സൗത്ത് കൊറിയയിൽ തദ്ദേശിയമായ പുതിയ കോവിഡ് കേസുകൾ പൂജ്യം ആണ്. എങ്ങനെയാണ് മറ്റൊരു രാജ്യത്തിനും സാധ്യമാവാത്ത തരത്തിൽ കൊറോണ വൈറസിനെ ദക്ഷിണ കൊറിയ പിടിച്ച് കെട്ടിയത് ? ഇന്‍ഫോ ക്ലിനിക് പ്രതിനിധികളായ ഡോ.നീതു ചന്ദ്രന്‍, ഡോ.ദീപു സദാശിവന്‍, ഡോ.ജിനേഷ്. പി.എസ് എന്നിവരെഴുതിയത്.
ലോകരാജ്യങ്ങൾ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് തിരഞ്ഞെടുപ്പുകൾ മാറ്റി വെച്ചപ്പോൾ, സൗത്ത് കൊറിയയിൽ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടന്നു. 14,000 ത്തോളം പോളിങ്ങ് സ്റ്റേഷനുകൾ തുറന്നു പ്രവർത്തിച്ചു. വോട്ട് ചെയ്യാനെത്തുന്നവരുടെ താപനില പരിശോധിച്ച് കൂടുതലെന്ന് കണ്ടാൽ വോട്ടിങ്ങിന് പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. വോട്ട് ചെയ്യാനെത്തുന്നവർക്ക് കൈകളുടെ ശുചിത്വം ഉറപ്പ് വരുത്താനും, സാമൂഹിക അകലം പാലിക്കാനുമുള്ള കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു.
ലോകത്തിലെ പ്രധാന ശക്തികൾകൊറോണ എന്ന ഇത്തിരിക്കുഞ്ഞൻ വൈറസിന് മുൻപിൽ മുട്ടുമടക്കിക്കൊണ്ടിരിക്കുകയാണ്. സമ്പത്തും ആണവായുധങ്ങളും ഉള്ള ആഗോള ശക്തികൾ തങ്ങളുടെ രാജ്യത്തിലെ മരണനിരക്ക് കുറയ്ക്കാൻ രാപ്പകൽ അധ്വാനിച്ചു കൊണ്ടിരിക്കുന്നു.
എന്നാൽ ഇന്ന് സൗത്ത് കൊറിയ എന്ന 5 കോടി ജനങ്ങൾ ഉള്ള, താരതമ്യേന ഉയർന്ന ജനസാന്ദ്രതയുള്ള രാജ്യം ലോകത്തിൽ ഒരു നേർത്ത പ്രതീക്ഷയായി നിൽക്കുകയാണ്. അത് തന്നെ പ്രധാന നഗരങ്ങൾ ഒന്നും തന്നെ കംപ്ലീറ്റ് ലോക്ക് ഡൗൺ ചെയ്യാതെയാണ് ശക്തമായ പ്രതിരോധം സാധിച്ചിരിക്കുന്നത്.
🛡️ നാൾവഴികൾ:
ഫെബ്രുവരി അവസാന വാരം തെക്കൻ കൊറിയയിൽ ആയിരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഇറ്റലിയിൽ 350 കേസുകൾ ആയിട്ടില്ല, അമേരിക്കയിൽ 60 കേസുകൾ ആയിട്ടില്ല, ഫ്രാൻസിൽ പതിനഞ്ചും സ്പെയിനിൽ പത്തും കേസുകൾ മാത്രം.
മാർച്ച് ഒന്നിന് കൊറിയ 4,000 കേസിലെത്തുമ്പോൾ ഇറ്റലിയിൽ 1,700 കേസുകളും, അമേരിക്കയിൽ 75 കേസുകളും, സ്പെയിനിൽ 85 കേസുകളും, ഫ്രാൻസിൽ 130 കേസുകളും മാത്രം.
മാർച്ച് ആദ്യവാരം അവസാനം കൊറിയയിലെ കേസുകളുടെ എണ്ണം 6,500 എത്തുമ്പോൾ ഇറ്റലിയിൽ 4,000 ഉം അമേരിക്കയിൽ 250 ഓളവും സ്പെയിനിൽ മുന്നൂറോളവും ഫ്രാൻസിൽ 500 ഓളവും കേസുകൾ മാത്രം.
🛡️ ഇന്ന് ?
കൊറിയയിൽ ഇതുവരെ ആകെ പതിനൊന്നായിരത്തിൽ താഴെ കേസുകളിൽ നിന്നും 247 മരണങ്ങൾ. ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ മരണസംഖ്യ പോലും കൊറിയയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിന്റെ പലമടങ്ങായി.
🛡️ എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത് ?
രോഗം ഉള്ളവരെ കണ്ടെത്താനും സമൂഹ വ്യാപനം കുറയ്ക്കുവാനുമായി പരമാവധി പരിശോധനകൾ ചെയ്യുക എന്നതാണ് സൗത്ത് കൊറിയൻ രീതി. 2015 വന്ന MERS ഫ്ലുവിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് സൗത്ത് കൊറിയ മുന്നോട്ടുപോകുന്നത്.
🛡️ പരിശോധനകൾ:
പരിശോധനകൾക്ക് ടെസ്റ്റ് കിറ്റ് നിർമിക്കാനായി നാലു കമ്പനികൾക്ക് അനുമതി നൽകി. ഒരു ലക്ഷത്തി നാൽപതിനായിരം സാമ്പിളുകൾ വരെ ഒരാഴ്ച പരിശോധിച്ചിരുന്നു. അതായത് ദിവസം ഇരുപതിനായിരം എണ്ണം. ഒരു മില്യൻ ജനങ്ങളിൽ ശരാശരി 5,200 പേരെ ഇതുപോലെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൻറെ ഫലമായി പരമാവധി കേസുകൾ കണ്ടെത്താനും രോഗികൾക്ക് ചികിത്സ നൽകാനും രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അവരെ നിരീക്ഷിക്കാനും അതുവഴി രോഗവ്യാപനം തടയാനും സാധിക്കുന്നു.
റാപ്പിഡ് ടെസ്റ്റുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ സ്വയം വികസിപ്പിച്ചെടുക്കാൻ കൊറിയക്ക് സാധിച്ചു. ആന്റിബോഡി ടെസ്റ്റിങ്ങിന് ഇത് ഉപയോഗിച്ചു. എന്നാൽ ജനങ്ങളിൽ കൂടുതൽ ടെസ്റ്റ് ചെയ്യാൻ RT-PCR ടെസ്റ്റിംഗ് ആണ് ഉപയിഗിച്ചത്. മൂക്കിന്റെ ഉള്ളിൽ നിന്നുള്ള സ്രവങ്ങളും തൊണ്ടയിൽ നിന്നുള്ള സ്രവങ്ങളും പരിശോധനക്ക് പ്രാഥമികമായി ഉപയോഗിച്ചു. തീവ്രമായ രോഗലക്ഷണങ്ങൾ ഉള്ളവരിൽ ശ്വാസകോശത്തിൽ നിന്ന് ഉള്ള സ്രവങ്ങളും ടെസ്റ്റ് ചെയ്യാൻ ഉപയോഗിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവരിൽ ഒരാഴ്ചക്കുള്ളിൽ നിർബന്ധമായും പരിശോധിക്കുന്നത് ആയിരുന്നു കൊറിയൻ രീതി.
വാഹനങ്ങളിൽ പോകുന്നവർക്ക് റോഡരികുകളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെൻറ്ററുകളിൽ നിന്ന് പരിശോധന നടത്താൻ സൗകര്യമൊരുക്കി. വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുക പോലും വേണ്ട. പാർക്കിംഗ് ഏരിയകളിൽ പോലും സാമ്പിൾ ശേഖരിക്കാൻ ആവശ്യമായ കിയോസ്കുകൾ സ്ഥാപിച്ചിരുന്നു.
മറ്റു രാജ്യങ്ങൾ വ്യാപകമായ പരിശോധനകൾ നടത്താൻ ആലോചിക്കുന്നതിനു മുൻപു തന്നെ അത് പ്രായോഗികമാക്കിയ രാജ്യമാണ് തെക്കൻ കൊറിയ. എല്ലാ രാജ്യങ്ങളും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്ക് വേണ്ടി കാത്തിരുന്നപ്പോൾ പരമാവധി പരിശോധനകൾ എന്ന സ്ട്രാറ്റജി നടപ്പിലാക്കിയ രാജ്യമാണ് തെക്കൻ കൊറിയ
🛡️ ചികിത്സയും ക്വാറന്റൈനും:
ഇങ്ങനെ നടത്തുന്ന പരിശോധനകളുടെ റിസൾട്ട് അരമണിക്കൂറിനുള്ളിൽ വിളിച്ചറിയിക്കുന്നു. രോഗം സ്ഥിരീകരിച്ചാൽ റൂട്ട് മാപ്പുകൾ പുറത്തുവിടുകയും സാമൂഹ്യ മാധ്യമങ്ങൾ വഴി വരെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുകയും ചെയ്യുന്നു. ചെറിയ ലക്ഷണങ്ങളുള്ളവരെ അവരുടെ വീടുകളിൽ തുടരാൻ നിർദ്ദേശിക്കുകയും അപകട സാധ്യത കൂടുതലുള്ളവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്നു. രണ്ടു തവണ ഫലം നെഗറ്റീവ് ആയാൽ മാത്രം ഡിസ്ചാർജ് ചെയ്യുന്നു.
രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ രണ്ടാഴ്ച ക്വറന്റൈൻ ചെയ്യുന്നു. ക്വാറന്റൈനിൽ ഉള്ളവരെ ആരോഗ്യപ്രവർത്തകർ ദിവസവും രണ്ടു തവണ വിളിച്ചു വിവരങ്ങൾ അന്വേഷിക്കുന്നു. ക്വറന്റൈൻ അനുസരിക്കാത്തവർക്ക് കനത്ത തുക പിഴ ഈടാക്കുന്നു.
🛡️ ലോക്ക് ഡൗൺ ഇല്ലാ നയം?
രോഗം കണ്ടെത്തുക, പരിശോധിക്കുക, ചികിത്സിക്കുക എന്നതാണ് കൊറോണയിലെ കൊറിയൻ നയം. അതിനാൽ തന്നെ കംപ്ലീറ്റ് ലോക്ക് ഡൗൺ ഇല്ല.
പരമാവധി ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കാനും ബോധവൽക്കരിക്കാനും ഉള്ള ശ്രമങ്ങൾ തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. സ്‌കൂളുകൾ അടച്ചിരുന്നു. ഓഫീസുകളിൽ ഉള്ളവരോടും പൊതുജനങ്ങളോടും വീട്ടിൽ ഇരിക്കാനും വീട്ടിലിരുന്ന് ജോലി ചെയ്യാനും വേണ്ട നിർദ്ദേശങ്ങളും നൽകിയിരുന്നു. ആൾക്കൂട്ടങ്ങൾ എവിടെയും അനുവദിച്ചിരുന്നില്ല. വലിയ സ്ഥാപനങ്ങളുടെയും ഷോപ്പിംഗ് മാളുകളുടെയും കവാടങ്ങളിൽ തെർമൽ സ്കാൻ ചെയ്യുന്ന ക്യാമറകൾ ഉണ്ട്. പൊതു ഇടങ്ങളിൽ എല്ലാം സാനിറ്റയിസറുകളും കൈ കഴുകുന്നതിനു ഉള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.
🛡️ മാസ്ക് ഉപയോഗം:
പൊതുവേ പൊതുവിടങ്ങളിൽ മാസ്ക് ഉപയോഗിക്കുന്ന ഒരു ശീലം കൊറിയൻ ജനതയ്ക്ക് ഉണ്ട്. MERS ഉണ്ടായപ്പോൾ മുതൽ ഇത് കൂടുതൽ ശക്തി പെട്ടിരുന്നു. കോവിഡ് സ്ഥിരീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ മാസ്ക് വാങ്ങാൻ വേണ്ടി നീണ്ട ക്യൂ അങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഗവൺമെൻറ് തന്നെ മൊബൈൽ ആപ്പ് വഴി മാസ്ക് ലഭിക്കുന്ന കടകളും ലഭ്യതയും ജനങ്ങളെ അറിയിച്ചു. അത് കൂടുതൽ സഹായകരമായി. ആഴ്ചയിൽ മാസ്‌ക് റേഷൻ ആയി നൽകുന്ന തരത്തിൽ ജനങ്ങൾക്ക് വിതരണവും നടത്തി.
🛡️ അവലോകനം:
ഇത്തരത്തിൽ നേരത്തെയുള്ള ഇടപെടൽ മരണ നിരക്ക് 2.2% മാത്രമായി കുറക്കാൻ സഹായിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും മരണനിരക്ക് വളരെ കൂടുതലാണ് എന്നറിയാമല്ലോ.
ഇറ്റലിയിൽ നിന്ന് വിഭിന്നമായി പോപ്പുലേഷനിലെ വയോധികരുടെ ശതമാനം കുറവാണ് എന്നതും രോഗം ബാധിച്ചതിൽ ബഹുഭൂരിപക്ഷവും വയോധികരിൽ പെട്ടില്ല എന്നതും കൊറിയയിൽ മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.
🛡️ ആരോഗ്യ മേഖലയിലെ കൊറിയൻ മോഡൽ:
ലോകത്തിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാണ് സൗത്ത് കൊറിയ. ഏഷ്യയിലെ നാലാമത്തെ സമ്പന്ന രാജ്യമായ കൊറിയ ജി ഡി പി യിൽ ലോകത്തിലെ പന്ത്രണ്ടാമത്തെ രാജ്യമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ തലമുറ കൊണ്ടാണ് ഈ സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിച്ചത്.ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വ്യവസായവും കയറ്റുമതിയാണ് സൗത്ത് കൊറിയയുടെ പ്രധാന വരുമാനമാർഗം. കൊറിയൻ പൗരന്മാർ ലോകത്ത് അങ്ങോളമിങ്ങോളമുള്ള രാജ്യങ്ങളിൽ ജോലിചെയ്യുന്നത് വഴി വലിയ അളവിൽ വിദേശനാണ്യവും കൊറിയയിൽ എത്തുന്നു.
കൊറിയയുടെ ആരോഗ്യ സൗകര്യങ്ങൾ ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെട്ടതല്ല എന്നുകൂടി നമ്മൾ മനസ്സിലാക്കിയിരിക്കണം. ആരോഗ്യ സൗകര്യങ്ങളുടെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് കൊറിയയുടെ സ്ഥാനം. ആയിരം പേർക്ക് പന്ത്രണ്ടിൽ കൂടുതൽ ആശുപത്രി ബെഡ്ഡുകൾ ഉള്ള രാജ്യമാണത്. ഒരുലക്ഷം പേർക്ക് ലഭ്യമായ ICU ബെഡ്ഡുകളുടെ എണ്ണം പത്തിൽ കൂടുതൽ. കാൻസർ പരിചരണത്തിലും വാക്സിനേഷനിലും എന്ന് വേണ്ട, ഒട്ടുമിക്ക ആരോഗ്യ സൂചികകളിലും മുൻപിലാണ് തെക്കൻ കൊറിയ.
മറ്റു രാജ്യങ്ങൾ വ്യാപകമായ പരിശോധനകൾ നടത്താൻ ആലോചിക്കുന്നതിനു മുൻപു തന്നെ അത് പ്രായോഗികമാക്കിയ രാജ്യമാണ് തെക്കൻ കൊറിയ. എല്ലാ രാജ്യങ്ങളും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്ക് വേണ്ടി കാത്തിരുന്നപ്പോൾ പരമാവധി പരിശോധനകൾ എന്ന സ്ട്രാറ്റജി നടപ്പിലാക്കിയ രാജ്യമാണ് തെക്കൻ കൊറിയ. കൊറിയയേക്കാൾ മരണ നിരക്ക് കുറഞ്ഞ രാജ്യങ്ങൾ ഉണ്ട്, കൊറിയയേക്കാൾ കൂടുതൽ പരിശോധനകൾ നടത്തിയ രാജ്യങ്ങളും ഇപ്പോളുണ്ട്. പക്ഷേ, ഫെബ്രുവരി മാസത്തിൽ ഈ മാറ്റങ്ങളൊക്കെ കൊണ്ടുവന്നത് കൊറിയ ആയിരുന്നു.
കൊറിയയിൽ ഇനി രണ്ടാമതൊരു തരംഗം ഉണ്ടാകുമോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. എങ്കിലും ഇതുവരെ വിലയിരുത്തിയാൽ കോവിഡ് 19 പ്രതിരോധ ചരിത്രത്തിൽ തിളങ്ങുന്ന ഒരേടാണ് തെക്കൻ കൊറിയ.
എഴുതിയത്: Dr. Neethu Chandran Dr. Deepu Sadasivan & Dr. Jinesh PS / Infoclinic