'ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും ക്വാറന്റൈൻ ഉത്തരവാദിത്തമായി കാണണം'

'ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും ക്വാറന്റൈൻ  ഉത്തരവാദിത്തമായി കാണണം'
Published on
എനിക്ക് വൈറസ് ബാധ ഉണ്ടെങ്കിൽ അത് മറ്റൊരാൾക്ക് പകർന്നുനൽകരുത് എന്നതാണ് ഞാൻ ശ്രദ്ധിക്കേണ്ടത്. അതായത് ഞാൻ നിർബന്ധമായും ക്വാറന്റൈൻ സ്വീകരിക്കണം.

ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും, 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

സമ്പർക്കത്തിലൂടെ പകർന്നത് 13 പേർക്ക്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

കേരളത്തിലേക്ക് എത്തിയവരിൽ ഇന്ന് 49 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അത് പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. ഈ നമ്പർ ഇനിയും വർധിക്കുമെന്ന് തന്നെ നമ്മൾ പ്രതീക്ഷിക്കണം. കാരണം ഇതുവരെ സംസ്ഥാനത്തേക്ക് എത്തിച്ചേർന്നത് 88,640 പേരാണ്. ഇനിയും പതിനായിരക്കണക്കിന് പേർ വരാനുമുണ്ട്. അതുകൊണ്ടുതന്നെ ഇനിയും രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ വർധിക്കുമെന്ന് തന്നെ കരുതണം.

ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് കരുതി തന്നെയാണ് നിർബന്ധമായും ക്വാറന്റൈൻ സ്വീകരിക്കണമെന്ന നിർദേശമുണ്ടായത്. അതുകൊണ്ട് കേരളത്തിലേക്ക് വരുന്നവരിൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ പരിഭ്രമിക്കേണ്ട കാര്യമില്ല.

പക്ഷെ, ശ്രദ്ധിക്കാനുള്ളത് നമ്മൾ ശ്രദ്ധിക്കുക തന്നെ വേണം.

വന്നവർ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്വാറന്റൈൻ തന്നെയാണ്. ഏതെങ്കിലും സാഹചര്യവശാൽ എനിക്ക് വൈറസ് ബാധ ഉണ്ടെങ്കിൽ അത് മറ്റൊരാൾക്ക് പകർന്നുനൽകരുത് എന്നതാണ് ഞാൻ ശ്രദ്ധിക്കേണ്ടത്. അതായത് ഞാൻ നിർബന്ധമായും ക്വാറന്റൈൻ സ്വീകരിക്കണം.

ക്വാറന്റൈൻ ലംഘനം നടത്തുന്ന നിരവധി പേരുണ്ട് എന്ന വാർത്ത കണ്ടിരുന്നു. അത് വളരെ നിരാശാജനകമാണ്. ഇവിടെ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും. ക്വാറന്റൈൻ സ്വീകരിക്കുക എന്നത് ഉത്തരവാദിത്തമായി തന്നെ ഓരോരുത്തരും കാണണം.

പക്ഷേ ഇന്ന് സമ്പർക്കം മൂലം 13 പേർക്ക് രോഗം സ്ഥിരീകരിച്ചു എന്നത് കുറച്ചുകൂടി ഗൗരവകരമായ സാഹചര്യമാണ്, അതിൽ തന്നെ 7 ആരോഗ്യ പ്രവർത്തകർക്ക്. അതൊരു നല്ല ലക്ഷണമല്ല.

അതുകൊണ്ടുതന്നെ സമ്പർക്കത്തിലൂടെ രോഗം പകരാതിരിക്കാൻ അതീവ ജാഗ്രത വേണം.

ജാഗ്രതക്കുറവ് പാടില്ല. നമ്മൾ അടുത്ത് ഇടപെടുന്ന ഒരാളുടെ ശരീരത്തിൽ വൈറസ് ഉണ്ടെങ്കിൽ പോലും നമ്മുടെ ശരീരത്തിൽ കയറാൻ പാടില്ല എന്ന രീതിയിൽ മുൻകരുതൽ സ്വീകരിക്കണം.

ജനങ്ങൾ ഒരോരുത്തരും ശ്രദ്ധിക്കണം. ശരീരികഅകലമാണ് പ്രധാനം, ഒന്നര മീറ്ററിൽ കൂടുതൽ അകലം. കൈകൾ കഴുകുകയും പ്രധാനം. കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുകയും പ്രധാനം. മാസ്ക് ധരിക്കാം. പക്ഷേ, കഴുത്തിൽ ധരിച്ചിട്ട് കാര്യമില്ല. മാസ്ക് ധരിച്ചു എന്നതുകൊണ്ട് ശാരീരിക അകലവും കൈകൾ കഴുകുന്നതും മറക്കാൻ പാടില്ല. കാരണം മറ്റു രണ്ടുമാണ് കൂടുതൽ പ്രധാനം. മാസ്ക് ധരിച്ചു എന്നതുകൊണ്ട് സുരക്ഷിതത്വം ലഭിച്ചു എന്ന മിഥ്യാധാരണ ഉണ്ടാവരുത്. ഏറ്റവും പ്രധാനം ശാരീരിക അകലം തന്നെയാണ് എന്ന് വീണ്ടും വീണ്ടും മനസ്സിലാക്കണം. കോവിഡിനെ പ്രതിരോധിക്കാനായി എന്തെങ്കിലും കഴിച്ചു, അതുകൊണ്ട് രോഗം പകരില്ല എന്ന മിഥ്യാധാരണയും പാടില്ല. കാരണം അങ്ങനെയൊരു പ്രതിരോധം ഇല്ല. അവിടെയും പ്രധാനം ശാരീരിക അകലം അടക്കമുള്ള കാര്യങ്ങൾ തന്നെയാണ്.

ജനുവരിയിൽ കേസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മിക്കതിലും ആയിരക്കണക്കിന് കേസുകൾ കഴിഞ്ഞിരിക്കുന്നു, ചില സ്ഥലങ്ങളിൽ പതിനായിരങ്ങൾ കടന്നിരിക്കുന്നു. പക്ഷേ നമ്മൾ അന്ന് 500 ൽ ഒതുക്കി. ഇപ്പോൾ അടുത്ത ഘട്ടമായി. കൂടുതൽ ആൾക്കാർ എത്തുന്നത് അനുസരിച്ച് സ്വാഭാവികമായും കേസുകൾ കൂടും. മുൻപ് പിടിച്ചുനിന്ന നമ്മൾ ഇനിയും പിടിച്ചു നിൽക്കണം. ജാഗ്രതക്കുറവ് പാടില്ല. നമ്മൾ അടുത്ത് ഇടപെടുന്ന ഒരാളുടെ ശരീരത്തിൽ വൈറസ് ഉണ്ടെങ്കിൽ പോലും നമ്മുടെ ശരീരത്തിൽ കയറാൻ പാടില്ല എന്ന രീതിയിൽ മുൻകരുതൽ സ്വീകരിക്കണം.

മറ്റൊരു കാര്യം കൂടി,

കേരളത്തിലേക്ക് വരുന്നവരോട് പരിഭവവും വിരോധവും വേണ്ട. കേരളത്തിൽ എത്തുക എന്നത് അവരുടെയും അവകാശമാണ്. അവരും നമ്മൾ തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in