വനിതാ സംരംഭകർക്കായി വനിതാ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പ്രൊജക്ട് കൺസൾട്ടൻസി സ്ത്രീ മുന്നേറ്റത്തിന്റെ പുതിയ തുടക്കമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വനിതാ സംരംഭകർക്ക് മാർഗനിർദേശം നൽകുകയും വ്യവസായം ലാഭകരമായി മാറ്റുകയുമാണ് പദ്ധതിയിലൂടെ വനിതാ വികസന കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സംസ്ഥാനത്ത് സ്ത്രീ സംരംഭകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് അത്ഭുതപ്പെടുത്തുന്നതാണെന്നും എസ്കലേറ മേളയുടെ സമാപന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.
ഏഴ് ദിവസം നീണ്ടുനിന്ന മേളയിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ഇരുന്നൂറോളം വനിതാ സംരംഭകരാണ് പങ്കെടുത്തത്. വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും സ്ത്രീ സംരംഭകർക്കായി സംഘടിപ്പിച്ചു. കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു മേള. കനറാ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കുടുംബശ്രീ, എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്, നബാർഡ്, സുചിത്വ മിഷൻ എന്നിവരായിരുന്നു മേളയുടെ മുഖ്യ സ്പേൺസർമാർ.
തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സിനിമാതാരം നിർമ്മൽ പാലാഴി മുഖ്യാതിഥിയായി. കെ.എസ്. ഡബ്ല്യു. ഡി.സി ഡയറക്ടർമാരായ ടി.വി അനിത, ഷീബ ലിയോൺ, വി.കെ പ്രകാശിനി എന്നിവർ സംസാരിച്ചു. കെ.എസ്. ഡബ്ല്യു. ഡി.സി എം.ഡി. ബിന്ദു വി.സി സ്വാഗതവും കോഴിക്കോട് മേഖലാ മാനേജർ ഫൈസൽ മുനീർ നന്ദിയും പറഞ്ഞു. മേളയോടനുബന്ധിച്ചുള്ള മാധ്യമ അവാർഡുകളും വിതരണം ചെയ്തു. രാഗവല്ലി മ്യൂസിക് ബാൻഡ് അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റും അരങ്ങേറി.