കൊവിഡ് രണ്ടാം തരംഗത്തിൽ മുതിർന്ന പൗരന്മാർ ശ്രദ്ധിക്കേണ്ടത്

കൊവിഡ് രണ്ടാം തരംഗത്തിൽ മുതിർന്ന പൗരന്മാർ ശ്രദ്ധിക്കേണ്ടത്
Published on
Summary

ഇന്‍ഫോക്ലിനിക്കില്‍ ഡോ: പല്ലവി ഗോപിനാഥന്‍ & ഡോ: ജിതിന്‍ ടി ജോസഫ് എന്നിവര്‍ എഴുതിയത്

കൊവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിക്കുന്ന സാഹചര്യമാണല്ലോ. കഴിഞ്ഞ തവണ പ്രായമുള്ള വ്യക്തികളെ റിവേർസ് ക്വാരൻ്റൈൻ വഴി നമ്മൾക്ക് സംരക്ഷിക്കാൻ ഒരു പരധിവരെ സാധിച്ചു. പക്ഷേ നിയന്ത്രണങ്ങൾ മാറിയതും, വാക്സിൻ എടുക്കാനും മറ്റു ചികിത്സകൾക്കും പ്രായമായവർ പുറത്തിറങ്ങുന്ന ഈ സാഹചര്യത്തിൽ നമ്മൾ കൂടുതൽ കരുതൽ അവർക്ക് നൽകേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് അവർ ശ്രദ്ധിക്കേണ്ടത്?

മുതിർന്ന പൗരന്മാരുടെ വാക്സിനേഷൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി എങ്കിലും പലരും ഇനിയും വാക്സിൻ എടുക്കാനുണ്ട്. അത്തരം ആളുകൾ കൊവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന തീയതിയിൽ ആദ്യ ഡോസ് വാക്സിൻ എടുക്കേണ്ടതാണ്.

നിലവിൽ ആദ്യ ഡോസ് വാക്സിൻ എടുത്തവർ ഓൺലൈൻ ബുക്കിംഗ് വഴി രണ്ടാം ഡോസിന് അപ്പോയിന്റ്മെന്റ് എടുത്ത ശേഷം നിശ്ചിത സമയത്ത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തി രണ്ടാം ഡോസ് എടുക്കുക.

കൊവിഷീൽഡ് എടുത്തവർ ആറു മുതൽ എട്ട് ആഴ്ച വരെയുള്ള കാലയളവിലും, കൊവാക്സിൻ എടുത്തവർ നാലുമുതൽ ആറ് ആഴ്ച വരെയുള്ള കാലയളവിലും രണ്ടാം ഡോസ് എടുക്കേണ്ടതാണ്.

വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൃത്യമായി കൊവിഡ് പ്രോട്ടോകോൾ പാലിക്കുവാൻ ശ്രദ്ധിക്കുക.സാമൂഹിക അകലം പാലിക്കുക, മാസ്ക് കൃത്യമായി ഉപയോഗിക്കുക.

പൊതുചടങ്ങുകളിലും ആൾക്കൂട്ടങ്ങളിലും പോകാതിരിക്കുക. കല്യാണങ്ങൾ തുടങ്ങിയവയിൽ ആളുകൾ കുറവാണെങ്കിൽ പോലും മുതിർന്ന പൗരന്മാർ പങ്കെടുക്കാതിരിക്കുന്നതാകും അഭികാമ്യം. ആരാധനാലയങ്ങളിൽ പോകുന്നതും ഒഴിവാക്കണം.

വീടുകളിൽ പുറത്തു പോയി വരുന്നവരുമായി സാധിക്കും വിധം അകലം പാലിക്കുക. സാധ്യമെങ്കിൽ വീടിനുള്ളിലും മാസ്ക് ധരിക്കുക.

കൂടെ താമസമില്ലാത്ത മക്കൾ, പേരക്കുട്ടികൾ, മറ്റു ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരോട് ഫോൺ വഴി ബന്ധം പുലർത്തുക, വിഡിയോ കാൾ വഴി പരസ്പരം കാണുക , നല്ല കാര്യങ്ങൾ സംസാരിക്കുക.

നിലവിൽ ആദ്യ ഡോസ് വാക്സിൻ എടുത്തവർ ഓൺലൈൻ ബുക്കിംഗ് വഴി രണ്ടാം ഡോസിന് അപ്പോയിന്റ്മെന്റ് എടുത്ത ശേഷം നിശ്ചിത സമയത്ത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തി രണ്ടാം ഡോസ് എടുക്കുക.

ജീവിതശൈലീ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവർ മരുന്ന് മുടങ്ങാതെ ശ്രദ്ധിക്കുക. കൂടെ കൂടെ മരുന്ന് വാങ്ങാൻ പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കാൻ ഒന്നോ രണ്ടോ മാസത്തെ മരുന്നുകൾ വാങ്ങി വെക്കുന്നത് ഉചിതമാണ്.

അത്യാവശ്യ സാഹചര്യങ്ങളിൽ ഒഴിച്ച്, ആശുപത്രി സന്ദർശനം പരിമിതപ്പെടുത്തുക. ടെലി മെഡിസിൻ സേവനങ്ങൾ ഉപയോഗപ്പെടുത്തുക. ഇ- സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തുക.

അത്യവശ്യം ഇല്ലാത്ത സർജറികൾ ഡോക്ടറുടെ അഭിപ്രായം ചോദിച്ചതിന് ശേഷം കുറച്ചു കാലത്തേക്ക് നീട്ടി വെക്കാവുന്നതാണ്.

ധാരാളം വെള്ളം കുടിക്കുക. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക.പതിവായി ചെയ്യുന്ന വ്യായാമങ്ങൾ വീടിനുള്ളിലും തുടരുക.

വാർത്താമാധ്യമങ്ങളിലൂടെ നിരന്തരം കൊവിഡ് വാർത്തകൾ മാത്രം ശ്രദ്ധിക്കാതിരിക്കുക.ലഘുവ്യായാമങ്ങളിലും വിനോദങ്ങളിലും ഏർപ്പെടാം. മാനസിക സംഘർഷങ്ങൾ ഒഴിവാക്കാനും ശ്രമിക്കാം.

ശുഭാപ്തി വിശ്വാസമുള്ളവരായി തുടരുക.

സാമൂഹിക അകലം പാലിക്കുന്ന സമയത്തും നമ്മുടെ പ്രായമായവർ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യവും ഉണ്ടാകരുത്. അത് അവരുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കാം. ഫോണുകൾ വഴി അവരോട് സ്ഥിരമായി സംസാരിക്കുന്നതും, അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതും മുടക്കരുത്. അങ്ങനെ ഈ രണ്ടാം വരവിൽ നിന്ന് നമ്മുടെ മുതിർന്നവരെ നമ്മൾക്ക് സംരക്ഷിക്കാം

Related Stories

No stories found.
logo
The Cue
www.thecue.in