന്നാൽ ആൺ ലിംഗത്തിന്റെ അറ്റത്തുള്ള ഗ്ലാൻസ്, അതിന്റെ രക്തക്കുഴലുകളും, ഞരമ്പുകളും കളയാതെ ശരീരത്തോട് ചേർത്ത് നിർത്തി ക്ലിറ്റോറിസിന്റെ ഭാഗത്ത് പുനഃപ്രതിഷ്ഠിക്കുന്നു. എന്നിട്ട് മൂത്രനാളിയുടെയും മലാശയത്തിന്റെയും ഇടയിലൂടെ ഒരു ദ്വാരം ഉണ്ടാക്കി യോനി രൂപപ്പെടുത്തുന്നു. വൃഷ്ണസഞ്ചി, ലിംഗം എന്നിവയുടെ തോൽ ഉപയോഗിച്ച് യോനീ ഭിത്തികൾ ഉണ്ടാക്കാം. എന്നാൽ പലപ്പോഴും യോനി ഇടുങ്ങിയതോ ചെറുതോ ആവാൻ സാദ്ധ്യതയുണ്ട്. തൊലി മാറ്റി വെയ്ക്കുന്നത് ചിലപ്പോൾ അവിടെ പിടിച്ചു കിട്ടാനും പാടാണ്. അങ്ങനെ വന്നാലോ അതിന്റെ സാദ്ധ്യത കൂടുതൽ ആണെന്ന് തോന്നിയാലോ ചില കേസുകളിൽ വയർ തുറന്ന് കുടലിന്റെ ഒരു ഭാഗം എടുത്ത് യോനി ഭിത്തികൾ ഉണ്ടാക്കേണ്ടി വരാം. അങ്ങനെ ചെയ്യുമ്പോൾ വയറ്റിൽ കുടലിന്റെ മുറിച്ചുമാറ്റിയ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്. ഇത് സങ്കീർണമായ പ്രശ്നങ്ങളിലേക്കു നയിക്കാവുന്ന ശസ്ത്രക്രിയയാണ്. കൂടാതെ യോനിയുടെ സ്ഥാനത്ത് വച്ചു പിടിപ്പിച്ച കുടലിൽ നിന്ന് അമിത സ്രവങ്ങൾ വരുന്നതും സാധാരണയാണ്. ഏകദേശം മുപ്പത് ശതമാനം പേർക്ക് പുനർ ശസ്ത്രക്രിയ ആവശ്യം വന്നേക്കാം.
പെണ്ണിൽ നിന്ന് ആണിലേക്കുള്ള ശസ്ത്രക്രിയക്ക് യോനി, ഓവറികൾ, ഗർഭപാത്രം എന്നിവ നീക്കം ചെയ്യണം. ലിംഗം, വൃഷ്ണങ്ങൾ, വൃഷ്ണ സഞ്ചികൾ എന്നിവ പുനർനിർമ്മിക്കുന്നത് ആണിൽ നിന്ന് പെണ്ണിലേക്കുള്ള സർജറിയെക്കാൾ പതിന്മടങ്ങു ദുർഘടമാണെന്ന് പറയേണ്ടി വരും. പലപ്പോഴും കയ്യിൽ നിന്നോ കാലിൽ നിന്നോ ദശയും തൊലിയും എടുത്ത് മൈക്രോ സർജറി ഉപയോഗിച്ച് പുനർനിർമ്മിക്കേണ്ടതായതുണ്ട്. ഇതിന് അപകട സാദ്ധ്യത കൂടുതലാണ്. മൈക്രോസർജറി സമ്പൂർണ്ണമായും പരാജയമാകാനുള്ള സാദ്ധ്യത അഞ്ചു ശതമാനത്തിനടുത്തുണ്ട്. പുനർ ഓപ്പറേഷനുകൾ വേണ്ടി വരാവുന്ന പ്രശ്നങ്ങൾ ഒട്ടു മിക്കവരിലും ഉണ്ടാവാം. മൂത്ര നാളി അടയുക, മൂത്രം ലീക്ക് ചെയ്യുന്ന ദ്വാരങ്ങൾ ഉണ്ടാവുക എന്നിവയും നല്ല ഒരു ശതമാനം ആളുകൾക്ക് ഉണ്ടാവാം. ഏകദേശം എഴുപത് ശതമാനത്തോളം ആളുകൾക്ക് പുനർ ശസ്ത്രക്രിയ ആവശ്യം ആയി വന്നേക്കാം. ഇതെല്ലാം ശരിയായതിനു ശേഷം, സ്പർശന ശേഷി തിരിച്ചു വന്ന ലിംഗത്തിൽ കൃത്രിമ ഇമ്പ്ലാൻറ് വെച്ചാലേ ഉദ്ധാരണവും ലൈംഗിക ബന്ധവും സാദ്ധ്യമാകൂ.
ആണിൽ നിന്ന് പെണ്ണിലേക്കുള്ള ശസ്ത്രക്രിയക്ക് ഉണ്ടാവാൻ സാദ്ധ്യതയുള്ള പ്രശ്നങ്ങൾ, യോനിക്ക് ആവശ്യത്തിന് ആഴമില്ലാതിരിക്കുക, അടഞ്ഞു പോവുക, തൊലി പിടിക്കാതെ വരിക, മൂത്രം പോവുന്നതിലെ പ്രശ്നങ്ങൾ എന്നിവയാണ്. കുടൽ എടുത്തിട്ടുണ്ടെങ്കിൽ അതിന്റെതായ അതീവ ഗുരുതര പ്രശ്നങ്ങൾ അപൂർവ്വമായെങ്കിലും സംഭവിക്കാം.
പെണ്ണിൽ നിന്ന് ആണിലേക്കുള്ള ശസ്ത്രക്രിയയിൽ അപൂർവമായി, സമ്പൂർണപരാജയവുമുണ്ടാകാം. മൂത്രതടസ്സം, മൂത്രം ദ്വാരങ്ങളിലൂടെ ലീക്ക് ആവുക എന്നിവ പലപ്പോഴും ഉണ്ടാവാറുള്ള പ്രശ്നങ്ങളാണ്.
കാഴ്ചയിൽ പ്രകൃത്യാ ഉള്ള അവയവങ്ങളുടെ ദർശന സൗകുമാര്യം അതേപോലെ തന്നെ പുനർനിർമ്മിക്കുമ്പോൾ കിട്ടാൻ വളരെ പാടാണ്. ഇതിൽ തൃപ്തിക്കുറവ് ഉണ്ടാവുന്നതും സാധാരണമാണ്.
സമൂഹത്തിന് ട്രാൻസ് ജെൻഡർ വ്യക്തികളുടെ കാര്യത്തിൽ എന്താണ് ചെയ്യാൻ സാധിക്കുക ?
ട്രാൻസ് അവസ്ഥ എന്നത് ഒരു മാനസികരോഗമാണെന്ന ധാരണ ഉപേക്ഷിക്കുകയും വിവേചനം നേരിടാതെ ഇവർക്ക് സമൂഹത്തിൽ ജീവിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുക എന്നതാണ് ഈ കൂട്ടർക്ക് സാമൂഹ്യനീതി ഉറപ്പുവരുത്താൻ നമുക്ക് ചെയ്യാൻ സാധിക്കുക. കൂടാതെ ജൻഡർ എന്നത് ആൺ-പെൺ ദ്വന്ദങ്ങളിൽ തളച്ചിടുന്ന പ്രവണത അവസാനിപ്പിക്കുകയും ജൻഡർ റോളുകൾ നിർവ്വചിച്ചു നടപ്പാക്കുന്ന രീതിയും സമൂഹം പുനർവിചിന്തനം ചെയ്യണം.
ലേഖനത്തിന് കടപ്പാട്: ഇന്‍ഫോ ക്ലിനിക്