എന്താണ് വിറ്റിലിഗോ ? ലക്ഷണം, പ്രതിരോധം

എന്താണ് വിറ്റിലിഗോ ? ലക്ഷണം, പ്രതിരോധം
Published on
Summary

ചര്‍മ്മത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളുത്തതോ, ഇളം നിറമുള്ളതോ ആയ പാടുകൾ രൂപപ്പെടുന്ന രോഗാവസ്ഥയാണ് വിറ്റിലിഗോ. വിറ്റിലിഗോയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ 25 ന് ലോക വിറ്റിലിഗോ ദിനം ആചരിക്കുന്നു.

എല്ലാ പ്രായത്തിലുമുള്ള ആളുകളിലും, ചർമ്മങ്ങളിലും വിറ്റിലിഗോ ബാധിക്കാം

എന്താണ് യഥാർത്ഥത്തിൽ വിറ്റിലിഗോ ?

ചര്‍മ്മത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളുത്തതോ, ഇളം നിറമുള്ളതോ ആയ പാടുകൾ രൂപപ്പെടുന്ന രോഗാവസ്ഥയാണ് വിറ്റിലിഗോ. നമ്മുടെ ചർമ്മത്തിന് നിറം നൽകുന്ന പിഗ്മെന്റുകളെ ഉത്പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്. ഈ കോശങ്ങൾ നശിക്കുന്നതും, ഇവയുടെ എണ്ണം കുറയുന്നതും മൂലം പിഗ്മെന്റ് ഉത്പാദനം തടസ്സപ്പെടുന്നു. വിറ്റിലിഗോയെ ഓട്ടോ ഇമ്യൂൺ ഡിസോര്‍ഡര്‍ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ശരീരത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനം ചർമ്മത്തിലെ സാധാരണ പിഗ്മെന്റ് ഉണ്ടാക്കുന്ന കോശങ്ങളെ ആക്രമിക്കുന്നു. കാലക്രമേണ വിറ്റിലിഗോ മറ്റ് ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡറുകൾക്കും കാരണമായേക്കാം. ഇതിൽ ഏറ്റവും സാധാരണമായത് തൈറോയ്ഡ് രോഗമാണ്. അതിനാൽ തന്നെ വിറ്റിലിഗോ ബാധിച്ചവരോട് ചില സന്ദർഭങ്ങളിൽ, ഡോക്ടർമാർ തൈറോയ്ഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട ലാബ് പരിശോധനകളും, നിർദ്ദിഷ്ട ആന്റിബോഡി പരിശോധനകളും നടത്താൻ നിർദ്ദേശിക്കാറുണ്ട്.

വിറ്റിലിഗോ ആഗോളതലത്തിൽ തന്നെ സാധാരണമായ അസുഖമാണ്. ഇത് ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ 2% വരെ ആളുകളെ ബാധിക്കുന്നുണ്ട്. വിറ്റിലിഗോ ഭാഗികമായി ജനിതകമായി കാണപ്പെടുന്നു, എന്നിരുന്നാലും കുടുംബത്തിലെ ഒരംഗത്തിനോ, കുട്ടിക്കോ വിറ്റിലിഗോ ഉണ്ടാകാനുള്ള സാധ്യത ഏകദേശം 6% മാത്രമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളിലും, ചർമ്മ തരങ്ങളിലും വിറ്റിലിഗോ ബാധിക്കാം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കും, പ്രത്യേകിച്ച് മുട്ടുകൾ, ഇടയ്ക്കിടെ തടവുന്ന ഭാഗങ്ങൾ (അതായത് കൈമുട്ട്, കൈകൾ, അരക്കെട്ട്, കാൽമുട്ടുകൾ, പാദങ്ങളുടെ മുകൾഭാഗം എന്നിവ). കൂടാതെ കണ്ണ്, മൂക്ക്, വായ എന്നിവയുടെ ചുറ്റുമുളള ചർമ്മം, ജനനേന്ദ്രിയങ്ങൾ, അതുപോലെ മൂക്കിന്റെയും വായയുടെയും ആന്തരിക പാളി ഇവയെ എല്ലാം ബാധിച്ചേക്കാം. വിറ്റിലിഗോ ഉള്ള മിക്ക ആളുകളിലും, വെളുത്ത പാടുകൾ കാലക്രമേണ സാവധാനത്തിൽ വികസിച്ചു വരാറുണ്ട്. എന്നിരുന്നാലും, ഓരോ വ്യക്തികളിലും വ്യത്യസ്തമാണ് പാടുകളുടെ വികാസം. ചില രോഗികളിൽ പാടുകൾ വികസിച്ച് കാണാറില്ല, എന്നാൽ അപൂർവ്വമായി ചില രോഗികളിൽ പെട്ടെന്ന് വഷളാകും. 10-20% രോഗികളിൽ സ്വതസിദ്ധമായ പുനർനിർമ്മാണത്തിലുടെ ചർമ്മത്തിന് സാധാരണ നിറം തിരികെ ലഭിക്കാറുണ്ട്

മറ്റ് ലക്ഷണങ്ങൾ ഉണ്ടോ?

വിറ്റിലിഗോ സാധാരണയായി രോഗലക്ഷണങ്ങൾ കാണിക്കാറില്ല. ഇത് ജീവന് ഭീഷണി ഉണ്ടാക്കുന്ന തരത്തിലുളള പകർച്ചവ്യാധിയല്ല. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതുമല്ല എന്നതും പഠനങ്ങൾ തെളിയിക്കുന്നു.

വിറ്റിലിഗോ തടയാൻ നിലവിൽ ഒരു മാർഗവുമില്ല. വിറ്റിലിഗോ പിടിപെട്ടാൽ വേഗത്തിൽ ചികിത്സ നേടണം.

ചികിത്സ

വിറ്റിലിഗോ ബാധിച്ച രോഗികൾക്ക് ചുവടെ പറയുന്ന ചികിത്സാരീതികളാണ് ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഉള്ളത്

> ടോപ്പിക്കൽ തെറാപ്പി

കോർട്ടികോസ്റ്റീറോയിഡുകൾ അല്ലെങ്കിൽ കാൽസിന്യൂറിൻ ഇൻഹിബിറ്ററുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിച്ചുളള ചികിത്സ

> ലൈറ്റ് തെറാപ്പി

UVB ലൈറ്റിന്റെ നിയന്ത്രിത എക്സ്പോഷനിലൂടെയുളള ചികിത്സ. സാധാരണയായി നാരോ ബാൻഡ് അൾട്രാവയലറ്റ് ബി കിരണങ്ങളാണ് ഉപയോഗിക്കുന്നത്.

> സ്കിൻ ഗ്രാഫ്റ്റിംഗ്

വിറ്റിലിഗോ ബാധിക്കാത്ത ചർമ്മത്തിൽ നിന്നും പിഗ്മെന്റ് സെല്ലുകൾ ആധുനിക സർജറി വഴി രോഗബാധയുള്ള ഭാഗത്ത് മാറ്റിവെക്കുകയാണ് ചെയ്യുക

വിറ്റിലിഗോ തടയാൻ കഴിയുമോ?

വിറ്റിലിഗോ തടയാൻ നിലവിൽ ഒരു മാർഗവുമില്ല. നിങ്ങൾക്ക് വിറ്റിലിഗോ ഉണ്ടെങ്കിൽ, എത്രയും വേഗം ചികിത്സ ആരംഭിച്ചാൽ അത് കൂടുതൽ ഫലപ്രദമാകും. വർഷങ്ങളോളം ചികിത്സിക്കാൻ വിമുഖത കാട്ടിയാൽ പിന്നീട് വിറ്റിലിഗോ ചികിത്സിക്കാൻ പ്രയാസമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in