കീമോയ്ക്ക് പകരം കുര്‍ക്കുമിന്‍ ചികിത്സയ്ക്കുള്ള ടെക്നോളജി റെഡി ; ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇനി വേണ്ടത് യോജിച്ച മരുന്ന് ഉത്പാദകരെ
അര്‍ബുദ രോഗികളില്‍ കീമോ തെറാപ്പിക്ക് പകരമായി ഉപയോഗിക്കാവുന്ന കുര്‍ക്കുമിന്‍ വേഫര്‍ ചികിത്സയ്ക്ക് വേണ്ട സാങ്കേതിക വിദ്യ വികസിപ്പിച്ച ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്, ഇനി വേണ്ടത് അനുയോജ്യമായ മരുന്നു കമ്പനിയുടെ പിന്‍തുണ. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയുടെ സുപ്രധാന കണ്ടെത്തലിന് യുഎസ് പേറ്റന്റ് ലഭിച്ചിരുന്നു. അനുയോജ്യമായ മരുന്നുത്പാദന കമ്പനിക്ക് ഈ ടെക്നോളജി കൈമാറും. ഫലപ്രദമായ രീതിയില്‍ അവര്‍ മരുന്ന് വികസിപ്പിക്കണം. അപ്പോഴാണ് പൂര്‍ണാര്‍ത്ഥത്തില്‍ കീമോയ്ക്ക് പകരം കുര്‍ക്കുമിന്‍ വേഫര്‍ ചികിത്സ പ്രയോഗിക്കാനാവുകയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ലിസി കൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.
മഞ്ഞളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കുര്‍ക്കുമിന്‍ എന്ന പദാര്‍ത്ഥത്തിന് അര്‍ബുദ കോശങ്ങളെ നീക്കം ചെയ്യാനുളള കഴിവുണ്ടെന്ന് നേരത്തേ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ജീവനുളള കോശങ്ങളില്‍ കുര്‍ക്കുമിന്‍ ഇതുവരെ പരീക്ഷണ വിധേയമാക്കിയിട്ടില്ല. മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചാല്‍ മാത്രമേ ജീവനുളള മനുഷ്യകോശങ്ങളിലേയ്ക്ക് കുര്‍ക്കുമിനെ എത്തിക്കാനാകൂ. ആന്റി ക്യാന്‍സര്‍ പ്രോപ്പര്‍ട്ടീസ് ഉണ്ടെന്ന് കരുതപ്പെടുന്ന പദാര്‍ത്ഥമാണ് കുര്‍ക്കുമിന്‍. ഇത് ജീവനുള്ള കോശങ്ങളില്‍ ഫലപ്രദമാണോയെന്ന് പരീക്ഷിച്ച് ഉറപ്പിക്കേണ്ടതുണ്ട്. കുര്‍ക്കുമിനെ വെളളത്തില്‍ ലയിപ്പിക്കുക പ്രയാസമാണ്. അതിനാല്‍ ഇത് നേരിട്ട് കുത്തിവെപ്പിലൂടെ ശരീരത്തിലെത്തിക്കുക പ്രായോഗികമല്ല. കുര്‍ക്കുമിനെ ആല്‍ബുമിന്‍ എന്ന പ്രോക്ടീനുമായി സംയോജിപ്പിച്ച് വെളളത്തില്‍ ലയിക്കുന്ന രീതിയിലാക്കി കുത്തിവെപ്പിലൂടെ മനുഷ്യശരീരത്തിലേയ്ക്ക് എത്തിക്കുന്ന ടെക്‌നോളജി കഴിഞ്ഞ വര്‍ഷം ശ്രീചിത്ര വികസിപ്പിച്ചെടുത്തിരുന്നു. ഇത് ഒരു മരുന്ന് ഉത്പാദക സ്ഥാപനത്തിന് കൈമാറിയിട്ടുണ്ട്. ശീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആശ കിഷോര്‍ ദ ക്യുവിനോട് പറഞ്ഞു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തില്‍ അവശേഷിക്കുന്ന ക്യാന്‍സര്‍ കോശങ്ങളെ നേരിട്ട് കുര്‍ക്കുമിന്‍ നല്‍കി നീക്കം ചെയ്യാന്‍ കഴിയുമോ എന്നതിലായിരുന്നു പഠനം. ഇതിനായി കുര്‍ക്കുമിനെ ആല്‍ബുമിന്‍, ഹൈബ്രിനോജിന്‍ തുടങ്ങിയ രക്തത്തിലെ പ്രോട്ടീനുകളുമായി സംയോജിപ്പിച്ച് ഒരു വേഫര്‍ രൂപത്തില്‍ ഷീറ്റായി മാറ്റുകയും ബാക്കിയുളള കോശങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലത്ത് പതിപ്പിക്കുകയും ചെയ്യുന്നതാണ് ചികിത്സാരീതിയെന്ന് ആശ കിഷോര്‍ പറയുന്നു. അര്‍ബുദ കോശങ്ങള്‍ വളരാതിരിക്കാനും ശേഷിക്കുന്ന കോശങ്ങളെ നീക്കം ചെയ്യാനുമാണ് ശസ്ത്രക്രിയയ്ക്ക് ശേഷം കീമൊതെറാപ്പി ചെയ്യുന്നത്. എന്നാല്‍ രോഗബാധയുളള കോശങ്ങള്‍ക്കൊപ്പം സാധാരണ കോശങ്ങളും കീമോതെറാപ്പിയില്‍ നശിച്ചു പോകാറുണ്ട്. കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതിക വിദ്യ സാധാരണ കോശങ്ങളെ നശിപ്പിക്കില്ല എന്നതാണ് പ്രത്യേകത.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഐ സി എം ആറും സംയുക്തമായി സമര്‍പ്പിച്ച പഠനത്തിലാണ് യുഎസ് പേറ്റന്റ് ലഭിച്ചത്.