മഴക്കാലമെത്തി, ആമാശയത്തെ രോഗങ്ങളില്‍ നിന്ന് കാക്കാന്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം
കടുത്തചൂടിന് അറുതിവരത്തികൊണ്ട് കേരളത്തില്‍ മഴ തകര്‍ത്ത് പ്പെയ്യുകയാണ്. മഴക്കാലം ആയതോടെ വിവിധ ആരോഗ്യപ്രശ്‌നങ്ങളെകുറിച്ചുള്ള ആശങ്കകളും വര്‍ധിച്ചുവരികയാണ്. മഴക്കാലരോഗങ്ങളുടെ നിര തുമ്മല്‍ മുതല്‍ ടൈഫോയിഡ് വരെ നീളുന്നു. അതില്‍ ആമാശയരോഗങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്. മഴക്കാലത്തെ ആരോഗ്യകരമാക്കാന്‍
ഭക്ഷണകാര്യത്തില്‍ അല്‍പ്പം മുന്‍കരുതലുകളാകാം.
മഴക്കാലമായാല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷബാധയ്ക്കുമുള്ള സാധ്യത മഴക്കാലത്ത് വളരെ കൂടുതലാണ്. വഴിയോരങ്ങളിലേയും ഹോട്ടലുകളിലേയും ഭക്ഷണം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
മഴക്കാലത്തെ അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പത്തിന്റെ അളവ് ദഹനത്തെ സാരമായ് ബാധിക്കും. എണ്ണയില്‍ വറുത്ത ഭക്ഷണവും അമിതഭക്ഷണവും കടുത്ത ആമാശയപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
പാല്‍, പഞ്ചസാര, മത്സ്യം, മാംസം, ഇലക്കറികള്‍ എന്നിങ്ങനെ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും മഴക്കാലത്ത് ഒഴിവാക്കണം.
മഴക്കാലത്ത് ചൂടുപലഹാരങ്ങളുമായ് നിരവധി കടകളാണ് വഴിയോരങ്ങളില്‍ നിറയുന്നത്.എന്നാല്‍ ഈ കടകള്‍ പുലര്‍ത്തുന്ന ശുചിത്വമില്ലായ്മ ആരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ് മുന്നോട്ട് വെയ്ക്കുന്നത്. ഭക്ഷ്യവിഷബാധയടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഇത്തരത്തിലുള്ള ഭക്ഷണത്തില്‍ മറഞ്ഞിരിക്കുന്നത്. അതുപോലെതന്നെ ശുദ്ധീകരിച്ച വെള്ളം മാത്രമേ കുടിക്കുന്നുള്ളു എന്ന് ഉറപ്പ് വരുത്താനും ശ്രദ്ധികേണ്ടതുണ്ട്.
മിതമായ ഭക്ഷണമാണ് മഴക്കാലത്തിന് ഏറ്റവും അനിയോജ്യം. ഗ്രീന്‍ ടീ, ലമണ്‍ ടീ, തൈര്, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണം പാകം ചെയ്യാന്‍ ഒലിവ് ഓയിലോ സണ്‍ഫ്‌ളവര്‍ ഓയിലോ ആണ് നല്ലത്.
ധാരാളം വെള്ളം കുടിക്കുന്നതും ആവിയില്‍ വേവിച്ച പച്ചക്കറികള്‍ കഴിക്കുന്നതും മഴക്കാലത്ത് ആമാശയത്തെ സംരക്ഷിക്കാന്‍ സഹായിക്കും.ഇത്തരത്തിലുള്ള ചെറിയ മുന്‍കരുതലുകളിലൂടെ മഴക്കാലത്തെ ആമാശയരോഗമുക്തമാക്കാം.