സ്‌കൂളില്‍ പോയാല്‍ അസുഖമെന്ന പരാതിക്ക് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം; ശീലിപ്പിക്കാം
സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് സാധാരണയാണ്. സ്‌കൂളില്‍ പോയി തുടങ്ങുന്നതോടെ അസുഖങ്ങളും വന്ന് തുടങ്ങിയെന്ന് മിക്ക രക്ഷിതാക്കളുടെയും പരാതിയാണ്. കുട്ടികളെ സ്‌കൂളിലയക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗങ്ങളെ പ്രതിരോധിക്കാം
കുട്ടികള്‍ക്ക് പിടിപെടുന്ന പല രോഗങ്ങള്‍ക്കും കാരണം വൈറസാണ്. രോഗാണുവാഹിയായ കുട്ടി സ്‌കൂളിലെത്തുകയും മറ്റ് കുട്ടികളിലേക്ക് പടരാന്‍ ഇടയാക്കുകയും ചെയ്യുന്നു.
കൈകഴുകല്‍ പ്രധാനം
ഇടയ്ക്കിടെ കൈ കഴുകുകയെന്നതാണ് എളുപ്പത്തിലുള്ളതും ഏറെ പ്രയോജനമുള്ളതുമായ രോഗാണുവിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകഴുകാന്‍ മറക്കരുത്. കൈ വെറുതെ കഴുകിയാല്‍ പോരാ.
കൈകള്‍ നനച്ച് സോപ്പ് തേയ്ക്കാം, വിരലുകളുടെ ഇടഭാഗം ആദ്യം കഴുകുക. പിന്നെ പുറം ഭാഗം, തള്ള വിരല്‍, വിരല്‍ ഉള്ളം കൈയ്യില്‍ ഉരച്ചു കഴുകുക. വശങ്ങള്‍, കണം കൈ എന്നിവയും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. കഴുകി കളഞ്ഞതിന് ശേഷം ഉണക്കിയ വൃത്തിയുള്ള ടവല്‍ കൊണ്ട് തുടക്കുക. 20 സെക്കന്റങ്കിലും ഇതിന് എടുക്കണം.
കുട്ടിക്ക് ചുമയും ജലദോഷവുമുണ്ടെങ്കില്‍ ടൗവല്‍ കൊടുത്തു വിടണം.ചുമയ്്ക്കുമ്പോള്‍ ടൗവല്‍ കൊണ്ട് വായ പൊത്തിപ്പിടിക്കാന്‍ ശീലിപ്പിക്കണം. കൈയ്യിലൂടെയാണ് രോഗാണു പ്രധാനമായി ശരീരത്തിലെത്തുന്നതെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. കണ്ണ്, മൂക്ക്,വായ എന്നിവയുമായി കൈക്കുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ പറയണം. ചുമച്ചതിനും മൂക്കൊലിപ്പ് തുടച്ചതിന് ശേഷവും കൈ കഴുകണം. ഹാന്‍ഡ് സാനിറ്റൈസര്‍ കൊടുത്തുവിടാവുന്നതാണ്. കൈ കഴുകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഇത് പ്രയോജനപ്പെടും. ഇവയ്‌ക്കെല്ലാം മറ്റ് കുട്ടികളുമായി അടുത്തിടപെടുന്നത് ഒഴിവാക്കാനും ഉപദേശിക്കണം.