ശിശുമരണ നിരക്ക് കുറക്കുന്നതിൽ എറ്റവും വലിയ പങ്കുവഹിച്ചത് ഹൃദ്യം

ശിശുമരണ നിരക്ക് കുറക്കുന്നതിൽ എറ്റവും വലിയ പങ്കുവഹിച്ചത് ഹൃദ്യം
Published on
Summary

സർക്കാർ ആശുപത്രിയിൽ മാത്രമല്ല വിദഗ്ദ ചികിത്സ ലഭിക്കുന്ന തൊട്ടടുത്ത സ്വകാര്യ ആശുപത്രികളെകൂടി ഉൾപ്പെടുത്തിക്കൊണ്ട് മാത്രമേ സമയബന്ധിതമായി കുട്ടികളുടെ ചികിത്സ ഉറപ്പുവരുത്താൻ സാധിക്കുകയുള്ളു. നുണപ്രചാരണങ്ങളെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും എന്ന് വിശ്വസിക്കുന്നു.

'ഹൃദ്യം' പദ്ധതിക്കെതിരായ മാധ്യമവാർത്തയിൽ മുൻ ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ

കേരളത്തിൽ ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ആരംഭിച്ച ഹൃദ്യം പദ്ധതി ആയിരക്കണക്കിന് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കാരണമായ പദ്ധതിയാണ്. കേരളത്തിലെ ശിശുമരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൃദ്യം പദ്ധതിക്ക് തുടക്കംകുറിച്ചത് 2016 ൽ 1000 പ്രസവത്തിന് 12 ആയിരുന്നു കേരളത്തിലെ ശിശുമരണ നിരക്ക്. കുറേ വർഷങ്ങളായി ശിശുമരണ നിരക്ക് 12 ആയിത്തന്നെ തുടരുകയായിരുന്നു. ഇത് കുറച്ചുകൊണ്ടുവരുന്നതിനായി 2017 പ്രത്യേക മിഷൻ പ്രഖ്യാപിക്കുകയും അതിനായി പ്രത്യേക ടീമിനെ രൂപീകരിക്കുകയും ചെയ്തു. ശിശുമരണ നിരക്കിന്റെ കാരണങ്ങൾ പരിശോധിച്ചപ്പോൾ അതിലേറ്റവും പ്രധാനമായിട്ടുള്ള ഒന്ന് ജന്മനാ ഉള്ള ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളാണ് (COGENITAL HEART DEFECTS).

വളരെ പെട്ടന്ന് ഓപ്പറേഷൻ നടത്തുകയോ ചികിത്സ നടത്തുകയോ ചെയ്താൻ മാത്രമേ ഈ വിഷയം പരിഹരിക്കാൻ സാധിക്കുകയുള്ളു. അങ്ങനെ ചെയ്തില്ലെങ്കിൽ കുഞ്ഞുങ്ങൾ വളരെ പെട്ടന്ന് മരണപ്പെടുന്ന സ്ഥിതിയുണ്ടാവും. എന്നാൽ കേരളത്തിൽ ഈ സങ്കീർമായ ശശ്ത്രക്രിയ നടത്താനുള്ള സൗകര്യം ഗവ. മെഡിക്കൽ കോളേജുകളിൽ വേണ്ടത്ര അക്കാലത്ത് ഉണ്ടായിരുന്നില്ല. അതിനാൽ ഇത്തരത്തിലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഒരു പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന് സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ആർബിഎസ്‌കെയുടെ കൂടി പിൻതുണയോടെ ഹൃദ്യം എന്ന പദ്ധതി രൂപീകരിക്കുന്നത്.

ഈ പദ്ധതി പ്രകാരം ഒരു വിദഗ്ദ ടീം ജനിക്കുന്ന കുട്ടികളെ പെട്ടന്ന് തന്നെ പരിശോധിച്ച് ഹൃദയസംബന്ധമായ അസുഖങ്ങൾ കണ്ടെത്തുന്നതിന് ആശുപത്രികൾക്ക് നിർദേശം കൊടുത്തു. കണ്ടെത്തിക്കഴിഞ്ഞാൽ ഉടൻതന്നെ ഹൃദ്യം പദ്ധതിയിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ ഉള്ള സൗകര്യമൊരുക്കി. വളരെ പെട്ടന്ന് തന്നെ ചികിത്സ ലഭ്യമാക്കേണ്ടതിനാൽ ഈ വിദഗ്ദ ചികിത്സ ലഭ്യമാകുന്ന സ്വകാര്യ ആശുപത്രികളെ കൂടി എം പാനൽ ചെയ്തുകൊണ്ടാണ് ചികിത്സ നൽകാൻ തീരുമാനിച്ചത്. അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ആസ്റ്റർ മിംമ്‌സ്, ലിസ്സി, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് തുടങ്ങിയ പ്രശസ്തങ്ങളായിട്ടുള്ള സ്വകാര്യ ആശുപത്രികളുമായി സംസാരിച്ച് ആർബിഎസ്‌കെ നിശ്ചയിച്ച നിരക്കിൽ മാത്രം ഫീസ് ഈടാക്കി ഓപറേഷൻ ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടു. കുറഞ്ഞ നിരക്കിൽ ചികിത്സ നടത്താൻ സാധാരണ ഗതിയിൽ സ്വകാര്യ ആശുപത്രികൾ തയ്യാറാവാറില്ല എന്നാൽ സർക്കാറിന്റെ ഒരു മിഷൻ എന്ന നിലയിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സാധാരണ സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്നതിനെക്കാൾ വളരെ കുറഞ്ഞ ഫീസിൽ ഈ ചികിത്സ ചെയ്തുതരാൻ സ്വകാര്യ ആശുപത്രികൾ തയ്യാറായത്. ഈ തുക സർക്കാർ ഓപ്പറേഷന് ശേഷം ആശുപത്രികളിലേക്ക് അടക്കുകയും പാവപ്പെട്ട ജനങ്ങൾക്ക് തീർത്തും സൗജന്യമായി അവരുടെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ചികിത്സ നൽകുകയുമാണ് ചെയ്തത്. ആർബിഎസ്‌കെ ഗൈഡ്‌ലൈനിൽ സ്വകാര്യ ആശുപത്രികളെ കൂടെ പങ്കാളികളാക്കാനുള്ള തീരുമാനവും ഉണ്ടായിരുന്നു.

ജനിതകഹൃദയ വൈകല്യം ഉണ്ടെന്ന് കണ്ടെത്തിയൽ ഉടൻതന്നെ രക്ഷിതാക്കളുടെ കൂടെ അഭിപ്രായപ്രകാരം എറ്റവും അടുത്ത എംപാനൽഡ് ആശുപത്രിയിൽ കുട്ടികളെ ചികിത്സയ്ക്ക് എത്തിക്കുകയുമാണ് ചെയ്തത്. ഹൃദ്യം പദ്ധതിയുടെ ആംബുലൻസ് ഈ കുട്ടികൾ ഉള്ള സ്ഥലങ്ങളിലെത്തി അവരെ ആശുപത്രികളിലേക്ക് സുരക്ഷിതമായി കൊണ്ടുപോവുകയും ഓപ്പറേഷൻ നടത്തിയതിന് ശേഷം പിന്നീട് തുടർച്ചയായി കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുകയും ആവശ്യമായിട്ടുള്ള ചികിത്സ നൽകുകയും ചെയ്തുവന്നു. അങ്ങനെ തുടർച്ചയായുള്ള പരിചരണത്തിന്റെ ഭാഗമായാണ് കുട്ടികളുടെ ജീവൻ നിലനിർത്തിയത. നേരത്തെ വളരെ ഉയർന്ന ചിലവിൽ സ്വകാര്യ ആശുപത്രികളിൽ നടത്തിക്കൊണ്ടിരുന്ന ചികിത്സ സാധാരണക്കാർക്ക് സൗജന്യമായി നൽകുകയും സർക്കാർ നിർദേശിച്ച നിരക്കിൽ സ്വകാര്യ ആശുപത്രികളെക്കൊണ്ട് ചെയ്യിക്കുകയും ചെയ്തുവെന്നുള്ളതാണ് വസ്തുത. സാമ്പത്തിക ബുദ്ധിമുട്ടുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ഹൃദ്യം പദ്ധതിയിലൂടെ ലഭിച്ചത്. ഇതോടൊപ്പം തന്നെ സർക്കാർ മേഖലയിലും ഇത്തരം സൗകര്യങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ടെന്ന് സർക്കാർ നിശ്ചയിച്ചതിന്റെ ഭാഗമായി 20 കോടിയോളം രൂപ ചെലവഴിച്ചുകൊണ്ട് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഈ സങ്കീർമണായ ഓപറേഷനുകൾ നടത്താനുള്ള സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ നടപടി സ്വീകരിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സൗകര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയും ഉപകരണങ്ങൾ ലഭ്യമാക്കുകയും അതിനാവശ്യമായ തസ്തികകൾ സൃഷ്ടിച്ച് ആളുകളെ നിശ്ചയിക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗം ആരംഭിച്ചത് കഴിഞ്ഞ സർക്കാറിന്റെ കാലത്താണ്. കോഴിക്കോട് മെഡിക്കൽ കോളേജിലും ആവശ്യമായ തസ്തികകൾ സൃഷ്ടിച്ചുനൽകി. ഈ മെഡിക്കൽ കോളേജുകളിൽ ചികിത്സ ആരംഭിച്ചുവെങ്കിലും കൊവിഡ് കാലത്ത് ഈ പ്രവർത്തനങ്ങൾ തടസപ്പെട്ട് പോയിരുന്നു. ഇപ്പോൾ വീണ്ടും സ്വകാര്യ ആശുപത്രികളും സർക്കാർ ആശുപത്രികളും ഉൾപ്പെടെയുള്ള എം പാനൽഡ് ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഹൃദ്യം പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ ശ്രീചിത്രയിൽ മാത്രമായിരുന്നു എറ്റവും കൂടുതൽ ഓപ്പറേഷനുകൾ നടന്നിരുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ നിന്ന് ഉൾപ്പെടെ കുട്ടികൾ ശ്രീചിത്രയിൽ ചികിത്സയ്ക്ക് എത്തുന്നതിനാൽ സമയബന്ധിതമായി ഇത്തരം ചികിത്സ നടത്താൻ സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു. മേൽപറഞ്ഞ സ്വകാര്യ ആശുപത്രികളെ കൂടി എം പാനൽ ചെയ്തതോടെയാണ് കാലതാമസമില്ലാതെ കൃത്യസമയത്ത് ഓരോകുട്ടിക്കും ചികിത്സയും ഓപ്പറേഷനും ലഭ്യമാക്കാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ മരിച്ചുപോകുമായിരുന്ന നിരവധി കുട്ടികളുടെ ജീവൻ രക്ഷിക്കാനും കഴിഞ്ഞു.

നേരത്തെയുണ്ടായിരുന്ന താലോലം പദ്ധതിയുടെ പേര് മാറ്റിയതാണെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അത് തീർത്തും വസ്തുതാ വിരുദ്ധമാണ്. 2010 ൽ ആരംഭിച്ച താലോലം പദ്ധതി ഇപ്പോഴും നിലവിലുണ്ട് 18 വയസിൽ താഴെയുള്ളവർക്ക് മറ്റ് രോഗങ്ങൾക്കടക്കം ചികിത്സാ സഹായം

കിട്ടുന്ന പദ്ധതിയാണ് താലോലം. എന്നാൽ വളരെ സങ്കീർമായ ഹൃദയ ശശ്ത്രക്രിയയടക്കം നടത്താൻ കഴിയും വിധം ജനിതക ഹൃദയ വൈകല്യങ്ങൾക്കായി പ്രത്യേകം രൂപീകരിച്ച പദ്ധതിയാണ് ഹൃദ്യം. 2017 ആഗസ്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ച് ഇതുവരെ 6107 കുട്ടികൾക്ക് ഹൃദ്യം പദ്ധതിവഴി ചികിത്സ നൽകുന്നതിനും അവരുടെ ജീവൻ രക്ഷിക്കുന്നതിനും സാധിച്ചിട്ടുണ്ട്. ഹൃദ്യം പദ്ധതിയടക്കമുള്ള നിരവധി പ്രവർത്തനങ്ങളിലൂടെയാണ് നാം ശിശുമരണ നിരക്ക് കുറച്ചുകൊണ്ടുവന്നത്. 2020 ൽ കേരളത്തിലെ ശിശുമരണ നിരക്ക് 5.4 ആണെന്ന് നീതി ആയോഗ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 12 ൽ നിന്നും ശിശുമരണ നിരക്ക് 5.4 ആയി കുറക്കുന്നതിൽ എറ്റവും വലിയ പങ്കുവഹിച്ചത് ഹൃദ്യം പദ്ധതിയാണ്. ഡോ. ശ്രീഹരിയുടെ നേതൃത്വത്തിലുള്ള ടീം സ്തുത്യർഹമായ സേവനമാണ് ഹൃദ്യം പദ്ധതിയിലൂടെ കാഴ്ചവച്ചത്. ജനിതക ഹൃദയ വൈകല്യമുണ്ടെന്ന് റിപ്പോർട്ട് ചെയ്തയുടനെ തന്നെ എം പാനൽ ചെയ്ത ആശുപത്രികളുമായും (സർക്കാർ/സ്വകാര്യ ആശുപത്രികൾ) കുട്ടികളുടെ രക്ഷിതാക്കളുമായും ബന്ധപ്പെട്ട് അവർക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ ഈ ടീം ഏറെ ശ്രദ്ധേയമായ പ്രവർത്തനം നടത്തി. ഇത്രജനകീയമായ പദ്ധതിയെ തകർക്കാനാണ് നുണപ്രചാരണങ്ങളിലൂടെ ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്കിത് മനസിലാവും. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സ ലഭിച്ച കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും ഈ നുണപ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കുമെന്നത് തീർച്ചയാണ്. ഇനിയും ഹൃദ്യം പദ്ധതിയിലൂടെ കുരുന്നുകൾക്ക് ചികിത്സ ലഭിക്കണം. സർക്കാർ ആശുപത്രിയിൽ മാത്രമല്ല വിദഗ്ദ ചികിത്സ ലഭിക്കുന്ന തൊട്ടടുത്ത സ്വകാര്യ ആശുപത്രികളെകൂടി ഉൾപ്പെടുത്തിക്കൊണ്ട് മാത്രമേ സമയബന്ധിതമായി കുട്ടികളുടെ ചികിത്സ ഉറപ്പുവരുത്താൻ സാധിക്കുകയുള്ളു. നുണപ്രചാരണങ്ങളെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും എന്ന് വിശ്വസിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in