എം പോക്‌സ് എന്ന കുരങ്ങുപനി 116 രാജ്യങ്ങളില്‍ പടര്‍ന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. മങ്കി പോക്‌സ് എന്ന് അറിയപ്പെട്ടിരുന്ന ഈ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രോഗം പടര്‍ന്ന രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സ് എമര്‍ജന്‍സി കമ്മിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയല്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച പുതിയ ക്ലേഡ് 1ബി സ്‌ട്രെയിന്‍ കൂടുതല്‍ രാജ്യാന്തര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ലൈംഗികമായി പകരുന്ന പുതിയ വകഭേദം പടര്‍ന്നു പിടിക്കുന്നത് ആരോഗ്യ വിദഗ്ദ്ധര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന എം പോക്‌സ് ലോകത്തിനൊട്ടാകെ ഭീഷണിയാണെന്നും അതിനെ തടയുന്നതിനായി പ്രവര്‍ത്തിക്കണമെന്നും ഐഎച്ച്ആര്‍ എമര്‍ജന്‍സി കമ്മിറ്റി ആവശ്യപ്പെട്ടു. കോംഗോയ്ക്ക് പുറമേ ബുറുന്‍ഡി, കെനിയ, റുവാന്‍ഡ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം പടരുന്നത്. പുതിയ വൈറസ് സ്‌ട്രെയിന്‍ വളരെ വേഗത്തില്‍ പടരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചു.
116 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം പേരെ രോഗം ബാധിച്ചുവെന്നാണ് പുതിയ കണക്ക്. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ഈ രോഗം പ്രത്യക്ഷപ്പെട്ടത്. 2022 ജൂലൈ 14ന് യുഎഇയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ 35 കാരനിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി രോഗബാധ തടയാന്‍ കേരളത്തിനായി. പിന്നീട് രാജ്യത്തൊട്ടാകെ 27 കുരങ്ങുപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എച്ച്1എന്‍1, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് 19 എന്നിവയ്ക്കാണ് ഇതിനു മുന്‍പ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം വ്യാപിക്കാമെങ്കിലും അടുത്തിടപഴകിയാല്‍ മാത്രമേ ഇത് പകരൂ. കോവിഡ് പോലെ വേഗത്തില്‍ മഹാമാരിയായി പടരാനുള്ള സാധ്യത വിരളമാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
എന്താണ് എം പോക്‌സ്?
നേരത്തേ മങ്കി പോക്‌സ് എന്ന് വിളിച്ചിരുന്ന എം പോക്‌സ് ഒരു മൃഗജന്യ രോഗമാണ്. അതായത് മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകര്‍ന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മഹാമാരിയായി പടര്‍ന്ന വസൂരിയുടെ കുടുംബത്തിലുള്ള ഒരു ഓര്‍ത്തോപോക്‌സ് വൈറസാണ് എം പോക്‌സിന് കാരണമാകുന്നത്. രോഗം ബാധിച്ച മൃഗങ്ങള്‍, രോഗബാധിതരുടെ ശരീരത്തിലെ മുറിവുകള്‍, പോറലുകള്‍, ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ വൈറസ് പകരുന്നത്. എന്നാല്‍ പുതിയ സ്‌ട്രെയിന്‍ ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. പനി, ദേഹമാസകലം തടിച്ചതുപോലെയുള്ള പാടുകള്‍, പേശികളില്‍ വേദന എന്നിവയാണ് ലക്ഷണങ്ങള്‍. വസൂരി രോഗത്തിന് സമാനമായ ലക്ഷണങ്ങളാണ് രോഗികള്‍ പ്രകടിപ്പിക്കുക. 10 മുതല്‍ 20 ദിവസങ്ങള്‍ കൊണ്ട് രോഗം ശമിക്കും. എങ്കിലും കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് വൈറസ് മാരകമായേക്കാം. കോവിഡ് പോലെ വായുവിലൂടെ ഇത് പകരില്ല. വസൂരിയേക്കാള്‍ ശേഷി കുറഞ്ഞതാണെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായേക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. രോഗബാധിതരുമായി അടുത്തിടപഴകിയാല്‍ മാത്രമേ രോഗം പകരൂവെന്നതിനാല്‍ രോഗനിയന്ത്രണവും വളരെയെളുപ്പമാണ്.
മനുഷ്യരില്‍ ഈ രോഗം 1970ലാണ് ആദ്യമായി കണ്ടെത്തിയത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് ആദ്യമായി രോഗം പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ സെന്‍ട്രല്‍, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധിയായി മാറിയിരിക്കുകയാണ് ഈ രോഗം. കഴിഞ്ഞ വര്‍ഷം കോംഗോയില്‍ മാത്രം 15,600 എം പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 537 മരണങ്ങള്‍ ഇതു മൂലമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. വസൂരി വാക്‌സിന്‍ ഈ രോഗത്തിന് ഫലപ്രദമായതിനാല്‍ ദരിദ്ര രാഷ്ട്രങ്ങളിലടക്കം വാക്‌സിന്‍ എത്തിക്കാനാണ് ലോകാരോഗ്യ സംഘടന ശ്രമിക്കുന്നത്.
എം പോക്‌സ് അപകടകാരിയാണോ?
നേരത്തേ പറഞ്ഞതുപോലെ പത്തു മുതല്‍ 20 ദിവസങ്ങള്‍ക്കകം രോഗം ഭേദമാകാറുണ്ട്. എന്നാല്‍ കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതു മൂലം ഉണ്ടാകാനിടയുണ്ട്. ത്വക്കിലുണ്ടാകുന്ന അണുബാധ, കാഴ്ചാ പ്രശ്‌നങ്ങള്‍ തുടങ്ങി മസ്തിഷ്‌കത്തിലെ അണുബാധയും ന്യുമോണിയയും വരെ അനുബന്ധമായി ഉണ്ടായേക്കാം. വസൂരിയെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും ആദ്യ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടിയില്ലെങ്കില്‍ രോഗി ഗുരുതരാവസ്ഥയിലേക്ക് പോകുകയും മരണത്തിനു വരെ കാരണമാകുകയും ചെയ്‌തേക്കാം.
എം പോക്‌സിന് വാക്‌സിന്‍ നിലവിലുണ്ടോ?
ഈ രോഗത്തിനായി വാക്‌സിനൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും വസൂരി വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എംവിഎ-ബിഎന്‍, എല്‍സി16, ഓര്‍ത്തോപോക്‌സ് വാക് എന്നീ സ്‌മോള്‍ പോക്‌സ് വാക്‌സിനുകള്‍ രോഗപ്രതിരോധത്തിന് ഫലപ്രദമാണ്. അടിയന്തര ചികിത്സയ്ക്കായി വസൂരി ചികിത്സയില്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകരിച്ച ടെകോവിരിമാറ്റ് എന്ന ആന്റി വൈറല്‍ മരുന്നും ഉപയോഗിക്കാറുണ്ട്.