വൃക്കകളുടെ സംരക്ഷണം: അറിയേണ്ടതെല്ലാം
നമ്മുടെ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്ന ധര്‍മ്മം വഹിക്കുന്ന അവയവമാണ് വൃക്കകള്‍. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തവും വൃക്കകള്‍ക്കാണ്.
വൃക്കകളിലെ പ്രധാനപ്പെട്ട ഭാഗമാണ് നെഫ്രോണുകള്‍. ഒരു വൃക്കയില്‍ പത്ത് ലക്ഷത്തിലധികം നെഫ്രോണുകളുണ്ട്. ശരീരത്തിന്റെ അരിപ്പ പോലെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ആവശ്യമായവ ആഗിരണം ചെയ്ത ശേഷം ബാക്കിയുള്ളവ പുറന്തള്ളുന്നു.
അതുകൊണ്ടു തന്നെ വൃക്കകളെ ആരോഗ്യപൂര്‍വ്വം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വൃക്കകളെ ബാധിക്കുന്ന പ്രദാന രോഗങ്ങളാണ് വൃക്കയിലെ കല്ല്, നെഫ്രെറ്റിസ്, പ്രമേഹം, തുടങ്ങിയവ.
വൃക്കയിലെ കല്ല് അഥവാ കിഡ്നി സ്റ്റോണ്‍
ശരീരത്തിലെ ജലത്തിന്റെ അളവിലുണ്ടാകുന്ന കുറവ്, ജീവിതരീതിയിലെ മാറ്റങ്ങള്‍, ഭക്ഷണക്രമങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കാരണം വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകാറുണ്ട്.
ഇനി എന്താണ് ഈ കല്ലുകള്‍ എന്നല്ലേ?
ലവണങ്ങള്‍ കിഡ്നിയില്‍ പരലുകളുടെ രൂപത്തില്‍ ഉണ്ടാകുന്നതാണ് കല്ലുകള്‍. സാധാരണയായി ഇവ രണ്ട് തരത്തിലുണ്ട്. കാത്സ്യം അടങ്ങിയ കല്ലുകളും അല്ലാത്തതുമായ കല്ലുകള്‍. മിക്കവാറും പേരിലും ഉണ്ടാകുന്നത് കാത്സ്യം അടങ്ങിയ കല്ലുകളാണ്.
ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്നതാണ് പ്രധാന കാരണമെന്നിരിക്കെ അതിന്റെ അളവ് ക്രമീകരിച്ച് നിര്‍ത്തണം. ചില ഭക്ഷണക്രമങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്. ശരീരത്തില്‍ കാത്സ്യത്തിന്റെ അളവ് ക്രമാതീതമായി കൂടാന്‍ അനുവദിക്കരുത്. അത്തരത്തിലുള്ള പദാര്‍ഥങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
നെഫ്രെറ്റിസ്
വൃക്കകള്‍ക്ക് സംഭവിക്കുന്ന മറ്റൊരു രോഗമാണ് നെഫ്രെറ്റിസ്. വൃക്കയിലെ നീര്‍വീക്കമാണ് ഇതിന് കാരണം. പ്രതിരോധസംവിധാനത്തെ തന്നെ ബാധിക്കുന്ന രോഗമായതിനാല്‍ ഏറെ ശ്രദ്ധയാവശ്യമാണ് ഈ രോഗത്തിന്. ഇതിന്റെ ഭാഗമായി വൃക്കയിലെ നെഫ്രോണുകള്‍ക്ക് നാശം സംഭവിക്കുന്നു. നെഫ്രോണുകളുടെ നാശം വൃക്കകളില്‍ നടക്കുന്ന രക്തം ശുദ്ധീകരിക്കല്‍ പ്രക്രിയയെ ബാധിക്കും.
രക്ത സമ്മര്‍ദ്ദം വര്‍ധിക്കുക, തലവേദന, ഛര്‍ദ്ദി എന്നിവയുണ്ടാകുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണം. മൂന്ന് വയസ്സിനും അഞ്ച് വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഈ രോഗം കൂടുതലായി വരിക. പൂര്‍ണ്ണമായി ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നതാണ് ഈ രോഗമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഡയബെറ്റിസ്
പ്രമേഹം വൃക്കകളുെട ആരോഗ്യത്തെ കാര്യമായി ബാധിക്കാറുണ്ട്. പ്രമേഹമുള്ളവരില്‍ വൃക്കകള്‍ക്ക് തകരാറുണ്ടാകുന്നതില്‍ കാലതാമസമെടുക്കുന്നു. പ്രമേഹം വന്ന് പത്ത് വര്‍ഷമോ അതിലധികമോ കഴിഞ്ഞാണ് വൃക്കകള്‍ക്ക് തകരാറ് സംഭവിക്കുക. പ്രമേഹ രോഗികളില്‍ വൃക്ക മാറ്റിവെയ്ക്കല്‍ അസാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാന്‍സര്‍
ശരീരത്തിന്റെ പലഭാഗത്തും കാന്‍സര്‍ വരാനുള്ള സാധ്യതകള്‍ ഏറെയാണ്. അതില്‍ വൃക്കകളെ ബാധിക്കുന്ന കാന്‍സറുകളുമുണ്ട്. റീനല്‍ സെല്‍ കാര്‍സിനോമ എന്നാണ് വൃക്കയെ ബാധിക്കുന്ന കാന്‍സറുകളെ പറയുന്ന പേര്.
വൃക്കകളില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുന്നതാണ് രോഗലക്ഷണം. തുടക്കത്തില്‍ തന്നെ രോഗം കണ്ടുപിടിക്കുകയാണെങ്കില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. വൈകുന്തോറും ചികിത്സ ഫലപ്രദമല്ലാത്ത സാഹചര്യമുണ്ടാകാന്‍ സാധ്യതയുണ്ട്.
എന്നാല്‍ ഈ കാന്‍സറിന്റെ മറ്റൊരു പ്രത്യേകത പുരുഷന്‍മാരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരാന്‍ സാധ്യതയുള്ളത്. കുഞ്ഞുങ്ങളിലും രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ കാന്‍സറിനെ വിംസ് കാന്‍സര്‍ എന്നാണ് പറയുന്നത്.
വൃക്കകളെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കൃത്യമായ ടെസ്റ്റുകള്‍ നടത്തുന്നതിലൂടെ സാധിക്കുന്നു. ക്രയാറ്റിനിന്‍ ടെസ്റ്റ് ഇതിനുദാഹരണമാണ്. പേശികളിലെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ക്രയാറ്റിനിന്‍ മൂത്രത്തിലൂടെ പുറംതള്ളുന്നു. മൂത്രത്തിലെ ക്രയാറ്റിനിന്‍ അളവ് നോക്കി രോഗനിര്‍ണ്ണയിക്കാന്‍ സാധിക്കുന്നതാണ്.
രക്തത്തിലേയും മൂത്രത്തിലേയും യൂറിയയുടെയും, നൈട്രജന്‍ തുടങ്ങിയവയുടെ അളവ് പരിശോധിച്ചാണ് സാധാരണയായി വൃക്കരോഗങ്ങള്‍ കണ്ടുപിടിക്കാനുള്ള പ്രാഥമിക ടെസ്റ്റുകള്‍ നടത്തുന്നത്.